തിരുവല്ല നഗരമധ്യത്തിൽ ഏഴ് കുടുംബങ്ങൾ സ്ഥിരം വെള്ളക്കെട്ടിൽ
1477893
Sunday, November 10, 2024 4:27 AM IST
തിരുവല്ല: മഴപെയ്താൽ പുഷ്പഗിരി റെയിൽവേ ക്രോസിനു സമീപത്തെ വീടുകളിൽ വെള്ളം കയറുന്നതു പതിവാകുന്നു. മഞ്ഞാടി പുഷ്പഗിരി റോഡിൽ തിരുവല്ല നഗരസഭയിലെ പതിനാലാം വാർഡിൽ റെയിൽവേ ക്രോസിനു സമീപമുള്ള താഴ്ന്ന പ്രദേശത്തുള്ള വീട്ടുകാരാണ് ദുരിതത്തിലായിരിക്കുന്നത്.
ചെറിയ മഴപെയ്താൽപോലും ഈ ഭാഗത്തെ വീടുകളിൽ വെള്ളം കയറും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു പെയ്ത ശക്തമായ മഴയിൽ ഏഴ് വീടുകളിൽ വെള്ളം കയറിയിരുന്നു. വീടുകളിലുള്ളവരെ തിരുവല്ലയിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയത്. കുടുംബങ്ങൾക്ക് വ്യാപക നാശനഷ്ടങ്ങളുമുണ്ടായി.
പിഡബ്ല്യുഡിയുടെയും തിരുവല്ല നഗരസഭയുടെയും അനാസ്ഥ മൂലമാണ് തങ്ങൾ ദുരിതത്തിലായിരിക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനു കീഴിൽ വരുന്ന ഈ പ്രദേശത്ത് പാത ഇരട്ടിപ്പിക്കലിനുവേണ്ടി സ്ഥലം നൽകിയവരാണ് ദുരവസ്ഥയിലായത്.
പാതയുടെ സംരക്ഷണത്തിനായി ഈ ഭാഗത്തു വലിയ സംരക്ഷണ ഭിത്തിയും നിർമിച്ചിട്ടുണ്ട്. പിഡബ്ല്യുഡിയുടെയും നഗരസഭയുടെയും അധീനതയിലുള്ള കലുങ്ക് മൂടിയ നിലയിലുമാണ്.
ഇതോടെ ഈ ഭാഗത്തുകൂടി ഒഴുകിവരുന്ന വെള്ളം പോകാൻ മറ്റ് മാർഗങ്ങൾ ഇല്ലാതെയായി. റെയിൽവേ പാതയുടെ അടിയിൽക്കൂടി നിർമിച്ചിരിക്കുന്ന പിഡബ്ല്യുഡിയുടെ കലുങ്ക് ട്രെയിൻ പോകുന്നതിന്റെ ഭാരം കാരണം ഇരുത്തി അടയുകയും ചെയ്തു.
ഇതുമൂലം റെയിൽവേയുടെ സംരക്ഷണ ഭിത്തിയും തകർന്നു വീണ് വലിയ ദുരന്തം ഉണ്ടാകുന്ന അവസ്ഥയിലാണ്.
കട്ടത്തറയിൽ പൊന്നമ്മ ദാനിയേൽ, കുന്നത്ര തെക്കേതിൽ ശാന്തമ്മ, രാജാസ് വീട്ടിൽ ശാലു മിനു, പോളച്ചിറയിൽ പി. കെ. വിജയൻ, ഇരട്ടപ്ലാമൂട്ടിൽ ഏലിയാമ്മ യോഹന്നാൻ, കണ്ടപ്ലാക്കൽ ബീനാ സുരേഷ്, ഗൗരി എന്നിവരുടെ വീടുകളിലാണ് സ്ഥിരമായി വെള്ളം കയറുന്നത്.
കഴിഞ്ഞദിവസത്തെ മഴയിൽ ഇവരുടെ വീട്ടുപകരണങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും പുസ്തകങ്ങളും നശിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരുപതിലധികം തവണയാണ് ഈ ഭാഗത്തെ വീടുകളിൽ വെള്ളം കയറിയത്.
യുഡിഎഫ് സംഘം സ്ഥലം സന്ദര്‍ശിച്ചു
തിരുവല്ല: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ വെള്ളം കയറിയ തിരുവല്ല നഗരസഭ പതിനാലാം വാർഡിലെ പുഷ്പഗിരി റെയിൽവേ ക്രോസിനു സമീപത്തെ വീടുകൾ യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, നഗരസഭാ കൗൺസിലർമാരായ ജേക്കബ് ജോർജ് മനയ്ക്കൽ, ഫിലിപ്പ് ജോർജ്, കോൺഗ്രസ് നേതാവ് സുബിൻ നീറുംപ്ലാക്കൽ എന്നിവരുടെ നതൃത്വത്തിൽ സന്ദര്‍ശിച്ചു.
ചെറിയ മഴയിൽപ്പോലും നിരന്തരം വെള്ളം കയറുന്ന ഈ പ്രദേശത്തെ ആളുകളുടെ വീടും കൃഷിയും വീട്ടുപകരണങ്ങളും നിരന്തരം നശിച്ചു പോകുന്നതുമൂലം ഏറെ വിഷമത്തിലാണ് ഇവർ. അധികൃതരുടെ അനാസ്ഥ കാരണം പല വീടുകളും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്.
റെയിൽവേയുടെ സംരക്ഷണ ഭിത്തിയും ഈ ഭാഗത്ത് അപകടഭീഷണി നേരിടുന്നു. പിഡബ്ല്യുഡിയുടെ കലുങ്ക് പുനഃസ്ഥാപിച്ച് ഈ ഭാഗത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ ആവശ്യപ്പെട്ടു.