പത്തനംതിട്ട കൊള്ളാമല്ലോ ...ഐഎഫ്എഫ്പി പ്രഥമ എഡിഷന് ആവേശകരമായ തുടക്കം
1467586
Saturday, November 9, 2024 4:23 AM IST
പത്തനംതിട്ട: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇദംപ്രഥമമായി വേദിയൊരുക്കിയ പത്തനംതിട്ടയിലേക്ക് ഇന്നലെ രാവിലെ മുതൽ ഇതരദേശക്കാരുടെ വരവായിരുന്നു.
നഗരത്തിൽ രണ്ടുദിവസം താമസിച്ച് ചലച്ചിത്രങ്ങൾ ആസ്വദിക്കാനെത്തിയവരായിരുന്നു അവർ. ചലച്ചിത്രോത്സവ സംഘാടക സമിതി ഓഫീസ് തേടിപ്പിടിച്ചെത്തിയ ഡെലിഗേറ്റ് പാസ് വാങ്ങി രാവിലെ മുതൽ ചലച്ചിത്രങ്ങൾ ആസ്വദിക്കുന്ന തിരക്കിലേക്ക് അവർ മാറി.
മലയാള ചലച്ചിത്രങ്ങളോടൊപ്പം ഇതര ഭാഷാ ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന പത്തനംതിട്ടക്കാരും അവർക്കൊപ്പം കൂടിയപ്പോൾ ഇതാദ്യമായി പത്തനംതിട്ട നഗരം അന്താരാഷ്ട്ര ചലച്ചിത്ര ലഹരിയിലേക്കു മാറി.
ഇന്നലെ രാവിലെ മുതൽ നഗരത്തിലെ നാല് സ്ക്രീനുകളിലായി ചിത്രങ്ങൾ അരങ്ങേറിയിരുന്നു. വൈകുന്നേരം മേളയുടെ ഔദ്യോഗികമായ ഉദ്ഘാടനവും തുടർന്ന് ആനന്ദ് ഏകർഷിയുടെ ആട്ടം സിനിമയുടെ പ്രദർശനവും നടന്നു.
ചലച്ചിത്രോത്സവത്തിൽ ഇന്ന്...
രാവിലെ 9.30, 1.30, ഉച്ചകഴിഞ്ഞ് 2.30, വൈകുന്നേരം 5.00 ഈസമയങ്ങളിലാണ് പ്രദർശനം. പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ യഥാക്രമം.
ട്രിനിറ്റി സ്ക്രീൻ രണ്ട് - ഗെറ്റിംഗ് ഹോം (ചൈനീസ് ചലച്ചിത്രം), ആമോർ (ഓസ്ട്രിയൻ ചിത്രം), വാസ്തുഹാര (മലയാളം), അദൃശ്യജാലകങ്ങൾ (മലയാളം).
ട്രിനിറ്റി സ്ക്രീൻ മൂന്ന് - ഏക് ദിൻ അച്ഛാനക് (ഹിന്ദി), പോംഗ്രനേറ്റ് ഓർചാർഡ് (ഓസ്ട്രിയ), കപെർനിയം (ലെബനൻ), നവംബറിന്റെ നഷ്ടം (മലയാളം)
രമ്യ - വലസൈ പറവകൾ (മലയാളം), നൻപകൽ നേരത്ത് മയക്കം (തമിഴ്), മെർകു തൊഡർചി മലൈ (തമിഴ്), യവനിക (മലയാളം)
ടൗൺ ഹാൾ - ബാറ്റിൽഷിപ്പ് പോട്ടംകിൻ, 11.00 സെമിനാർ. 2.00ന് ഓപ്പൺ ഫോറം. വൈകുന്നേരം 5.00, സ്പ്രിംഗ്, സമ്മർ, ഫോൾ, വിന്റർ ആൻഡ് സ്പ്രിംഗ്.
മനുഷ്യന്റെ സ്വഭാവ രൂപീകരണത്തിൽ സിനിമയ്ക്കു വലിയ പങ്ക്: ഷാജി എൻ. കരുൺ
പത്തനംതിട്ട: ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു മനുഷ്യന്റെ സ്വഭാവത്തെ മാറ്റിമറിക്കുന്നതിൽ സിനിമയ്ക്കു വലിയ പങ്കാണുള്ളതെന്ന് വിഖ്യാത ചലച്ചിത്രകാരനും കേരള ഫിലിം ഡെവലപ്മെന്റ് കൗൺസിൽ ചെയർമാനുമായ ഷാജി എൻ. കരുൺ. ഐഎഫ്എഫ്പി പത്തനംതിട്ട എഡിഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്രോത്സവങ്ങളിലൂടെ ഓരോ ദേശത്തും പുതിയ ഒരു സംസ്കാരത്തിനു തുടക്കമിടുകയാണ്. വിവിധ ഭാഷാ ചിത്രങ്ങൾ ആസ്വദിക്കാൻ ലഭിക്കുന്ന അവസരത്തിലൂടെ ആ നാടിന്റെ സംസ്കാരത്തെയും അടുത്തറിയാൻ കഴിയുമെന്ന് ഷാജി എൻ. കരുൺ പറഞ്ഞു. കേരളത്തെ മതേതര സംസ്ഥാനമാക്കി നിലനിർത്തുന്നതിലും സിനിമ വഹിച്ച പങ്ക് വലുതാണ്.
ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണ് സിനിമ. ശാസ്ത്രമില്ലെങ്കിൽ സിനിമയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘാടക സമിതി ചെയർമാൻ ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. സംവിധായകൻ കവിയൂർ ശിവപ്രസാദ് മുഖ്യാതിഥിയായിരുന്നു. ചലച്ചിത്രകാരൻ എ. മീരാസാഹിബ്, യുവസംവിധായകൻ അനു പുരുഷോത്ത്, സംഘാടക സമിതി വൈസ് ചെയർമാൻ കെ. ജാസിംകുട്ടി,
കൺവീനർ എം.എസ്.സുരേഷ്, ഫെസ്റ്റിവൽ ഡയറക്ടർ രഘുനാഥൻ ഉണ്ണിത്താൻ, ഡെലിഗേറ്റ് കമ്മിറ്റി കൺവീനർ എ.ഗോകുലേന്ദ്രൻ, ലോഗോ ഡിസൈനർ അസ്ലം തിരൂർ, മെംബർ സെക്രട്ടറി സുധീർ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.