കണ്ണൂര്‍: നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ദേശീയ കെട്ടിട നിർമാണ തൊഴിലാളി കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) സംസ്ഥാന പ്രസിഡന്റ് അജയ് തറയില്‍. കെട്ടിട നിർമാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ സമ്മേളനം ഡിസിസി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓണത്തിന് മുമ്പും ശേഷവും കേരളത്തിലെ നിർമാണ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ദുരിതത്തിലാണ്. തൊഴിലില്ലായ്മ രൂക്ഷമാകുന്നതിനൊപ്പം ലഭിക്കേണ്ട ആനുകൂല്യങ്ങൾ പോലും തൊഴിലാളികൾക്ക് യഥാസമയം ലഭിക്കുന്നില്ലെന്നും അജയ് തറയിൽ ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് കെ.വി. ജയചന്ദ്രന് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോർജ് മുഖ്യപ്രഭാഷണം നടത്തി. എന്കെഎന്ടിസി സംസ്ഥാന ജനറല്‍ സെക്രട്ടറി നന്ദിയോട് ജീവകുമാര്‍ വിശിഷ്ട വ്യക്തികളെ ആദരിച്ചു ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം ഉന്നത വിജയം നേടിയ തൊഴിലാളികളുടെ മക്കളെ ആദരിച്ചു. കെപിസിസി അംഗം റിജില്‍ മാക്കുറ്റി, വി.വി. ശശീന്ദ്രന്, കെ. പ്രമോദ്, വിജയന് കുട്ടിനേഴത്ത്, കുക്കിരി രാജേഷ്, എ.ടി. നിഷാത്ത്, യു.കെ. ജലജ, നന്ദനന്‍ കൈതേരി, മോഹനന് ചമ്പാടന്‍ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം കെപിസിസി അംഗം രാജീവന് എളയാവൂര് ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന് മാനന്തേരി അധ്യക്ഷത വഹിച്ചു സി. വിജയന്, കട്ടേരി പ്രകാശന്, പി. നാരായണന്, എം.കെ. സുധാകരന് എന്നിവർ പ്രസംഗിച്ചു.