ചെറുകോൽപ്പുഴ റോഡ് പുനരുദ്ധാരണത്തിന് 50 ലക്ഷം
1477900
Sunday, November 10, 2024 4:33 AM IST
റാന്നി: ചെറുകോൽപ്പുഴ - റാന്നി റോഡ് പുനരുദ്ധാരണത്തിനായി 50 ലക്ഷം രൂപ അനുവദിച്ചതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. കിഫ്ബി ഏറ്റെടുത്ത റോഡ് ഉന്നത നിലവാരത്തിൽ പുനരുദ്ധരിക്കാൻ 53.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ശബരിമല അനുബന്ധ പാതയായ റോഡിന്റെ ശോചനീയാവസ്ഥ മണ്ഡല മകരവിളക്ക് കാലത്ത് പരിഹരിക്കുന്നതിനു വേണ്ടിയാണ് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി 50 ലക്ഷം രൂപ ഇപ്പോൾ അനുവദിച്ചത്.
വീതി വർധിപ്പിക്കുമ്പോൾ ഇരുവശത്തുമുള്ള വൈദ്യുത പോസ്റ്റുകളും പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കേണ്ടതായുണ്ട്. പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിനായുള്ള എസ്റ്റിമേറ്റ് ജല അഥോറിറ്റി തയാറാക്കി നൽകിയിട്ടുണ്ട്.
വൈദ്യുത പോസ്റ്റുകൾ മാറ്റുന്ന എസ്റ്റിമേറ്റ് കെഎസ്ഇബി കൂടി സമർപ്പിക്കുന്നതോടെ ഇവയ്ക്ക് അനുമതി ലഭിക്കുന്ന മുറയ്ക്ക് ഫണ്ട് അനുവദിച്ച് നിർമാണം ടെൻഡർ ചെയ്യാനാകുമെന്ന് എംഎൽഎ പറഞ്ഞു.