കോന്നി ഉപജില്ലാ കലോത്സവം: ഭരണാനുകൂല സംഘടനയുടെ സമ്മർദം; എംപിയെ ഒഴിവാക്കി
1477883
Sunday, November 10, 2024 4:14 AM IST
കോന്നി: ഉപജില്ലാ സ്കൂൾ കലോത്സവ ഉദ്ഘാടനവേദിയിൽനിന്ന് സ്ഥലം എംപിയെ ഒഴിവാക്കാൻ ഭരണാനുകൂല അധ്യാപക സംഘടനയുടെ ചരടുവലി. സ്വീകരണ കമ്മിറ്റിയുടെ ചുമതലയുള്ള അധ്യാപക സംഘടനയായ കെപിഎസ്ടിഎയാണ് കലോത്സവത്തിന്റെ ഉദ്ഘാടനത്തിനായി ആന്റോ ആന്റണി എംപിയെ ക്ഷണിച്ചത്.
എഇഒയുടെ അനുമതിയോടെയാണ് എംപിയുടെ പേര് ഉൾപ്പെടുത്തി നോട്ടീസ് തയാറാക്കിയത്. കലാമേളയുടെ ഉദ്ഘാടനമാണ് കെ.യു. ജനീഷ് കുമാർ എംഎൽഎയ്ക്കു നൽകിയത്. നോട്ടീസ് പുറത്തിറങ്ങിയതോടെ കെഎസ്ടിഎ ചരടുവലി നടത്തി എംപിയെ ഒഴിവാക്കി നോട്ടീസ് പുറത്തി.
മേളകളുടെ പ്രാരംഭ ആലോചനകൾ നടക്കേണ്ട സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കോന്നിയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉണ്ടായിരുന്നില്ല. കഴിഞ്ഞ 18 നാണ് എഇഒ നിയമനം നടന്നത്. അതിനു ശേഷമാണ് കലോത്സവത്തിന്റെ ആലോചനകൾ നടന്നത്. എല്ലാ അധ്യാപക സംഘടനകളും യോജിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
കോട്ടയത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് മേള നടത്താനുള്ള തീരുമാനത്തോടൊപ്പം സബ് കമ്മിറ്റികളും രൂപീകരിച്ചു. കോൺഗ്രസ് അനുകൂല അധ്യാപകസംഘടനയായ കെപിഎസ്ടിഎ സ്വീകരണ കമ്മിറ്റിയുടെ ചുമതല ഏറ്റെടുത്തതോടെ ഉപജില്ലാ ഓഫീസറുമായി കൂടിയാലോചിച്ചാണ് ഉദ്ഘാടന സമാപന സമ്മേളങ്ങൾക്ക് അതിഥികളെ നിശ്ചയിച്ചതെന്ന് പറയുന്നു.
നാളെ ആരംഭിക്കുന്ന കലോത്സവത്തിന്റെ പൊതുസമ്മേളനോദ്ഘാടനം ആന്റോ ആന്റണി എംപിയും കലാമേളയുടെ ഉദ്ഘാടനം കെ.യു. ജനീഷ്കുമാർ എംഎൽഎയും ആയി ഇതര ജനപ്രതിനിധികളേയും ഉൾപ്പെടുത്തി കാര്യപരിപാടികൾ നിശ്ചയിച്ചു നോട്ടീസ് തയാറാക്കി പുറത്തിറക്കുകയും ചെയ്തു.
സ്ഥലം എംപിയെക്കൂടി ഉൾപ്പെടുത്തിയതിൽ രാഷ്ട്രീയംകണ്ട ഭരണാനുകൂല സംഘടനാ നേതാക്കൾ പ്രമാടം പഞ്ചായത്ത് ഭരണസമിതിയെ സ്വാധീനിച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സമ്മർദത്തിലാക്കി എംപിയെ ഒഴിവാക്കാൻ ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നുവെന്ന് കെപിഎസ്ടിഎ നേതാക്കൾ പറഞ്ഞു.
വെള്ളിയാഴ്ച രചനാ മത്സരങ്ങൾ ആരംഭിച്ചശേഷം കോറം തികയാത്ത സംഘാടക സമിതി വിളിച്ചു ചേർത്തു മാറ്റങ്ങൾ വരുത്തി. അഞ്ച് അധ്യാപക സംഘടനകൾ എത്തേണ്ടിടത്ത് രണ്ട് കൂട്ടരെ മാത്രമിരുത്തി എംപിയെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു. ക്ഷണിച്ച അതിഥികളെ ഒഴിവാക്കി തീരുമാനം അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാട് എടുത്ത കെപിഎസ് ടിഎ പ്രതിനിധികൾ യോഗം ബഹിഷ്കരിച്ചു.
കോറം തികയാത്ത സംഘാടക സമിതിയുടെ നിർദേശങ്ങൾ സ്വീകാര്യമല്ലെന്ന് അറിയിച്ച് അവർ ഏറ്റെടുത്തിരുന്ന സ്വീകരണ, പബ്ലിസിറ്റി കമ്മിറ്റികൾ ഉപേക്ഷിക്കുന്നതായി കൺവീനർമാരായ ടോമിൻ പടിയറ, എസ്. ബിജു എന്നിവർ അറിയിച്ചു.
മുഖ്യസംഘാടകനായ എഇഒയെ നോക്കുകുത്തിയാക്കിയുള്ള ഭരണാനുകൂല സംഘടനയുടെ നിലപാടിൽ എൻടിയു, എകെഎസ്ടിയു നേതാക്കളും പ്രതിഷേധം അറിയിച്ചു.
സംഘാടക സമിതി യോഗം വിളിക്കുന്നതറിഞ്ഞു സ്ഥലത്തെത്തിയ എൻടിയു നേതാക്കൾ പ്രതിഷേധം അറിയിച്ചു മടങ്ങി. കെഎസ്ടിഎയുടെ രാഷ്ട്രീയ താത്പര്യത്തിന് എഇഒ വഴങ്ങിയതിലെ പ്രതിഷേധമാണ് തങ്ങൾ രേഖപ്പെടുത്തിയതെന്ന് എൻടിയു ജില്ലാ പ്രസിഡന്റ് അനിത ജി. നായർ, കോന്നി സബ്ജില്ലാ പ്രസിഡന്റ് അജി എസ്. നായർ എന്നിവർ പറഞ്ഞു.
ജനറൽ കൺവീനറും സ്കൂൾ മാനേജ്മെന്റും സമവായ ശ്രമങ്ങൾ നടത്തിയിട്ടും അംഗീകരിക്കാത്ത പഞ്ചായത്ത് ഇടതുപക്ഷ ജനപ്രതിനിധികളുടെ നിലപാടിലും അധ്യാപകർക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്.