വിനിയോഗമില്ല; കോയിപ്രം ഗ്രാമപഞ്ചായത്തിൽ പൊതുമരാമത്ത് ഫണ്ട് വീണ്ടും നഷ്ടമാകുന്നു
1467340
Friday, November 8, 2024 4:38 AM IST
പുല്ലാട്: കോയിപ്രം ഗ്രാമപഞ്ചായത്തിന്റെ പൊതുമരാമത്തുമായി ബന്ധപ്പെട്ടു നീക്കിവച്ച 5.5 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിൽ. 142 പ്രോജക്ടുകൾക്കായി 5,49,42,611 രൂപയാണ് ഇത്തവണ പദ്ധതി വിഹിതത്തിൽ നിന്നു പൊതുമരാമത്ത് ജോലികൾക്കായി മാറ്റിവച്ചിരുന്നത്.
സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ നാലുമാസം മാത്രം ബാക്കിനിൽക്കേ പദ്ധതിയുടെ എസ്റ്റിമേറ്റ് എടുക്കാന്‍പോലും പഞ്ചായത്ത് കമ്മിറ്റി തയാറായിട്ടില്ലെന്ന് പറയുന്നു. 2023-24 വര്‍ഷവും റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഫണ്ട് ചെലവാക്കാതിരുന്നതിനാല് മെയിന്റനന്‍സ് ഫണ്ട് മാത്രം 2.75 കോടി രൂപ സ്പില്‍ ഓവറാകുകയും പിന്നാലെ തുക പൂർണമായി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.
പഞ്ചായത്തിലെ ഗ്രാമീണറോഡുകള്‍ നവീകരിക്കാന്‍ ലഭിച്ച ഫണ്ടാണ് പൂർണമായി നഷ്ടപ്പെട്ടത്. മാര്‍ച്ച് ആദ്യവാരത്തില്‍ ജില്ലാ പഞ്ചായത്തില്‍നിന്നു പൊതുമരാമത്ത് പ്രോജക്ടുകള്‍ സംബന്ധിച്ച് ആരാഞ്ഞ സംശയങ്ങള്‍ക്കു മറുപടിപോലും കഴിഞ്ഞ മാസത്തിലാണ് നല്‍കിയത്.
പഞ്ചായത്തിനു വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ നവീകരണം ഉൾപ്പെടെ സ്റ്റേഡിയം അറ്റകുറ്റപ്പണികൾ തുടങ്ങി പശ്ചാത്തലമേഖലയിലെ നിരവധി പ്രോജക്ടുകളാണ് കഴിഞ്ഞവര്‍ഷം മുടങ്ങിപ്പോയത്. ഏകദേശം 3.5 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതുമൂലം നഷ്ടപ്പെടുത്തിയതെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡുകളിലെയും റോഡുകള്‍ സഞ്ചാരയോഗ്യമല്ലാത്ത സ്ഥിതിയാണ്. ഓരോ വാര്‍ഡിനും 16 ലക്ഷം രൂപ നഷ്ടമുണ്ടായി. 60 റോഡുകളുടെ ജോലിയാണ് ഇത്തരത്തില്‍ മുടങ്ങിയത്.
യുദ്ധകാലാടിസ്ഥാനത്തില്‍ റോഡിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ലെങ്കില്‍ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിക്കെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബിജു വര്‍ക്കി, അംഗങ്ങളായ സോണി കുന്നപ്പുഴ, സണ്ണി ചിറ്റേഴത്ത്, മറിയാമ്മ ചെറിയാന്, മറിയാമ്മ വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.