അപ്പർകുട്ടനാട്ടിലെ കർഷകർക്ക് പുതിയ നെൽവിത്ത് എത്തിക്കും
1467581
Saturday, November 9, 2024 4:23 AM IST
തിരുവല്ല: മുളയ്ക്കാത്ത വിത്ത് ലഭിച്ചതിനെത്തുടർന്ന് വിത മുടങ്ങിയ അപ്പർകുട്ടനാട്ടിലെ കർഷകർക്ക് പുതിയ നെൽവിത്ത് എത്തിക്കും. മണ്ണുത്തി കാർഷിക സർവകലാശാലയിൽനിന്നാണ് 50 ടൺ നെൽവിത്ത് എത്തിക്കുന്നത്. കർഷകർക്ക് ഇഷ്ടപ്പെട്ട ജ്യോതിവിത്തുതന്നെ ലഭിക്കും. ഇതിനായി സർവകലാശാല അധികൃതരുമായി ധാരണയിലെത്തി. മൂന്നു ദിവസത്തിനുള്ളിൽ വിത്ത് എത്തിക്കാനാണ് നീക്കം.
വിത്ത് കിളിർക്കുമോയെന്ന് പരിശോധിച്ച് അടുത്തയാഴ്ച അവസാനത്തോടെ പാടത്ത് വിതയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. പെരിങ്ങര പഞ്ചായത്തിലെ പത്ത് ഏക്കറോളം പാടശേഖരങ്ങളിലാണ് വിത നടത്താനുള്ളത്. നാനൂറിലധികം കർഷകരാണ് വിത്തിനുവേണ്ടി കാത്തിരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസിന്റെ അധ്യക്ഷതയിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കർഷകപ്രതിനിധികളും പെരിങ്ങര സഹകരണ ബാങ്ക് അധികൃതരും പങ്കെടുത്ത അടിയന്തര യോഗത്തിലാണ് പുതുതായി വിത്ത് എത്തിക്കാൻ തീരുമാനമെടുത്തത്.
നാഷണൽ സീഡ് കോർപറേഷനിൽനിന്ന് ഇത്തവണ ലഭിച്ച നെൽവിത്ത് മുളയ്ക്കാത്തതിരുന്നതിനേ ത്തുടർന്ന് വിത വൈകിയിരുന്നു. ഈ മാസം ആദ്യവാരത്തിൽ വിതയ്ക്കാൻ നിശ്ചയിച്ചിരുന്ന പാടങ്ങളിൽ രണ്ടാഴ്ചയോളമാണ് വിത വൈകിയത്.
മുളയ്ക്കാത്ത വിത്ത് തിരികെ നൽകും
നാഷണൽ സീഡ് കോർപറേഷന്റെ മുളയ്ക്കാത്ത വിത്ത് തിരികെ നൽകും. വിത്തിനു നൽകിയ പണം തിരിച്ചുവാങ്ങി മണ്ണുത്തി കാർഷിക സർവകലാശാലയ്ക്ക് കൈമാറും. കർഷകർക്ക് ബാധ്യത ഉണ്ടാകാത്തവിധത്തിലാണ് പുതിയ വിത്ത് വാങ്ങുന്നത്. അതേസമയം കർഷകരുടെ പരാതിയെത്തുടർന്ന് കോർപറേഷൻ അധികൃതർ സ്ഥലത്തെത്തി സാമ്പിൾ ശേഖരിച്ച വിത്തുകളുടെ പരിശോധനാ ഫലം ഇതേവരെയും ലഭിച്ചിട്ടില്ല.
ജില്ലയിൽ ഏറ്റവുമധികം നെൽക്കൃഷിയുള്ള പെരിങ്ങര പഞ്ചായത്തിലാണ് ഇക്കുറി നെൽവിത്ത് കിളിർക്കാതെ വിത വൈകിയത്. പടവിനകം ബി പാടത്തെ കർഷകർ മുളയ്ക്കാത്ത വിത്ത് ഒഴിവാക്കി സ്വകാര്യ ഏജൻസിയുടെ വിത്ത് വാങ്ങി ദീപാവലി നാളിൽതന്നെ വിതച്ചു. എന്നാൽ നിലം ഒരുക്കിയ മറ്റു പാടശേഖരങ്ങൾ വിത കാത്തിരിക്കുകയാണ്.
വിത താമസിച്ചാൽ വിളവെടുപ്പ് നീണ്ടുപോകും. ഇത് കർഷകർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കും. വിളവെടുപ്പ് സമയം തെറ്റിയാൽ വേനൽമഴ ഭീഷണിയാകുമെന്നും കർഷകർ പറയുന്നു.