ഭരണിക്കാവ് - മുണ്ടക്കയം ദേശീയപാത നവീകരണത്തിന് 82.16 കോടി
1477898
Sunday, November 10, 2024 4:27 AM IST
പത്തനംതിട്ട: ഭരണിക്കാവ് - മുണ്ടക്കയം ദേശീയപാത (183 എ) യുടെ നവീകരണത്തിനായി 82.16 കോടി രൂപയുടെ പ്രവൃത്തികൾ ഏറ്റെടുക്കുമെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു.
ദേശീയപാതയുടെ ഭരണിക്കാവ് മുതൽ കൈപ്പട്ടൂർവരെയുള്ള 20 കിലോമീറ്റർ നവീകരണത്തിന് 19.76 കോടി രൂപയും മുണ്ടക്കയം മുതൽ എരുമേലി വരെയുള്ള 12 കിലോമീറ്റർ നവീകരണത്തിന് 7.4 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
നിലവിലുള്ള റോഡിന്റെ സർഫസ് ടാറിംഗ്, റോഡിന്റെ ഇരുവശങ്ങളുടെയും കോൺക്രീറ്റിംഗ്, ഓടകളുടെ നിർമാണം, കലുങ്കുകളുടെ നവീകരണം, ക്രാഷ് ബാരിയർ സ്ഥാപിക്കൽ, റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകൾ വെട്ടി വൃത്തിയാക്കൽ, റോഡ് സുരക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടും. അഞ്ചു വർഷത്തെ വാറണ്ടിയിൽ ദേശീയ നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കഴിഞ്ഞതിനാൽ ഉടൻതന്നെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എംപി പറഞ്ഞു.
നിർദിഷ്ട പാതയുടെ മണ്ണാറക്കുളഞ്ഞി മുതൽ പ്ലാപ്പള്ളി വരെയുള്ള 32.1 കിലോമീറ്റർ നവീകരണത്തിന് 47 കോടി രൂപയും കൈപ്പട്ടൂർ മുതൽ പത്തനംതിട്ട വരെയുള്ള 5.64 കിലോ മീറ്റർ നിർമാണത്തിന് എട്ട് കോടി രൂപയും അനുവദിച്ച് നിർമാണം പൂർത്തീകരിച്ചിരിക്കുകയാണ്.
ആവശ്യമുള്ള സ്ഥലങ്ങളിൽ റോഡ് ഉയർത്തിയും സംരക്ഷണഭിത്തി നിർമിച്ചും ഇന്റർലോക്ക് വിരിച്ചും ദിശാ ബോർഡുകളും ക്രാഷ് ബാരിയറുകളും സ്ഥാപിച്ചും കലുങ്കുകളും ഓടകളും നിർമിച്ചും ദേശീയ നിലവാരത്തിലാണ് റോഡ് നിർമാണം പൂർത്തീകരിച്ചിരിക്കുന്നതെന്നും ആന്റോ ആന്റണി പറഞ്ഞു.