ദിനവിജ്ഞാന കോശം രണ്ടാം പതിപ്പ് പുറത്തിറക്കി
1477882
Sunday, November 10, 2024 4:14 AM IST
പത്തനംതിട്ട: ചരിത്ര, സാംസ്കാരിക മുദ്രകൾ മാനവകുലത്തിന്റെ നിലനില്പിനുള്ള ആധാരശിലകളാണെന്നും ചരിത്രപഠനം സംസ്കാരസമ്പന്നമായ ഒരു ജനതയെ സൃഷ്ടിക്കുന്നുവെന്നും മുൻ ചീഫ് സെക്രട്ടറിയും കവിയുമായ ഡോ. വി.പി. ജോയ്. റിട്ട. അധ്യാപകനും പാവനാടക കലാകാരനുമായ എം.എം. ജോസഫ് മേക്കൊഴൂരിന്റെ ദിനവിജ്ഞാനകോശം രണ്ടാം പതിപ്പ് പ്രകാശനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കടമ്മനിട്ട ആർ. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. പത്തനംതിട്ട ഭദ്രാസനം വികാരി ജനറാൾ മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
സംഗീതജ്ഞൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. ഗ്രന്ഥകാരനും രാജ്യാന്തര പരിശീലകനുമായ ബിനു കെ. സാം പുസ്തക പരിചയം നടത്തി. എഴുത്തുകാരൻ ജോർജ് തഴക്കര, പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ, വിനോദ് ഇളകൊള്ളൂർ, ജി. രഘുനാഥ്, മാത്യു ഏബ്രഹാം, ആർ. ശ്രീലത, എസ്. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.