പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്രമേള: സംഘാടക സമിതി രൂപീകരിച്ചു
1454843
Saturday, September 21, 2024 3:04 AM IST
പത്തനംതിട്ട: പ്രഥമ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ആതിഥേയത്വമരുളാൻ പത്തനംതിട്ടയിൽ ഒരുക്കം തുടങ്ങി. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് പത്തനംതിട്ടയുടെ സംഘാടകസമിതി രൂപീകരണ യോഗം ഇന്നലെ നടന്നു. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആദ്യ ഡയറക്ടറായിരുന്ന എ. മീരാസാഹിബ് യോഗം ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, ചലച്ചിത്ര പ്രവർത്തകർ, കലാകാരന്മാർ, മാധ്യമപ്രവർത്തകർ, വിവിധ രാഷ്ട്രീയ - സാംസ്കാരിക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭാധ്യക്ഷൻ ടി. സക്കീർ ഹുസൈൻ ചെയർമാനും ചലച്ചിത്ര നിരൂപകനും ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി സെക്രട്ടറിയുമായ എം.എസ്. സുരേഷ് ജനറൽ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു.
മുഖ്യരക്ഷാധികാരികളായി മന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായണൻ, കെ.യു. ജനീഷ് കുമാർ മുതിർന്ന ചലച്ചിത്ര പ്രവർത്തകനും ആദ്യ ഡയറക്ടറുമായ എ മീരാസാഹിബ് എന്നിവർ പ്രവർത്തിക്കും.
നഗരസഭാ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി - വൈസ് ചെയർമാൻ, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ് - മെംബർ സെക്രട്ടറി എന്നിവർ ഉൾപ്പെട്ട വിപുലമായ സംഘാടക സമിതിയും വിവിധ ഉപസമിതികളും രൂപീകരിച്ചു.