സീതത്തോട്ടിലെ പഴയപാലം പൊളിച്ചു; യാത്രക്കാർ ബുദ്ധിമുട്ടിൽ
1467593
Saturday, November 9, 2024 4:35 AM IST
സീതത്തോട്: സീതത്തോട് - ആങ്ങമൂഴി പാതയിൽ യാത്രാബുദ്ധിമുട്ട്. ശബരിമല തീർഥാടനകാലം പടിവാതിൽക്കലെത്തി നിൽക്കവേയാണ് ബദൽ ക്രമീകരണങ്ങളില്ലാതെ അനുബന്ധപാതയിലെ യാത്രാ തടസം.
സീതത്തോട് ജംഗ്ഷനു സമീപമുള്ള പഴയപാലമാണ് കഴിഞ്ഞദിവസം പൊളിച്ചു തുടങ്ങിയത്. പുതിയ പാലം നിർമിക്കാൻ അനുമതി ആയതിനു പിന്നാലെയാണ് പഴയ പാലം പൊളിച്ചത്. ഇതോടെ സീതത്തോട് - ആങ്ങമൂഴി പാത അടച്ചു. വാഹനങ്ങൾ സീതക്കുഴി വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്. എന്നാൽ ബസുകളുൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ ബുദ്ധിമുട്ടാകും.
കൊച്ചുകോയിക്കൽ, കോട്ടമൺപാറ, ആങ്ങമൂഴി റൂട്ടുകളിലെ ബസുകൾ സീതത്തോട്ടിൽ യാത്ര അവസാനിപ്പിക്കുകയാണ്. മൂഴിയാർ, ഗവി ബസുകൾ വഴിതിരിച്ചുവിട്ടു. പാലം പണി പൂർത്തിയായെങ്കിൽ മാത്രമേ ബസ് സർവീസുകൾ പുനരാരംഭിക്കാനാകൂവെന്നതാണ് സ്ഥിതി.
ആങ്ങമൂഴി, കോട്ടമൺപാറ, കൊച്ചുകോയിക്കൽ പ്രദേശങ്ങളിലുള്ളവർക്ക് സീതത്തോട്ടിൽ എത്തിയെങ്കിൽ മാത്രമേ ഇനി ബസുകൾ ലഭ്യമാകുകയുള്ളൂ. ചന്തക്കടവിൽ താത്കാലികപാലം തീർത്ത് കാൽനട യാത്രക്കാരെ മറുകര കയറ്റിവിടുന്നുണ്ട്. മറുകരയിൽനിന്ന് ജീപ്പും ഓട്ടോറിക്ഷയും അടക്കമുള്ള വാഹനങ്ങൾ ആങ്ങമൂഴി ഭാഗത്തേക്ക് ക്രമീകരിച്ചിട്ടുണ്ട്. സീതക്കുഴി റോഡിന്റെ തകർച്ചയും വാഹനഗതാഗതത്തെ ബാധിക്കുന്നു.
മുൻകൂട്ടി തീരുമാനമെടുക്കാതെയും ബദൽ ക്രമീകരണം ഇല്ലാതെയുമാണ് പാലം പണി ആരംഭിച്ചതെന്നാണ് ആക്ഷേപം. ബദൽ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ലെന്നു മാത്രമല്ല,
ശബരിമല തീർഥാടകാലത്തെ ഇതു ബാധിക്കുകയും ചെയ്യും.
പൊളിച്ചത് കാലപ്പഴക്കമേറിയ പാലം
പതിറ്റാണ്ടുകൾ പഴയ പാലമാണ് പൊളിച്ചു നീക്കുന്നത്. കക്കാട് ജലവൈദ്യുത പദ്ധതിയുടെ നിർമാണഘട്ടത്തിൽ സാധനങ്ങൾ എത്തിക്കുന്നതിനായി കെഎസ്ഇബിയാണ് പാലം പണിതത്. ഒരു വാഹനത്തിനു മാത്രം കടന്നുപോകാൻ കഴിയുന്ന പാലം കാലപ്പഴക്കംകൊണ്ട് അപകടാവസ്ഥയിലെത്തിയിരുന്നു. സീതക്കുഴിയിൽനിന്നു കക്കാട്ടാറ്റിൽ സംഗമിക്കുന്ന തോടിനു കുറുകെയുള്ളതാണ് പാലം.
കോട്ടയം കേന്ദ്രീകരിച്ചുള്ള കന്പനിക്കാണ് നിർമാണ കരാർ. ശബരിമല അനുബന്ധപാതയായും ഗവി, നിലയ്ക്കൽ തീർഥാടന കേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതകളായി ഉപയോഗിക്കുന്നതും ഇതാണ്. പുതിയ പാലത്തിനുവേണ്ടിയുള്ള ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. വാഗ്ദാനങ്ങൾ ഏറെയുണ്ടായെങ്കിലും നപടികളിലേക്കു കടന്നിരുന്നില്ല.