കുറ്റപ്പുഴ തോടിന്റെ തീരം ഇടിയുന്നു, എൺപതോളം കുടുംബങ്ങൾ ഭീതിയിൽ
1477894
Sunday, November 10, 2024 4:27 AM IST
തിരുവല്ല : കുറ്റപ്പുഴയിൽ തോടിന്റെ തീരം ഇടിഞ്ഞു താഴ്ന്നതിനേത്തുടർന്ന് എൺപതോളം കുടുംബങ്ങൾ അപകട ഭീഷണിയിൽ. തിരുവല്ല നഗരസഭയിലെ എട്ടാം വാർഡിൽ ഉൾപ്പെടുന്ന കുറ്റപ്പുഴ ആറ്റുമാലി ഭാഗത്തെ എൺപതോളം കുടുംബങ്ങളാണ് കുറ്റപ്പുഴ തോടിന്റെ തീരം ഇടിഞ്ഞതിനേത്തുടർന്ന് അപകടഭീഷണിയിലായിരിക്കുന്നത്.
ഭൂനിരപ്പിൽനിന്ന് ഏതാണ്ട് 30 അടിയോളം താഴ്ചയുള്ള തോടിന്റെ ഇരു കരകളിലുമായി താമസിക്കുന്ന കുടുംബങ്ങളാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരന്തരമായി തീരം ഇടിയുന്നതിനേത്തുടർന്ന് ഭയാശങ്കയോടെ കഴിഞ്ഞുകൂടുന്നത്.
കവിയൂർ, പുഞ്ച അടക്കമുള്ള പാടശേഖരങ്ങളിലേക്ക് മണിമലയാറ്റിൽനിന്ന് കൃഷിക്ക് ആവശ്യമായ ജലം എത്തിക്കുന്നതിനായി ഉപയോഗിക്കുന്ന തോടാണ് ഇത്. തീരം ഇടിഞ്ഞു തുടങ്ങിയതോടെ തോടിന്റെ ഇരു കരകളിലൂടെയും ആറടിയോളം വീതിയിൽ വർഷങ്ങൾക്കു മുമ്പ് നിർമിച്ച കോൺക്രീറ്റ് റോഡിന്റെ പല ഭാഗങ്ങളും തോട്ടിലേക്ക് ഇടിഞ്ഞുവീണ നിലയിലാണ്.
വെള്ളിയാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയേത്തുടർന്ന് ഇരുകരകളിലുമായി മൂന്നു ഭാഗങ്ങളിൽ കോൺക്രീറ്റ് റോഡ് ഉൾപ്പെടെ തീരം ഇടിഞ്ഞുവീണു. ഇതോടെ വാഹനയാത്ര സാധ്യമാകാതെ വന്നിരിക്കുകയാണ്. ഇനിയും മണ്ണിടിച്ചിൽ തുടർന്നാൽ റോഡിന്റെ ഇരു കരകളിലുമായുള്ള എട്ട് വീടുകൾ തോട്ടിലേക്ക് വീഴുന്ന സ്ഥിതിയാണുള്ളത്.
തോടിന്റെ 100 മീറ്ററോളം ഭാഗത്ത് ഏതാണ്ട് അഞ്ചു വർഷം മുമ്പ് കരിങ്കല്ലുകൊണ്ട് സംരക്ഷണഭിത്തി നിർമിച്ചിരുന്നു. സംരക്ഷണഭിത്തി ഇല്ലാത്ത ഭാഗമാണ് ഇപ്പോൾ ഇടിഞ്ഞു വീഴുന്നത്. ആറടിയോളം വീതിയിൽ നിർമിച്ച ഇരുകരകളിലെയും റോഡിന്റെ പല ഭാഗങ്ങളും തീരം ഇടിയുന്നതിനേത്തുടർന്ന് കാൽനടപോലും സാധ്യമല്ലാതെ കിടക്കുകയാണ്.
റോഡിന്റെ പല ഭാഗങ്ങളിലും കോൺക്രീറ്റ് ഇടിഞ്ഞ നിലയിലാണ്. തീരത്തോടു ചേർന്ന് സ്ഥാപിച്ചിരിക്കുന്ന വൈദ്യുത പോസ്റ്റുകൾ പലതും ഏതുനിമിഷവും തോട്ടിലേക്ക് നിലം പതിക്കാവുന്ന അവസ്ഥയിലുമാണ്. 2018ലെ മഹാപ്രളയം മുതലാണ് തീരം ഇടിച്ചിൽ പതിവായതെന്ന് നാട്ടുകാർ പറയുന്നു. തോടിനു സംരക്ഷണഭിത്തി നിർമിച്ച് തങ്ങളുടെ വീട് ഉൾപ്പെടെയുള്ളവ സംരക്ഷിക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം മൈനർ ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലാണ് തോട് ഉള്ളതെന്നും സംരക്ഷണഭിത്തി നിർമിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും നഗരസഭാ ചെയർപേഴ്സൺ അനു ജോർജ് പറഞ്ഞു.