ലാപ്ടോപ്പുകളും പണവും മോഷ്ടിച്ചയാൾ പിടിയിൽ
1467596
Saturday, November 9, 2024 4:35 AM IST
മല്ലപ്പള്ളി: ആളില്ലാത്ത തക്കത്തിന് വീട്ടിനുള്ളിൽ കടന്ന് രണ്ടു ലാപ്ടോപ്പുകളും പണവും കവർന്ന കേസിൽ മോഷ്ടാവിനെ കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തെങ്കാശി ചെങ്കോട്ട പോലീസ് സ്റ്റേഷന് സമീപം സീനി സ്ട്രീറ്റിൽ മുഹമ്മദ് ഇസ്മായിലാണ് (ഫൈസൽ, 31) അറസ്റ്റിലായത്. മല്ലപ്പള്ളി പെരുന്പ്രമ്മാവ് (പുളിമല കുന്നേൽ വീട്ടിൽ ഷാജി മാത്യു ജോർജിന്റെ പരാതി പ്രകാരം എടുത്ത മോഷണക്കേസിലാണ് അറസ്റ്റ്.
ഇദ്ദേഹത്തിന്റെ ബന്ധു രഞ്ജിത്ത് മാത്യു ഏബ്രഹാമും കുടുംബവും, മൂത്തമകൻ ജോലി ചെയ്യുന്ന കോഴിക്കോട് പോയപ്പോൾ, ഇവർ താമസിക്കുന്ന മുല്ലപ്പള്ളി ഈസ്റ്റ് പുളിമലക്കുന്നേൽ വീട്ടിൽ മെയ് 11ന് പകലാണ് മോഷണം നടന്നത്. വീട്ടിൽ ആളില്ലെന്ന് മനസിലാക്കി എത്തിയ മോഷ്ടാവ് വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തു കയറി കിടപ്പുമുറിയിൽ സൂക്ഷിച്ച 20,000 രൂപയും രണ്ടു കടപ്പുമുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന 70,000 രൂപയും 35,000 രൂപയും വിലവരുന്ന രണ്ടു ലാപ്ടോപ്പുകളും കവരുകയായിരുന്നു.
പിറ്റേന്ന് ഷാജി മാത്യു പോലീസിൽ പരാതി നൽകി. സമീപവീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയും, ലാപ്ടോപ്പ് കണ്ടെത്താൻ ഐപി അഡ്രസ് തിരിച്ചറിയുന്നതിനായി ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടുകയും ചെയ്തിരുന്നു.
ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് ഇയാളെ തമിഴ്നാട്ടിൽനിന്നും പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പോലീസ് സംഘം സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തു.
പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ പി.പി. മനോജ് കുമാർ, എസ് സിപിഒഅൻസിം, സിപിഓമാരായ അവിനാഷ്, ദീപു, വിഷ്ണു, അനസ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ഇസ്മയിലിനെ റിമാൻഡ് ചെയ്തു.