ഇഴഞ്ഞ് ഇഴഞ്ഞ്...നിലയ്ക്കൽ ജലവിതരണ പദ്ധതിയുടെ കമ്മീഷനിംഗ് വൈകും
1477880
Sunday, November 10, 2024 4:14 AM IST
പത്തനംതിട്ട: ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലിലേക്കുള്ള കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതി ഇക്കൊല്ലവും കമ്മീഷൻ ചെയ്യാനാകുമെന്ന് ഉറപ്പില്ല. പദ്ധതി പൂർത്തിയാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണികൾ ഏറെ തീരാനുണ്ട്. നിലവിൽ 65 ശതമാനം ജോലികളാണ് പൂർത്തിയായിട്ടുള്ളത്.
നിലയ്ക്കലിൽ വലിയ മൂന്ന് കോൺക്രീറ്റ് ജലസംഭരണികളിൽ ഒന്നു മാത്രമാണ് പൂർത്തീകരണ ഘട്ടത്തിലുള്ളത്. ഇതിനു മുകളിലെ സ്ലാബിന്റെ പണി പുരോഗമിക്കുന്നു. മറ്റ് രണ്ടുസംഭരണികളുടെ കോൺക്രീറ്റിംഗിനുള്ള കമ്പികൾ കെട്ടുന്ന ജോലികളാണ് ഇപ്പോഴും നടന്നുവരുന്നത്.
ആങ്ങമൂഴി തത്തയ്ക്കാമണ്ണിൽ രണ്ടും പ്ലാപ്പള്ളിയിൽ ഒന്നും പമ്പ് ഹൗസുകളുടെ നിർമാണം പൂർത്തിയായെങ്കിലും മോട്ടോറുകൾ സ്ഥാപിക്കാൻ വൈദ്യുതി കണക്ഷന് അനുമതി ലഭിക്കാനുണ്ട്. 175 കുതിരശക്തിയുള്ള മോട്ടോറുകളാണ് സ്ഥാപിക്കുന്നത്. സീതത്തോട്ടിൽ കക്കാട്ടാറിൽനിന്ന് വെള്ളം ശേഖരിച്ച് പ്ലാന്റിൽ ശുദ്ധീകരിച്ച് തത്തക്കാമണ്ണിലെയും പ്ലാപ്പള്ളിയിലെയും പമ്പ് ഹൗസുകളിലെ ടാങ്കിൽ എത്തിക്കും. അവിടെനിന്ന് നിലയ്ക്കലിലെ ടാങ്കുകളിലേക്ക് വെള്ളം എത്തിച്ചാണ് വിതരണം.
നിർമാണം തുടങ്ങിയത് 2016ൽ
130 കോടി രൂപ ചെലവിൽ 2016ൽ നിർമാണം ആരംഭിച്ചതാണ് നിലയ്ക്കൽ ശുദ്ധജല വിതരണ പദ്ധതി. നിർമാണ കാലാവധി മൂന്നുവർഷമായിരുന്നു. എട്ടുവർഷം പിന്നിടുന്പോഴും അനിശ്ചിതത്വം ബാക്കി.
20 ലക്ഷം വീതം സംഭരണശേഷിയുള്ള മൂന്ന് സംഭരണികളാണ് നിലയ്ക്കലിൽ പൂർത്തീകരിക്കേണ്ടത്. ഇവയുടെ നിർമാണമാണ് ഇഴയുന്നത്.
പദ്ധതിയുടെ തുടക്കം മുതൽ നൂലാമാലകളേറെയായിരുന്നു. പൈപ്പ് ഇടുന്ന ജോലികൾ വർഷങ്ങളെടുത്താണ് പൂർത്തീകരിച്ചത്. ആദ്യം കരാർ ഏറ്റെടുത്തയാൾ പണി പൂർത്തിയാക്കുന്നതിൽ കാലതാമസം വരുത്തി.
ഇതോടെ പദ്ധതി തടസപ്പെട്ടു. പലതവണ ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, കരാറുകാരനെ നീക്കം ചെയ്ത് പുതിയ ടെൻഡർ വിളിച്ചു. കോയമ്പത്തൂർ ആസ്ഥാനമായ ആർപിപി കമ്പനിയാണ് നിലവിൽ നിർമാണം ഏറ്റെടുത്തിരിക്കുന്നത്.
പൈപ്പ് ലൈൻ 26 കിലോമീറ്ററിൽ
സീതത്തോട്ടിലെ കക്കാട്ടാറിൽനിന്ന് 26 കിലോമീറ്റർ പൈപ്പ് ലൈൻ വഴി നിലയ്ക്കലിൽ വെള്ളം എത്തിക്കുന്നതാണ് പദ്ധതി. പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. വനമേഖലയിലൂടെയാണ് ഇതു കടന്നുവരുന്നത്.
ജനവാസ മേഖിൽ കുടിവെള്ളം വിതരണം ചെയ്യാനുള്ള പദ്ധതിയും ഇതിന്റെ ഭാഗമായുണ്ട്. സീതത്തോട്, പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ മേഖലകളിലേക്ക് പദ്ധതിയുടെ അനുബന്ധ ലൈനുകൾ ലഭിക്കും. 4500 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാകുമെന്നാണ് കരുതുന്നത്.
നിലയ്ക്കൽ കുടിവെള്ള പദ്ധതിക്ക് തുടക്കം മുതൽ തുരങ്കം വയ്ക്കുന്നത് കുടിവെള്ള ലോബിയാണെന്ന് ആക്ഷേപമുണ്ട്. ശബരിമല തീർഥാടനകാലത്ത് പമ്പയിൽനിന്ന് ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നതാണ് നിലവിലെ രീതി.
ഇതിന് കോടികളുടെ കരാറാണ് നൽകുന്നത്. നിലയ്ക്കൽ കുടിവെള്ളപദ്ധതി കമ്മീഷൻ ചെയ്തു കഴിഞ്ഞാൽ കരാർ വേണ്ടിവരില്ല.