ജണ്ടായിക്കൽ - അത്തിക്കയം റോഡ് നിർമാണം മൂന്നു മാസത്തിനകം പൂർത്തീകരിക്കണം
1467598
Saturday, November 9, 2024 4:35 AM IST
റാന്നി: ജണ്ടായിക്കൽ - അത്തിക്കയം റോഡിന്റെ നിർമാണത്തിലുണ്ടായ അപാകതകൾ പരിഹരിച്ച് മൂന്നുമാസത്തിനകം നിർമാണം പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ അജിത്ത് രാമചന്ദ്രൻ നിർദേശിച്ചു. റോഡ് സന്ദർശിച്ച ശേഷമാണ് അദ്ദേഹം കരാറുകാരനെ വിളിച്ചുവരുത്തി കർശന നിർദേശം നൽകിയത്.
നാലു കോടി രൂപ ചെലവഴിച്ചാണ് ജണ്ടായിക്കൽ - അത്തിക്കയം റോഡ് നേരത്തെ പുനരുദ്ധരിച്ചത്. എന്നാൽ, നിർമാണത്തിലെ അപാകതമൂലം റോഡിന്റെ പല ഭാഗങ്ങളും ഇളകി മാറി റോഡ് സഞ്ചാരയോഗ്യമല്ലാതായിത്തീർന്നു.
തുടർന്ന് പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി വിഭാഗം റോഡ് സന്ദർശിച്ച് സാമ്പിൾ ശേഖരിച്ച് വിശദ പരിശോധന നടത്തി. തുടർന്ന് അപാകം കണ്ടെത്തിയ ഭാഗങ്ങൾ പൊളിച്ചുമാറ്റി പുനരുദ്ധരിക്കാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉത്തരവിടുകയായിരുന്നു.
റോഡ് പുനരുദ്ധരിക്കുന്നതിനായി ഇളകിയ ഭാഗം പൊളിച്ചുമാറ്റിയെങ്കിലും ഇവിടെ നിർമാണ പ്രവൃത്തികൾ വൈകി. ഇതോടെ യാത്രക്കാർ അനുഭവപ്പെടുന്ന ബുദ്ധിമുട്ട് പ്രമോദ് നാരായൺ എംഎൽഎ മന്ത്രിയുടെയും പൊതുമരാമത്ത് ചീഫ് എൻജിനിയറുടേയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
തുടർന്നാണ് ചീഫ് എൻജിനിയർ നേരിട്ടു സ്ഥലപരിശോധന നടത്തി അടിയന്തരമായി റോഡ് പുനരുദ്ധരിക്കാൻ നിർദേശം നൽകിയിരിക്കുന്നത്.