വാഹനാപകടം അവകാശികള്‍ക്ക് 57.62 ലക്ഷം നഷ്ടപരിഹാരം
1477889
Sunday, November 10, 2024 4:14 AM IST
ആവശ്യപ്പെട്ടതിലും അധികതുക കോടതി അനുവദിച്ചു
പത്തനംതിട്ട: വാഹനാപകടത്തില്‍ മരിച്ച അലൂമിനിയം ഫേബ്രിക്കേഷന്‍ ജോലിക്കാരന് കിരണ്‍കുമാറിന്റെ ജീവന് നഷ്ടപ്പെട്ടതിന് 26.92 ലക്ഷം ആവശ്യപ്പെട്ട ഹര്‍ജിയില്‍ 57. 62 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് പത്തനംതിട്ട മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി ജി.പി. ജയകൃഷ്ണന് ഉത്തരവിട്ടു.
ന്യായമായ നഷ്ടപരിഹാരം എന്നത് സാഹചര്യമനുസരിച്ച് ഹര്‍ജിക്കാര്‍ക്കുണ്ടായ നഷ്ടത്തിന് സമാനമായിരിക്കണമെന്ന് കേരള ഹൈക്കോടതി 2020 ല്‍ പുറപ്പെടുവിച്ച വിധിയുടെ തത്വങ്ങള്‍ പാലിച്ചുകൊണ്ടാണ് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് കോടതി ഉത്തരവിട്ടത്.
2019 സെപ്റ്റംബറില്‍ വെണ്ണിക്കുളത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച കിരണ്‍കുമാറി(22)ന്റെ അവകാശികളായ അമ്മയും രണ്ടു സഹോദരിമാരും ചേര്‍ന്ന് അഡ്വ. പീലിപ്പോസ് തോമസ്, അഡ്വ. റ്റി.എം. വേണുഗോപാല്‍ (മുളക്കുഴ) എന്നിവര്‍ മുഖേന നല്കിയ അപേക്ഷയിലാണ് കോടതിവിധി.
ഹര്‍ജിയില്‍ പലിശയും കോടതിചെലവും അനുവദിച്ചു. ന്യൂ ഇന്‍ഡ്യാ ഇന്‍ഷുറന്‍സ് കമ്പനി പലിശ ഉള്‍പ്പെടെ 57.62 ലക്ഷം കെട്ടിവയ്ക്കാന്‍ പത്തനംതിട്ട മോട്ടോർ വാഹന നഷ്ടപരിഹാര ട്രിബ്യൂണൽ ഉത്തരവായി.