പുതമൺ പഴയ പാലത്തിലെ ജലവിതരണ പൈപ്പുകൾ മാറ്റാൻ നടപടി
1467601
Saturday, November 9, 2024 4:39 AM IST
റാന്നി: പുതമണ്ണിൽ പുതിയ പാലം നിർമിക്കുന്നതിനായി പഴയ പാലം പൊളിച്ചു മാറ്റുന്നതിന് സൗകര്യം ഒരുക്കുന്നതിന് ഒരാഴ്ചയ്ക്കുള്ളിൽ ജല അഥോറിറ്റിയുടെ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന് ചെറുകോലിൽ ചേർന്ന അവലോകനയോഗം ജലവിഭവ വകുപ്പിനോട് ആവശ്യപ്പെട്ടു.
പുതിയ പാലം നിർമാണവുമായി ബന്ധപ്പെടട് ചെറുകോൽ പഞ്ചായത്ത് ഓഫീസിൽ പ്രമോദ് നാരായൺ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പമ്പാനദിയിൽ നിന്നും കുടിവെള്ള വിതരണത്തിന് പ്രധാന ടാങ്കിലേക്ക് പോയിരിക്കുന്ന പൈപ്പുകളാണ് ബലക്ഷയം നേരിടുന്ന പാലത്തിലൂടെ പോകുന്നത്. ഇവ നീക്കം ചെയ്യുന്നതിനുള്ള ടെൻഡറുകൾ ഇന്നു നടക്കും. തുടർന്ന് ഏഴു ദിവസത്തിനകം പൈപ്പ് നീക്കം ചെയ്യണമെന്നാണ് നിർദേശം.
പഴയ പാലം പൊളിക്കുന്നതോടെ വാഹന നിയന്ത്രണത്തിന് നടപടി സ്വീകരിക്കണമെന്ന് പോലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. 10 ലക്ഷത്തോളം രൂപ മുടക്കി താത്കാലിക പാതയുടെ ഉപരിതലംപുനരുദ്ധരിച്ചു സഞ്ചാരയോഗ്യമാക്കാനും യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും വേഗം പാലത്തിന്റെ നിർമാണം പൂർത്തീകരിക്കുന്നതിനുവേണ്ട ഇടപെടലുകൾ നടത്തുന്നതിന് യോഗം തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗ സാം പി. തോമസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.