സൗത്ത് കേരള ജനറൽ ഫിനാൻസ് തട്ടിപ്പിനെതിരേ നിക്ഷേപകരുടെ കൂട്ടായ്മ രൂപീകരിച്ചു
1477888
Sunday, November 10, 2024 4:14 AM IST
പത്തനംതിട്ട: നിക്ഷേപത്തട്ടിപ്പു നടത്തിയ സൗത്ത് കേരള ജനറൽ ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരേ നിക്ഷേപകരുടെ കൂട്ടായ്മ രൂപികരിച്ച് സമരപരിപാടികൾ ആരംഭിക്കുമെന്ന് നരിയാപുരം ചാങ്ങയിൽ വാസുദേവൻനായർ, ഏഴംകുളം അശ്വതിയിൽ വിജയൻനായർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്ഥാപനത്തിൽ നിക്ഷേപം നടത്തിയ തങ്ങളുടെ ലക്ഷക്കണക്കിന് രൂപ തിരികെ നൽകുന്നില്ലെന്ന് അവർ പറഞ്ഞു. അടൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഏഴോളം ശാഖകളുണ്ടായിരുന്നു.
നിലവിൽ അടൂരിൽ മാത്രമാണ് ശാഖയുള്ളത്. ഒരുലക്ഷം രൂപ മുതൽ കോടികൾ വരെ നിക്ഷപിച്ചവരുണ്ട്. പറക്കോട് സ്വദേശിനി ശ്രീജാ പി. നായരും കുടുംബാംഗങ്ങളുമാണ് ഡയറക്ടർ ബോർഡ് അംഗങ്ങളായി പ്രവർത്തിച്ചിരുന്നതെന്ന് നിക്ഷേപകർ പറഞ്ഞു. ഇവർ ഇപ്പോൾ ഒളിവിലാണ്. പോലീസിൽ പരാതി നൽകിയെങ്കിലും നടപടികളുണ്ടായിട്ടില്ല. ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും ഇവർക്കുള്ളതായി സംശയിക്കുന്നു. നിക്ഷേപ പണം ചോദിച്ചാൽ ഭീഷണിപ്പെടുത്തുകയാണ്.
നിക്ഷേപകർക്ക് ശരിയായ രേഖകൾ ഒന്നും നൽകിയിട്ടില്ല. അമിതമായ ധൂർത്തും ആഡംബര ജീവിതവുമാണ് സ്ഥാപനം തകരാൻ ഇടയായത്. നിക്ഷേപത്തുക എവിടെപ്പോയിയെന്ന് കണ്ടെത്തണം. നിക്ഷേപത്തുക തിരികെ ലഭിക്കനായി ഹൈക്കോടതിയെ സമീപിക്കുന്നതടക്കം നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു.