മുണ്ടക്കമണ്ണിൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷം
1467582
Saturday, November 9, 2024 4:23 AM IST
മുണ്ടിയപ്പള്ളി: കനത്ത മഴയേത്തുടർന്ന് കവിയൂർ - നടയ്ക്കൽ റോഡിൽ മുണ്ടക്കമണ്ണിൽ ഭാഗത്ത് വെള്ളക്കെട്ട്. മുണ്ടക്കൽ കലുങ്കിനടിയിൽ ചെളിയും മണ്ണും നിറഞ്ഞ് നീരൊഴുക്ക് നിലച്ചതോടെയാണ് മുണ്ടക്കമണ്ണിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.
കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും യാത്ര ഏറെ ദുഷ്കരമാണ്. തോട് കവിഞ്ഞതോടെ സമീപത്തുള്ള കൃഷിയിടങ്ങളിലും വെള്ളം കയറി കൃഷിക്ക് നാശനഷ്ടം സംഭവിച്ചിരിക്കുകയാണ്.
കലുങ്ക് ഉയർത്തി നീരൊഴുക്ക് സുഗമമാക്കണമെന്ന് പലതവണ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം. ശക്തമായി പെയ്യുന്ന മഴ തുടർച്ചയായി വെള്ളക്കെട്ടിനും സമീപത്തെ കൃഷി നാശത്തിനും കാരണമാകുന്നതായി അധികാരികളെ അറിയിച്ചിട്ടും നടപടിയില്ല.
മുണ്ടക്കൽ റോഡിന്റെ പല ഭാഗങ്ങളിലും ചെളിയും മണ്ണും അടിഞ്ഞ് നീരൊഴുക്ക് നിലച്ച അവസ്ഥയിലാണുള്ളത്. തോട്ടിലെ മാലിന്യങ്ങൾ വാരിമാറ്റിയും കലുങ്കിനടിയിലെ ചെളിയും മണ്ണും മാറ്റിയെങ്കിൽ മാത്രമേ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ആകൂവെന്ന് നിവാസികൾ പറയുന്നു.