മുണ്ടിയപ്പള്ളിയിൽ ബിലീവേഴ്സ് മെഡിക്കൽ സെന്റർ ആരംഭിച്ചു
1467588
Saturday, November 9, 2024 4:23 AM IST
തിരുവല്ല: മുണ്ടിപ്പള്ളി സെന്റ് സ്റ്റീഫൻസ് സിഎസ്ഐ ചർച്ച് ഇടവകയുടെയും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയുടെയും സംയുക്ത സഹകരണത്തോടെ മുണ്ടിയപ്പള്ളിയിൽ ബിലീവേഴ്സ് മെഡിക്കൽ സെന്റർ ആരംഭിച്ചു.
ഒപി, ലാബ്, ഫാർമസി സേവനങ്ങളുമായി ആരംഭിച്ച ബിലീവേഴ്സ് മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനം സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ നിർവഹിച്ചു. കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മാനേജറുമായ ഫാ. സിജോ പന്തപ്പള്ളിൽ അധ്യക്ഷത വഹിച്ചു.
കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേഷ്കുമാർ ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടറും ഹൃദ്രോഗവിഭാഗം മേധാവിയുമായ ഡോ. ജോൺ വല്യത്ത്, സിഎംസി വെല്ലൂർ വൈസ് ചെയർമാൻ ഡോ. ജോൺ സി. ഉമ്മൻ, ഫാ. തോമസ് വർഗീസ്, പാലിയേറ്റീവ് മെഡിസിൻ വിഭാഗം മേധാവി ഡോ. അജിത് സി. കോശി, സീനിയർ കൺസൾട്ടന്റ് ഡോ. ലിജിയ മാത്യു, പഞ്ചായത്ത് മെംബർമാരായ റേച്ചൽ മാത്യു, ലിൻസി മോൻസി എന്നിവർ പങ്കെടുത്തു.
1962 ൽ സെന്റ് സ്റ്റീഫൻസ് സിഎസ്ഐ ഇടവകയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ആശുപത്രിയാണ് ഇപ്പോൾ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി നവീകരണപ്രവർത്തനങ്ങൾ നടത്തി പുനരാരംഭിച്ചിരിക്കുന്നത്.
രാവിലെ ഒന്പതു മുതൽ വൈകുന്നേരം 4.30 വരെയാണ് ബിലീവേഴ്സ് മെഡിക്കൽ സെന്ററിന്റെ പ്രവർത്തന സമയം. കിടപ്പുരോഗികളെ വീട്ടിലെത്തി പരിശോധിക്കുന്ന ഹോം വിസിറ്റിംഗ് യൂണിറ്റും വയോജന വിഭാഗമായ ജെറിയാട്രിക്സ് വിഭാഗവും പാലിയേറ്റിവ് മെഡിസിൻ വിഭാഗവും ഫിസിയോ തെറാപ്പി വിഭാഗവും മെഡിക്കൽ സെന്ററിൽ ഉണ്ടാകും.