സ്കൂൾ ഗെയിംസിൽ സ്വർണത്തിളക്കത്തിൽ പെരിങ്ങമല ഗ്രാമം
1467595
Saturday, November 9, 2024 4:35 AM IST
പത്തനംതിട്ട: കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പത്തനംതിട്ട നഗരസഭയിലെ പെരിങ്ങമലയിലെ കായികതാരങ്ങൾ ഫെൻസിംഗ് ഇനങ്ങളിൽ സ്വന്തമാക്കിയത് അഞ്ച് മെഡലുകൾ.
ഇതിൽ രണ്ടു സ്വർണവും മൂന്നു വെങ്കലവും ഉൾപ്പെടുന്നു. പ്ലസ് വൺ വിദ്യാർഥിയായ അദ്വൈത് രണ്ട് സ്വർണമെഡലുകൾ നേടിയപ്പോൾ അഖിൽ നാഥ് രണ്ടു വെങ്കലവും അഭി ബൈജു ഒരു വെങ്കലവും നേടി. ഇവർ പരിശീലനം നടത്തുന്ന എസ്ക്രൈം ഫെൻസിംഗ് അക്കാഡമിക്കു ലഭിച്ചത് ഏഴ് മെഡലുകളാണ്. പെരിങ്ങമല കേന്ദ്രീകരിച്ച് ഫെൻസിംഗ് പരിശീലനം ആരംഭിച്ചത് 2006ലാണ്.
ആറു കായികതാരങ്ങളുമായി തുടങ്ങിയ അക്കാഡമിയുടെ അംഗബലം ഇപ്പോൾ 40 ന് മുകളിലാണ്. ദേശീയ ഗെയിംസ് താരങ്ങളും പരിശീലകരും ചുവടുവച്ചത് പെരിങ്ങമല കേന്ദ്രീകരിച്ച് നടത്തിയ ഫെൻസിംഗ് പരിശീലനത്തിലൂടെ ആയിരുന്നു പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാറിന്റെ മക്കളായ അഖില അനിലും അഖിൽ അനിലും ദേശീയ ഗെയിംസിൽ എത്തിയതും മികച്ച പ്രകടനം കാഴ്ചവച്ചതും ഇവിടെനിന്നു തുടങ്ങിയ പരിശീലനത്തിലൂടെ ആയിരുന്നു.
അഖില പിന്നീട് അന്താരാഷ്ട്ര മെഡലിന്റെ ഉടമയാവുകയും ചെയ്തു. അക്കാഡമിയിലെ ആദ്യകാല കായികതാരങ്ങൾ ആയിരുന്നു അഖില, അഖിൽ, അധീർഥ് എന്നിവർ. നിലവിൽ ഫെൻസിംഗ്
പരിശീലകരായി സേവനമനുഷ്ഠിക്കുന്ന അഖില അനിൽ വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ഫെൻസിംഗ് പരിശീലക കൂടിയാണ്.
പുതിയ കായിക താരങ്ങളെ ചെറിയ പ്രായത്തിലെ കണ്ടെത്തി പരിശീലനം നൽകുന്ന പദ്ധതിയാണ് അക്കാഡമി നടപ്പിലാക്കുന്നതെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ പറഞ്ഞു.