ഇന്റർലോക്ക് കട്ടകൊണ്ട് എറിഞ്ഞുപരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
1477896
Sunday, November 10, 2024 4:27 AM IST
പത്തനംതിട്ട: ബാറിനു മുന്പിൽനിന്നയാളെ മുൻവിരോധം കാരണം ഇന്റർലോക്ക് കട്ടകൊണ്ട് എറിഞ്ഞ് തലയ്ക്കും മുതുകിനും പരിക്കേൽപ്പിച്ച കേസിലെ നാലാം പ്രതിയെ കോന്നി പോലീസ് പിടികൂടി. മറ്റു പ്രതികൾക്കുള്ള അന്വേഷണം ഊർജ്ജിതമാക്കി. കോന്നി പൊന്തനാംകുഴി മുരുപ്പ് വലിയ പുരയ്ക്കൽ വീട്ടിൽ ബിനു(മണി-26)വാണ് അറസ്റ്റിലായത്.
കൂടൽ കുളത്തുമൺ ശിവക്ഷേത്രത്തിനു സമീപം പുത്തൻവീട്ടിൽ സനോജി(38)നാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി ഏഴോടെ കോന്നി ടൗണിലെ ബാറിനു മുന്നിലായിരുന്നു സംഭവം.
ബാറിൽനിന്ന് മദ്യപിച്ചശേഷം പുറത്തിറങ്ങിയ ഒരു സംഘം മുൻവിരോധം കാരണം സനോജിനെ തടഞ്ഞുനിർത്തി മർദിക്കുകയും അവിടെ കിടന്ന ഇന്റർലോക്ക് കട്ടയുടെ കഷണംകൊണ്ട് എറിഞ്ഞ് തലയ്ക്കും മുതുകിനും പരിക്കേൽപ്പിക്കുകയുമായിരുന്നു. തറയിലിട്ട് ചവിട്ടുകയും ചെയ്തു. ഏറുകൊണ്ട് തലയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റു.
പരിക്കേറ്റ സനോജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കോന്നി പോലീസ് സനോജിന്റെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് സംഘം, രാത്രി പതിനൊന്നോടെ ബിനുവിനെ പിടികൂടുകയായിരുന്നു. മറ്റ് പ്രതികൾ ഒളിവിലാണ്.
പോലീസ് സ്ഥലത്ത് നടത്തിയ പരിശോധനയിൽ സംഘം ആക്രമിക്കാൻ ഉപയോഗിച്ച ഇന്റർലോക്ക് കഷണവും മറ്റും കണ്ടെടുത്തു. ബാറിലെ സിസിടിവി ദൃശ്യങ്ങളും മറ്റും ശേഖരിച്ച് വിശദമായ പരിശോധന നടത്തി ബിനു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.