District News
മുക്കം: മധ്യേഷ്യൻ പ്രദേശങ്ങളിൽ പ്രജനനം നടത്തുന്ന കുടിയേറ്റപ്പക്ഷിയായ പൊന്തക്കുരുവി എന്ന സൈക്സ് വാർബ്ലറിനെ കോഴിക്കോട്ട് കണ്ടെത്തി. പക്ഷി നിരീക്ഷകരും വന്യജീവി ഫോട്ടോഗ്രഫർമാരുമായ ഹസനുൽ ബസരി, ജുനൈദ് വെള്ളിപ്പറമ്പ് എന്നിവരാണ് കോഴിക്കോട് മാവൂരിൽ നിന്നും പക്ഷി നിരീക്ഷണ യാത്രക്കിടെ പൊന്തക്കുരുവിയെ കണ്ടെത്തിയത്.
റഷ്യയിലെ വോൾഗാ നദിയുടെ കിഴക്കൻ ഭാഗം മുതൽ കസാക്കിസ്ഥാൻ, ചൈനയിലെ സിൻജിയാങ്, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, വടക്കുപടിഞ്ഞാറൻ ഇന്ത്യ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്ന ഇവ അപൂർവമായാണ് കേരളത്തിലെത്തുന്നത്.
ചെറിയ ശരീരവലുപ്പവും തവിട്ടു-മഞ്ഞ നിറത്തിലുമുള്ള വേഗതയിൽ ചലിക്കുന്ന ഇവയെ കണ്ടുകിട്ടാൻ പ്രയാസമാണ്. ഇന്ത്യയിൽ ബ്രിട്ടീഷ് സൈന്യത്തിൽ ജോലി ചെയ്തിരുന്ന കേണൽ വില്യം ഹെൻറി സ്കൈസിന്റെ ഓർമക്കാണ് ഈ പക്ഷിക്ക് പേര് നൽകിയതെന്ന് പറയപ്പെടുന്നു.
കേരളത്തിലെ ചില ജില്ലകളിൽ നേരത്തെ തന്നെ പൊന്തക്കുരുവിയെ കണ്ടെത്തിയിട്ടുണ്ടെങ്കിലും പക്ഷി നിരീക്ഷണ പോർട്ടലായ ഇ-ബേർഡ് പ്രകാരം കോഴിക്കോട് ജില്ലയിൽ നിന്നുള്ള ആദ്യ റിപ്പോർട്ടാണിത്. ഇതോടെ കോഴിക്കോട് ഇതുവരെ കണ്ടെത്തിയ പക്ഷികളുടെ എണ്ണം 404 ആയി.
District News
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനത്തില്‍ എല്‍ഡിഎഫ് ഘടകകക്ഷിയായ ഐഎന്‍എല്ലും എല്‍ഡിഎഫിനോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ലീഗും നിലപാട് വ്യക്തമാക്കണമെന്ന് ഐഎന്‍എല്‍ ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡന്റ് അഷ്റഫ് പുറവൂരും ജന. സെക്രട്ടറി കരീം പുതുപ്പാടിയും ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ നയത്തിന്റെ കടക്കല്‍ കത്തിവയ്ക്കുന്ന ആര്‍എസ്എസിന്റെ അജണ്ടയ്ക്ക് അടിയറവ് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരേ ഇരു പാര്‍ട്ടികളും മൗനം പാലിക്കുകയാണ്. എല്‍ഡിഎഫ് മുന്നണിയിലെ പ്രധാനഘടകകക്ഷിയായ സിപിഐ പോലും കാര്യങ്ങള്‍ മനസിലാക്കിയ സ്ഥിതിക്ക് ഐഎന്‍എല്‍ ഇടതുപക്ഷവുമായുള്ള ബന്ധം ഇനിയും തുടരണമോ എന്ന് തീരുമാനിക്കണമെന്നും ഇരുവരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
District News
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഭാവിയില്‍ മഴ കുറയുകയും താപനില വര്‍ധിക്കുകയും ചെയ്യുമെന്ന് പഠന റിപ്പോര്‍ട്ട്. തരിശുനിലങ്ങളുടെ വീണ്ടെടുക്കല്‍ സാധ്യതകള്‍, കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളും പൊരുത്തപ്പെടല്‍ മാര്‍ഗങ്ങളും എന്നീ വിഷയങ്ങളെ മുന്‍നിര്‍ത്തി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് (സിഡബ്ല്യുആര്‍ഡിഎം) മുഖേന ജില്ലാപഞ്ചായത്ത് തയാറാക്കിയ പഠനറിപ്പോര്ട്ടുകളിലാണ് ഈ കണ്ടെത്തല്‍.
ജില്ലയിലെ നെല്‍വയലുകളുടെ ശാസ്ത്രീയ പഠനം നടത്തി തരിശുനിലങ്ങള്‍ കൃഷിക്ക് ഉപയോഗപ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കാനാണ് പഠനം നടത്തിയത്. സാറ്റ്ലൈറ്റ് ഡാറ്റ, ഗൂഗിള്‍ എര്‍ത്ത് പ്രോ തുടങ്ങിയവ ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങള്‍, ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ച, ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ജില്ലയിലെ നെല്‍വയലുകളുടെയും അവയിലെ തരിശ് ഭൂമിയുടെയും വിശദാംശങ്ങള്‍, കൃഷിയോഗ്യമായ 2,165 ഹെക്ടര്‍ നെല്‍വയലുകള്‍/പാടശേഖരങ്ങള്‍ എന്നിവയിലെ പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളുമാണ് റിപ്പോര്‍ട്ടിലുള്ളത്.
ജില്ല അഭിമുഖീകരിക്കുന്ന കാലാവസ്ഥ സംബന്ധമായ അപകട സാധ്യതകളെക്കുറിച്ചും മഴയുടെയും താപനിലയുടെയും ഭാവിയിലെ മാറ്റങ്ങളെക്കുറിച്ചുമാണ് രണ്ടാമത്തെ പഠനം. ജില്ലയില്‍ ഭാവിയില്‍ മഴ കുറയുകയും താപനില വര്‍ധിക്കുകയും ചെയ്യുമെന്നും പഠനത്തില്‍ കണ്ടെത്തി. മാറിയ കാലാവസ്ഥ, ജലസ്രോതസുകളുടെ ലഭ്യതയെ എങ്ങനെ ബാധിക്കുമെന്നും പഠനം വിശകലനം ചെയ്യുന്നു. മണ്ണൊലിപ്പ് സാധ്യതകള്‍ വിശകലനം ചെയ്യുകയും മുന്‍ഗണനാ തലങ്ങളെ അടിസ്ഥാനമാക്കി അനുയോജ്യമായ ശിപാര്‍ശകള്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
റിപ്പോര്‍ട്ടിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അബ്ദുൾ മജീദ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എം. രാജീവ് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, സെക്രട്ടറി ടി.ജി. അജേഷ്, സ്ഥിരംസമിതി അധ്യക്ഷരായ വി.പി. ജമീല, കെ.വി. റീന, നിഷ പുത്തന്‍പുരയില്‍, പി. സുരേന്ദ്രന്, മെമ്പര്‍മാരായ സുരേഷ് കൂടത്താംകണ്ടി, ഐ.പി. രാജേഷ്, നാസര്‍ എസ്റ്റേറ്റ്മുക്ക്, എം.പി. ശിവാനന്ദന്, മുക്കം മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
District News
താമരശേരി: അമ്പായത്തോടിലെ കോഴി അറവുമാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ്കട്ട് സ്ഥാപനത്തിലെ ഫാക്ടറിക്ക് തീവച്ചതില്‍ സമരസമിതിക്ക് പങ്കില്ലെന്ന് സമരസമിതി ചെയര്മാന് കുടുക്കില്‍ ബാബു വ്യക്തമാക്കി. പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയ അതേ നിമിഷം തന്നെ ഫാക്ടറിയില്‍ തീവയ്പ് ഉണ്ടായിട്ടുണ്ട്. ഇതിനു പിന്നില്‍ അട്ടിമറി സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
നിലവില്‍ ഫാക്ടറിക്ക് പുറത്തെ സിസി ടിവി ദൃശ്യങ്ങള്‍ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. ഫാക്ടറിക്ക് അകത്തെ ദൃശ്യങ്ങളും പുറത്തുവിടാന്‍ തയാറാകണം. സമരസമിതിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുമുണ്ട്. ജനാധിപത്യ രൂപത്തിലാണ് സമരം മുന്നോട്ട് പോയത്. സമരം നടന്ന സ്ഥലവും ഫാക്ടറിയും തമ്മില്‍ ഏറെ ദൂരമുണ്ട്. ഫാക്ടറിക്ക് പോലീസ് സംരക്ഷണവുമുണ്ട്. പിന്നെ എങ്ങനെ അക്രമി സംഘം ഫാക്ടറിക്ക് അകത്തു കടന്നുവെന്നതും ദുരൂഹമാണ്.
സമരം പൊളിക്കാനായി ചിലർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണോ തീവയ്പ് എന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സമരസമിതി ആവശ്യപ്പെട്ടു. പരിസ്ഥിതി മലീനികരണം അടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഫ്രഷ്കട്ടിനെതിരേ നാട്ടുകാര്‍ സമരത്തിലാണ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംരക്ഷണത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചുവന്നിരുന്നത്.
അതിനിടെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച സ്ത്രീകളും കുട്ടികളുമടക്കമുള്ള വന്‍ ജനാവലി സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സമരമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ലാത്തിച്ചാര്‍ജില്‍ നാട്ടുകാര്‍ക്കും കല്ലേറില്‍ എസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ഫ്രഷ്കട്ടിലെ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. സമരത്തിനിടെ പുറത്തുനിന്നുള്ളവര്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയെന്നാണ് സിപിഎം അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളും ഫ്രഷ്കട്ട് ഉടമകളും ആരോപിക്കുന്നത്.
ജില്ലാ കളക്ടര്‍ 29ന് സര്‍വകക്ഷി യോഗം വിളിക്കും
താമരശേരി: ഫ്രഷ്കട്ട് കോഴി അറവുമാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ 29ന് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.
യോഗത്തിന് മുമ്പ് മാലിന്യ സംസ്കരണ കേന്ദ്രം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശുചിത്വമിഷന്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി.
സര്‍വകക്ഷിയോഗം വിളിക്കണമെന്ന് എം.കെ. രാഘവന് എംപിയും ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷം കെട്ടടങ്ങിയതോടെ ഫാക്ടറി വീണ്ടും പഴയരീതിയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഉടമകള്‍.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കൂടുതല്‍ അറസ്റ്റിനൊരുങ്ങുകയാണ് പോലീസ്. ഇന്നലെ മൂന്ന് പേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.
District News
കാപ്പംകൊല്ലി: വയനാട്ടിൽ വർധിക്കുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സാമൂഹിക ശുശ്രൂഷാസമിതിയുടെ നേതൃത്വത്തിൽ അധികാരികൾക്കു നൽകുന്ന നിവേദത്തിലേക്ക് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന്റെ ഒപ്പ് ശേഖരിച്ചു. വൈത്തിരിയിൽ നടന്ന കോഴിക്കോട് അതിരൂപത യുവജന സമ്മേളനത്തിനിടെയാണ് ആർച്ച് ബിഷപ് നിവേദനത്തിൽ ഒപ്പുവച്ചത്.
വയനാട്ടിൽ വനാതിർത്തി പ്രദേശങ്ങളിൽ കർഷക ജീവിതം പ്രതിസന്ധിയിലാക്കിയ വന്യമൃഗശല്യത്തിന്റെ പരിഹാരത്തിന് അധികാരികൾ ശക്തമായി ഇടപെടണമെന്ന് ആർച്ച് ബിഷപ് ആവശ്യപ്പെട്ടു. അതിരൂപത വികാരി ജനറാൾ മോണ്‍. ഡോ. ജൻസൻ പുത്തൻവീട്ടിൽ, ഫാ. റോയ്സണ്‍ ആന്റണി, കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ. ഡാനി ജോസഫ്, ഫാ.ഡോ. അലോഷ്യസ് കുളങ്ങര, ഫാ. ടോണി, ഫാ. ജിഷിൻ, ഫാ. ജോണ്സണ്, ഫാ. റെനി കാപ്പംകൊല്ലി, സമിതി കോ ഓർഡിനേറ്റർ സൗമ്യ സാബു എന്നിവർ സന്നിഹിതരായിരുന്നു.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരിൽനിന്നു ശേഖരിക്കുന്ന ആയിരക്കണക്കിനു ഒപ്പുകളടങ്ങുന്ന നിവേദനം ഇന്ത്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, കേരള ഗവർണർ, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി, വനം-വന്യജീവി സംരക്ഷണ മന്ത്രി, വയനാട് എംപി, മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ കളക്ടർ എന്നിവർക്ക് നൽകാനാണ് ശുശ്രൂഷാസമിതി തീരുമാനം.
District News
മുക്കം: ഡോൺ ബോസ്കോ കോളജ് മാമ്പറ്റയിലെ 2025-2026 അധ്യയന വർഷത്തേക്കുള്ള വിദ്യാർഥി യൂണിയൻ ഉദ്ഘാടനം കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. കുന്നമംഗലം ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. ജിസ ജോസ് ഉദ്ഘാടനം നിർവഹിച്ചു.
യൂണിയൻ ചെയർമാൻ അക്ഷയ് സേവിയർ അജു അധ്യക്ഷനായി. കോളജ് മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ അനുഗ്രഹ പ്രഭാഷണം നൽകി. വൈസ് പ്രിൻസിപ്പൽ ജിജി ജോർജ് മുഖ്യാതിഥിയെ പരിചയപ്പെടുത്തി.
പുതിയ യൂണിയൻ ഭാരവാഹികൾക്കുള്ള സത്യപ്രതിജ്ഞച്ചടങ്ങ് കോളജ് പ്രിൻസിപ്പൽ ഡോ. ഫാ. ജോബി എം. ഏബ്രഹാം നയിച്ചു. കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ഷിനോ കരിന്തോളിൽ, യൂണിയൻ സെക്രട്ടറി അലീന ഷാജി പ്രസംഗിച്ചു.
ഉദ്ഘാടനത്തിനോടനുബന്ധിച്ച് വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി. കലാപരിപാടികൾക്ക് ശേഷം എം.എൻ. സാക്കിയുടെ സംഗീത പരിപാടി അരങ്ങേറി. വിദ്യാർഥി യൂണിയൻ അഡ്വൈസർ അമൽ തോമസ്, കോളജ് ചെയർമാൻ അക്ഷയ് സേവർ അജു, യൂണിയനിലെ മറ്റ് ഭാരവാഹികളും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.
District News
താമരശേരി: ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് നടക്കുന്ന പോലീസ് വേട്ട അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ്.
നിരപരാധികളായ സമര നേതാക്കളെ ജയിലിലടച്ച് ജനാധിപത്യ സമരം അട്ടിമറിക്കാൻ അനുവദിക്കുകയില്ല. യുഡിഎഫ് സംഘടിപ്പിച്ച ജനപ്രതിനിധികളുടെ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താമരശേരി പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ വി.എം. ഉമ്മർ, ടി.ടി. ഇസ്മായിൽ, കെ.കെ.എ. ഖാദർ, സി.ടി. ഭരതൻ, സി.കെ. കാസിം, പി.പി. കുഞ്ഞായിൻ, എ.പി. മജീദ്, ഗിരീഷ് കുമാർ, സൈനുൽ ആബിദീൻ തങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
കോടഞ്ചേരി: ക്ഷീരവികസനവകുപ്പും കോടഞ്ചേരി പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മൈക്കാവ് ക്ഷീര സംഘത്തിൽ ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി അധ്യക്ഷത വഹിച്ചു. കർഷക മൈത്രി ക്ഷീര കർഷക സമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസും നിർവഹിച്ചു.
കോഴിക്കോട് ജില്ലാ ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. രശ്മി പദ്ധതി വിശദീകരണം നടത്തി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, വാർഡ് മെമ്പർ ജോർജ്കുട്ടി വിളക്കുന്നേൽ, ബെന്നി ജേക്കബ്, കെ.കെ. സേവ്യേർ, ജെയിംസ് ഫിലിപ്പ്, ബാബു കുര്യാക്കോസ്, റെജി മോൾ ജോർജ്, കെ.പി. സുമില, ടി.കെ. സുജിത്ത് എന്നിവർ പ്രസംഗിച്ചു.
District News
കോഴിക്കോട്: ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം സുവർണ ജൂബിലിയാഘോഷം 26ന് കേസരി ഭവനിൽ നടക്കും. സംസ്ഥാനത്ത് ആറു കേന്ദ്രങ്ങളിലായി നടക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളിൽ അഞ്ചാമത്തേതാണ് കോഴിക്കോട്ടേത്.
സാധകം സംഗീത സഭയുടെ സഹകരണത്തോടെ നടത്തുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം വൈകിട്ട് അഞ്ചിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷനാകും. എംഎൽഎമാരായ അഹമ്മദ് ദേവർ കോവിൽ, തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളാവും. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു മുഖ്യാതിഥിയായി പങ്കെടുക്കും.
പി.കെ. കേരളവർമ്മ സാമൂതിരി രാജ വിശിഷ്ട സാന്നിധ്യമായി സന്നിഹിതനാകും.പ്രശസ്ത കലാനിരൂപകൻ എം.ജെ. ശ്രീ ചിത്രൻ ചെമ്പൈ അനുസ്മരണ പ്രഭാഷണം നടത്തും.
ആധ്യാത്മിക പ്രഭാഷകൻ എ.കെ.ബി. നായർ, ദേവസ്വം ഭരണസമിതി അംഗങ്ങളായ പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.പി. വിശ്വനാഥൻ, മനോജ് ബി. നായർ, കെ.എസ്. ബാലഗോപാൽ എന്നിവർ പ്രസംഗിക്കും.
District News
പേരാമ്പ്ര: പൂഴിത്തോട്-പടിഞ്ഞാറത്തറ വയനാട് ബദൽ റോഡ് യാഥാർഥ്യമാക്കാനുള്ള സത്വര ക്രിയാത്മക പ്രവർത്തനങ്ങൾ തുടർന്നും നടത്തുമെന്ന് ടി.പി. രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു.
ഒന്നര കോടി രൂപ വകയിരുത്തി പാതയുടെ സാധ്യതാ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. ഡിപിആർ തയാറാക്കി സംസ്ഥാന സർക്കാറിന്റെ പരിഗണനക്ക് നൽകി കേന്ദ്രത്തിൽ സമർപ്പിക്കാനുള്ള വേഗത വർധിപ്പിക്കും. പുനര്‍നിര്‍മിച്ച പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേരാമ്പ്ര നിയോജക മണ്ഡലത്തിൽ മലയോര മേഖലയുടെ വികസനത്തിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ ഇനിയും തുടരും. ഇതിന്റെ ഭാഗമായാണ് നിർദ്ദിഷ്ട വയനാട് ബദൽ റോഡുമായി ബന്ധിപ്പിച്ച് 23 കോടി രൂപ വകയിരുത്തി കടിയങ്ങാട് മുതൽ പൂഴിത്തോട് വരെ റോഡ് നവീകരിച്ചത്. തുടർ പ്രവർത്തനത്തിന് നാല് കോടി രൂപ കൂടി വകയിരുത്തും. പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിന് മുന്തിയ പരിഗണന നൽകും.
ഇതിന്റെ ഭാഗമായി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ വകയിരുത്തി കടിയങ്ങാട്ട് സ്വാഗത കവാടം നിർമിക്കും. പെരുവണ്ണാമൂഴിയുമായി ബന്ധപ്പെടുത്തി മുതുകാട്ടിൽ സ്ഥാപിക്കുന്ന ടൈഗർ സഫാരി പാർക്ക് വരുന്നതോടെ ടൂറിസ്റ്റ് വികസന രംഗത്ത് വലിയ കുതിപ്പിനു വഴിയൊരുങ്ങും. ഇതിലൂടെ നാട്ടിൽ തൊഴിലവസരങ്ങളും വരുമാനവും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. എല്‍എസ്ജിഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയര്‍ പി.ജി. സൂരജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള വാദ്യ ഉപകരണങ്ങളുടേയും, ആവള പിഎച്ച്സിക്ക് ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി നല്കിയ കംപ്യൂട്ടറും ലാപ്ടോപ്പും വിതരണവും എംഎല്‍എ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മുന്‍ എംഎല്‍എമാരായ എ.കെ. പത്മനാഭന്, കെ. കുഞ്ഞമ്മത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ. പ്രമോദ്, ശാരദ പട്ടേരികണ്ടി, സി.കെ. ശശി, കെ. സുനില്‍, ഉണ്ണി വേങ്ങേരി, കെ.കെ. ബിന്ദു, എന്‍.ടി. ഷിജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.കെ. രജിത തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കോഴിക്കോട്: പാളയത്തുനിന്ന് കല്ലുത്താൻ കടവിലേക്ക് മാറ്റിയ മാർക്കറ്റ് ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി എത്താനിരിക്കെ പാളയത്ത് പാളയത്ത് വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക്.
പാളയം മാർക്കറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. ഒരു വിഭാഗം വ്യാപാരികൾ മാർക്കറ്റ് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ, കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിക്കുന്നവർ പ്രകടനമായി എത്തി. ഇവരെ പ്രതിഷേധക്കാർ കൂകി വിളിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടർന്ന് പോലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളുമുണ്ടാവുകയും സംഘർഷമുണ്ടാവുകയുമായിരുന്നു.
Kerala
കോഴിക്കോട്: താമരശേരിയിലെ ഒന്‍പതുകാരി അനയയുടെ മരണം ചികിത്സാ പിഴവുമൂലം തന്നെയെന്ന് അമ്മ. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് താമരശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കിയെന്നും അവർ പറഞ്ഞു.
നേരത്തെ ഉന്നയിച്ച കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. പ്രാഥമിക ചികിത്സ പോലും കൃത്യമായി നല്‍കിയില്ല. തലേന്ന് വരെ ആരോഗ്യവതിയായിരുന്ന മകളാണ് അടുത്ത ദിവസം മരിക്കുന്നത്. അന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണം. മരണത്തില്‍ ആരോഗ്യ വകുപ്പിനും പരാതി നല്‍കുമെന്നും കുട്ടിയുടെ അമ്മ കൂട്ടിച്ചേർത്തു.
അനയയുടെ മരണം ഇന്‍ഫ്ളുവന്‍സ എ അണുബാധ മൂലമുള്ള വൈറല്‍ ന്യൂമോണിയയുടെ സങ്കീര്‍ണതകള്‍ കാരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ കുട്ടി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം മൂലമാണെന്നായിരുന്നു ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചത്.
District News
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കുട്ടിയെ പ്രവേശിപ്പിച്ചത്.
ഇതോടെ രോഗം ബാധിച്ച് ആശുപത്രിയിലുള്ള കുട്ടികളുടെ എണ്ണം രണ്ടായി. കെട്ടിക്കിടക്കുന്നതോ മലിനമായതോ ആയ ചൂടുവെള്ളത്തിൽ അമീബകൾ കാണപ്പെടുന്നു. ഈ വെള്ളം മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് രോഗം പകരുന്നത്.
നീന്തൽ, വെള്ളത്തിൽ മുങ്ങിക്കുളിക്കൽ, ഓസ് ഉപയോഗിച്ച് മൂക്കിൽ വെള്ളം ചീറ്റിക്കൽ തുടങ്ങിയ സന്ദർഭങ്ങളിൽ ഇത് സംഭവിക്കാം. മൂക്കിലൂടെ പ്രവേശിക്കുന്ന അമീബ തലച്ചോറിലെത്തുകയും അവിടെ വീക്കം ഉണ്ടാക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
District News
കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കോഴിക്കോട് കാരപ്പറമ്പ് ഇരുമ്പ് പാലത്തുവച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കാരപ്പറമ്പ് സ്വദേശി ഷാദിൽ എന്ന ഉണ്ണിയെ ആണ് തട്ടിക്കൊണ്ടുപോയത്.
രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും വീട്ടിൽ നിന്ന് വിളിച്ച് കാറിൽ കയറ്റി കൊണ്ട് പോയെന്നാണ് പരാതി. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത ചേവായൂര്‍ പോലീസ് യുവാവിനായി അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം നടന്നത്. കാറിന്റെ നമ്പര്‍ അടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. ഷാദിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
District News
കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണം ക വർന്ന കേസിലെ പ്രതി പിടിയിൽ. പാറക്കുളം സ്വദേശി അഖിൽ ആണ് പിടിയിലായ .
മോഷണശ്രമത്തിനിടെ നാട്ടുകാരിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ ഇന്ന് പുലർച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാക്കൂർ, എലത്തൂർ മേഖലകളിൽ ഉൾപ്പെടെ 14 മോഷണങ്ങൾ താൻ നടത്തിയതായി അഖിൽ പോലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് പറമ്പിൽ ബസാറിലെ വീട് കുത്തിത്തുറന്ന് 25 പ വൻ സ്വർണം കവർന്നത്. പ്രദേശത്ത് ചെറുതും വലുതുമായ മോഷണങ്ങൾ തുടർച്ച യായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
ഇതിനിടെ, കഴിഞ്ഞ ദിവസം രാത്രി കക്കോടിയിലെ ഒരു വീട്ടിൽ മോഷണ ശ്രമം നട ത്തിയതാണ് പ്രതി കുടുങ്ങാൻ കാരണം. മോഷണശ്രമം അറിഞ്ഞ് നാട്ടുകാർ സംഘ ടിച്ചപ്പോൾ, സ്വന്തം സ്കൂട്ടർ ഉപേക്ഷിച്ച് അഖിൽ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
സ്കൂട്ടർ കസ്റ്റഡിയിലെടുത്ത ശേഷം ക്രൈം സ്ക്വാഡും ചേവായൂർ പോലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് അഖിലിനായി തെരച്ചിൽ തുടങ്ങി. ഈ സമയത്താ ണ് മറ്റൊരു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടാൻ അഖിൽ ശ്രമിച്ചത്.
എന്നാൽ, മോഷ്ടിച്ച ബൈക്കുമായി അഖിൽ എത്തിയത് പോലീസിൻ്റെ മുന്നിലേക്കാ യിരുന്നു. ഇതോടെ ഇയാൾ പിടിയിലാവുകയും ചെയ്തു.
Editorial
ഫോറൻസിക് റിപ്പോർട്ടുകൾ വൈകുന്നതിനാൽ സംസ്ഥാനത്ത് പോക്സോ കേസുകൾ കെട്ടിക്കിടക്കേണ്ടിവരുന്നത് ഇരകൾക്കുള്ള തുടർപീഡനമാണ്.
ലൈംഗികാതിക്രമങ്ങളിൽ ഏറ്റവും ക്രൂരമാണ് കുട്ടിക്കൾക്കെതിരേയുള്ളത്. എത്രയും വേഗം കേസുകൾ പൂർത്തിയാക്കി കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും നീതി ലഭ്യമാക്കുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
കള്ളക്കേസിൽ കുടുക്കപ്പെട്ട നിരപരാധികളുടെ മോചനവും തുല്യപ്രാധാന്യമുള്ളതാണ്. എന്നാൽ, ഫോറൻസിക് റിപ്പോർട്ടുകൾ വൈകുന്നതിനാൽ സംസ്ഥാനത്ത് പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നെന്ന വാർത്ത അസ്വസ്ഥജനകമാണ്. ഈ കെടുകാര്യസ്ഥത, പോക്സോ കേസുകളിലെ മാത്രമല്ല, അവയുടെ ദുരുപയോഗത്തിന്റെ ഇരകൾക്കും നീതി വൈകിക്കുന്ന തുടർപീഡനമാണ്.
ആഭ്യന്തരവകുപ്പില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജൂലൈ 31 വരെ തീര്‍പ്പാക്കാനുള്ള പോക്സോ കേസുകളുടെ എണ്ണം 6,522 ആണ്. കൂടുതലും ഭരണസിരാകേന്ദ്രം ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയിലാണ്. 1,370 കേസുകൾ. 704 കേസുകളുമായി എറണാകുളവും 642 കേസുകളുമായി കോഴിക്കോടും തൊട്ടുപിന്നാലെയുണ്ട്.
ഫോറന്‍സിക് ലാബുകളിലെ ഉദ്യോഗസ്ഥരുടെ കുറവു മൂലമാണ് പലപ്പോഴും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളില്‍ 28 ഫോറന്‍സിക് ഓഫീസര്‍ തസ്തികകള്‍ ആഭ്യന്തരവകുപ്പ് അടുത്തിടെ അനുവദിച്ചിരുന്നു. അനുവദിച്ച തസ്തികകളിൽ എത്രയും വേഗം നിയമനം നടത്തിയാൽ കേസുകളുടെ കാലതാമസം ഒരു പരിധിവരെ ഒഴിവാക്കാം.
പോക്സോ കേസുകളിലെ ഇരകൾ സമൂഹത്തിലെ ഏറ്റവും ദുർബലരായതിനാൽ നിയമത്തിന്റെ നൂലാമാലകളിൽ കുടുക്കിയിടുന്നത് ലൈംഗികാതിക്രമത്തിന്റെ മാനസിക മുറിവുകളെ ഉണങ്ങാതെ നിലനിർത്തുന്നതിനു തുല്യമാണ്. മാത്രമല്ല, വ്യക്തിവൈരാഗ്യവും പകയും തീർക്കാൻ കെട്ടിച്ചമച്ച കള്ളക്കേസുകളും സമീപകാലത്ത് വർധിച്ചിട്ടിട്ടുണ്ട്. സമൂഹത്തിൽ അങ്ങേയറ്റം വെറുക്കപ്പെട്ടവരായി ചിത്രീകരിക്കപ്പെടുന്ന നിരപരാധികളും എത്രയും വേഗം മോചിപ്പിക്കപ്പെടേണ്ടതാണ്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഈ ശ്രമം പരാജയപ്പെടുന്നത് സംസ്ഥാനത്തിന് അപമാനകരമാണ്.
മുടി, രക്തം, സ്രവങ്ങൾ, വിരലടയാളം എന്നിവയും കൈയക്ഷര വിശകലനവും ഫോറൻസിക് തെളിവുകളുടെ ഭാഗമാകാം. മെഡിക്കൽ പരിശോധന, മൊഴികൾ, സാഹചര്യ തെളിവുകൾ തുടങ്ങിയവയെ കൂടുതൽ ആധികാരികമാക്കുകയോ അധിക തെളിവുകൾ നൽകുകയോ ചെയ്യുന്നവയാണ് ഫോറൻസിക് പരിശോധനാഫലങ്ങൾ. വിചാരണവേളയിൽ കുറ്റവാളികളെയും നിരപരാധികളെയും വേർതിരിച്ചറിയാനും ഈ ശാസ്ത്രീയ തെളിവുകൾ സഹായിക്കും.
ബലാത്സംഗ-പോക്സോ കേസുകൾ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി 14 എക്സ്ക്ലൂസീവ് പോക്സോ കോടതികള്‍ ഉള്‍പ്പെടെ 56 അതിവേഗ പ്രത്യേക കോടതികളാണു സംസ്ഥാനത്തുള്ളത്. ഇവ കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതികളെയും മറ്റു ജില്ലകളിലെ ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതികളെയും കുട്ടികളുടെ കോടതിയായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതായത്, ആവശ്യത്തിനു നിയമസംവിധാനങ്ങളുണ്ടെങ്കിലും അനുബന്ധ രേഖകൾ യഥാസമയം നൽകാനാകുന്നില്ല. എത്ര സജ്ജമായ യന്ത്രത്തെയും ഊരിപ്പോയ ഒരാണി നിശ്ചലമാക്കുന്നതുപോലെ.
കുട്ടികളുടെ സംരക്ഷകരായിരിക്കേണ്ട കുടുംബാംഗങ്ങളും അധ്യാപകരുമൊക്കെ പോക്സോ കേസുകളിൽ കൂടുതലായി ഉൾപ്പെടുന്ന ഭയാനക സ്ഥിതി നിലവിലുണ്ട്. ഇരകളാകുന്ന ആൺകുട്ടികളുടെ എണ്ണവും വർധിച്ചു. വിദ്യാഭ്യാസ വകുപ്പിലെ 77 പോക്സോ കേസുകളിൽ വകുപ്പുതല ശിക്ഷാനടപടി നേരിടുന്നത് 65 അധ്യാപകരാണ്. 12 പേർ മറ്റു ജീവനക്കാരാണ്. സ്നേഹത്തിന്റെ കരങ്ങളെന്നു കരുതിയവതന്നെ ഞെരിച്ചെന്ന യാഥാർഥ്യത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ് പോക്സോ ഇരകൾ.
ലൈംഗികാതിക്രമങ്ങൾ കുട്ടികളുടെ വർത്തമാനകാലത്തെ തരിപ്പണമാക്കിയെങ്കിൽ നീതി വൈകിക്കുന്നതിലൂടെ സർക്കാർ അവരുടെ ഭാവിയെയും ഭയത്തിനു പണയപ്പെടുത്തുകയാണ്. ബാക്കിയുള്ളത് ഭൂതകാലത്തിന്റെ ഉണങ്ങാത്ത മുറിവുകളാണ്. കേവലം ഫോറൻസിക് റിപ്പോർട്ടിന്റെ പേരിൽ അവരെ അവിടെ തളച്ചിടരുത്.
Kerala
കോഴിക്കോട്: നാദാപുരത്ത് വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു. ചേലക്കാട് വ്യാഴാഴ്ച രാത്രിയാണ് സംഭവം. കണ്ടോത്ത് അഹമ്മദിന്റെ വീടിനു നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്.
ഗർഭിണിയായ യുവതിയും മൂന്ന് കുട്ടികളും ഉൾപ്പെടെയുള്ള വീട്ടുകാർ ഉറങ്ങിക്കിടക്കവേയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാടൻ ബോംബ് ആണ് അക്രമത്തിന് ഉപയോഗിച്ചതെന്നാണ് സൂചന.
Kerala
കോഴിക്കോട്: നടക്കാവില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കക്കാടംപൊയിലില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി റഹീസിനെയാണ് ഇന്നോവ കാറില്‍ എത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. നടക്കാവ് സ്വദേശിയായ യുവതി വിളിച്ചതിനെ തുടര്‍ന്നാണ് യുവാവ് സ്ഥലത്തെത്തിയത്. ഇതിനു പിന്നാലെ ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ശബ്ദം കേട്ട് എത്തിയ പ്രദേശവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇന്നോവ കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്.
യുവതിയും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Kerala
കോഴിക്കോട്: കോഴിക്കോട് മാവൂരിൽ പുലിയിറങ്ങിയതായി സംശയം. എളമരം കടവിനടുത്ത് കാടുപിടിച്ച ഭാഗത്തേക്ക് വന്യജീവി ഓടിയത് കണ്ടെന്ന് യാത്രക്കാരനാണ് അറിയിച്ചത്. സ്ഥലത്ത് രാത്രിയിൽ നാട്ടുകാരും പോലീസും പരിശോധന നടത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരും വിശദ പരിശോധന തുടരും.
കോഴിക്കോട് മാവൂരിൽ പുലിയെ കണ്ടതായി യാത്രക്കാരൻ പ്രതികരിച്ചതിന് പിന്നാലെ വലിയ രീതിയിലെ ആശങ്കയാണ് മേഖലയിലുള്ളത്. മാവൂർ എളമരം കടവിനോട് ചേർന്ന് ഗ്രാസിം മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ച ഭാഗത്തേക്കാണ് വന്യജീവി ഓടിയത്.
തിങ്കളാഴ്ച രാത്രി ഒൻപതരയോടെ പെരുവയൽ സ്വദേശിയാണ് വന്യജീവിയെ കണ്ടത്.മാവൂർ പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും പോലീസും സംഭവ സ്ഥലത്തെത്തി രാത്രി പരിശോധന നടത്തി.
Kerala
കോഴിക്കോട്: ഹൈലൈറ്റ് മാളിന് മുന്നിലുള്ള ഫ്ലൈ ഓവറിൽ ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ചു. മലപ്പുറത്തുനിന്ന് കുന്നമംഗലത്തേക്ക് പോവുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്.
എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവറും യാത്രക്കാരും ഉടൻതന്നെ വാഹനം റോഡിന് ഒരു വശത്തേക്ക് മാറ്റി നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി.
സംഭവമറിഞ്ഞ ഉടൻതന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിച്ച വാഹനത്തിൽ ഇലക്ട്രിക്കൽ ഉപകരണങ്ങളാണ് ഉണ്ടായിരുന്നത്
Kerala
കോഴിക്കോട്: കണ്ണൂർ തലശേരിയിലെ പുഴയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കോഴിക്കോട് തടമ്പാട്ടുതാഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഹോദരൻ പ്രമോദിന്റേത് തന്നെയെന്ന് സ്ഥിരീകരണം.
ഇന്ന് ഉച്ചയോടെയാണ് ചേവായൂര്‍ പൊലീസും ബന്ധുക്കളും തലശേരിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. 62 വയസുള്ള പ്രമോദിന്റേത് തന്നെയാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
കേസിൽ പ്രമോദിനായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കി പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് തലശേരി കുയ്യാലി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം തലശേരി ജനറൽ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
കോഴിക്കോട് കാരപ്പറമ്പ് തടമ്പാട്ടുതാഴം ഫ്ളോറിക്കല്‍ റോഡിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന നടക്കാവ് മൂലക്കണ്ടി വീട്ടില്‍ ശ്രീജയ (72), പുഷ്പ (68) എന്നിവരെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രമോദ് (63) ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
സഹോദരിമാര്‍ക്കൊപ്പമാണ് പ്രമോദ് താമസിച്ചിരുന്നത്. മൂന്നു പേരും അവിവാഹിതരാണ്. ശനിയാഴ്ച രാവിലെ രാവിലെപ്രമോദ് ബന്ധുക്കളെ ഫോണില്‍ വിളിച്ച് സഹോദരിമാരുടെ മരണവിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി വീട് തുറന്നു നോക്കിയപ്പോള്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളത്തുണി പുതപ്പിച്ച് തലമാത്രം പുറത്തുകാണുന്ന നിലയില്‍ രണ്ടുമുറികളിലായിരുന്നു മൃതദേഹങ്ങള്‍. ബന്ധുക്കളെത്തിയപ്പോള്‍ പ്രമോദ് വീട്ടിലുണ്ടായിരുന്നില്ല.
ആരോഗ്യപ്രശ്നങ്ങളുള്ള സഹോദരിമാരെ പ്രമോദ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. വിവാഹം കഴിക്കാതെ സഹോദരിമാര്‍ക്കു വേണ്ടി ജീവിച്ച പ്രമോദ് നേരത്തേ എരഞ്ഞിപ്പാലത്ത് ഇലക്ട്രിക്കല്‍ കടയിൽ ജോലി ചെയ്തിരുന്നു.
മൂന്നു വര്‍ഷം മുന്‍പാണ് ഇവര്‍ ഫ്ളോറിക്കൽ റോഡിലെ വീട്ടില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. പിന്നീട് ശ്രീജയയ്ക്ക് അസുഖം ബാധിച്ചതോടെ പ്രമോദ് ജോലിക്കു പോകാതെ വീട്ടില്‍ ഇരുവരെയും ശുശ്രൂഷിക്കുകയായിരുന്നു.
Kerala
മുംബൈ: കോഴിക്കോട്ട് 64കാരിയെ ട്രെയിനിൽ നിന്നു തള്ളിയിട്ട് കൊള്ളയടിച്ച കേസിലെ പ്രതി പിടിയിൽ. മഹാരാഷ്ട്രയിലെ പൻവേലിൽ നിന്നാണ് മോഷ്ടാവിനെ പിടികൂടിയത്. പേരുകൾ മാറ്റിപ്പറയുന്ന ഇയാളുടെ യഥാർത്ഥ വ്യക്തിവിവരങ്ങൾ തിരിച്ചറിയാനായിട്ടില്ല.
ശനിയാഴ്ച പുലര്‍ച്ചെ കോഴിക്കോട് കല്ലായിയിൽ ആണ് സംഭവം. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട സമ്പർക്കക്രാന്തി എക്സപ്രസിൽ നിന്നാണ് വീട്ടമ്മയെ തള്ളിയിട്ടത്.
ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ വിട്ടശേഷം വേഗതകുറച്ച് കല്ലായി ഭാഗത്തേക്ക് പോകുന്നതിനിടെ ബാത്ത്റൂമിലേക്ക് പോവുകയായിരുന്ന വീട്ടമ്മയെ മോഷ്ടാവ് തള്ളിയിടുകയായിരുന്നു. പിടിവലിക്കിടെ മോഷ്ടാവും താഴേക്ക് വീണു. ഇതിനിടയിൽ മോഷ്ടാവ് വീട്ടമ്മയുടെ ബാഗ് കൈക്കലാക്കിയിരുന്നു.
ബാഗിലുണ്ടായിരുന്ന 8,500 രൂപയും ഫോണും നഷ്ടമായി. സംഭവത്തിനുശേഷം ബാഗുമായി പ്രതി കോഴിക്കോട് നിന്ന് മറ്റൊരു ട്രെയിനിൽ കയറി സംസ്ഥാനത്തിന് പുറത്തേക്ക് കടക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ വീട്ടമ്മ മെഡിക്കൽ കോളജിൽ ചികിത്സ തേടി. സംഭവത്തിൽ റെയില്‍വെ പോലീസ് കേസെടുത്ത് അന്വേണം ആരംഭിച്ചിരുന്നു.
Leader Page
വിലങ്ങാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പാലങ്ങളും റോഡുകളും നന്നാക്കുകയോ പുനര്‍നിർമിക്കുകയോ ചെയ്തുവോ എന്നു ചോദിച്ചാല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി.
ഉരുള്‍പൊട്ടിയതിനു ശേഷമുളള അതേ അവസ്ഥയാണ് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോളും വിലങ്ങാട് മേഖലയില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നതിലൂടെ 1.56 കോടി രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം പ്രാഥമികമായി കണക്കാക്കിയത്.
വിലങ്ങാട് അടിച്ചിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വലിയപാനോം, ചെറിയപാനോം തുടങ്ങിയ മേഖലകളിലേക്കുള്ള റോഡ് തകര്‍ന്ന് നാട്ടുകാര്‍ ഒറ്റപ്പെട്ടിരുന്നു. റോഡ് കുറുകെ മുറിഞ്ഞുപോയ സ്ഥലത്ത് പൈപ്പുകളിട്ട് അതിനു മുകളില്‍ കരിങ്കല്‍പ്പൊടി നിറച്ചിട്ടുണ്ട്. അതിലൂടെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. വലിയ മഴ പെയ്താല്‍ പൈപ്പുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാവുന്നതിലധികം മലവെള്ളമാണ് ഉരുള്‍പൊട്ടിയ ചാലിലൂടെ കുതിച്ചെത്തുന്നത്.
മലവെള്ളപ്പാച്ചിലില്‍ ഏതു സമയവും റോഡു തകരുമെന്നതാണ് അവസ്ഥ. വിലങ്ങാട് പള്ളിക്കു മുന്‍വശത്തുകൂടി കടന്നുപോകുന്ന റോഡ് മലവെള്ളപ്പാച്ചിലില്‍ ഇടിഞ്ഞത് ഇന്നും അതേപടി സ്ഥിതി ചെയ്യുന്നു. തൊട്ടുചേര്‍ന്നൊഴുകുന്ന പുഴയിലേക്ക് ഏതു സമയവും റോഡ് ഇടിയാം.
വിലങ്ങാട് അങ്ങാടിയോടു ചേര്‍ന്നൊഴുകുന്ന പുഴയുടെ കരയിലാണ് ഒട്ടേറെ വ്യാപാരസ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത്. പല കെട്ടിടങ്ങളുടെയും ഭിത്തികളും തറകളും ഇടിഞ്ഞ് പുഴയിലേക്ക് ചെരിഞ്ഞാണ് നില്‍ക്കുന്നത്. താത്കാലികമായിട്ടാണെങ്കില്പോലും അപകടമൊഴിവാക്കാന്‍ ഇവിടെ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടായിട്ടില്ല.
വിലങ്ങാട് ടൗണ്‍ പാലം ഉയരം കൂട്ടി പുനര്‍നിർമിച്ചാല്‍ ടൗണിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാം. ചപ്പാത്ത് മാതൃകയിലുള്ള ഉയരം കുറഞ്ഞ പാലം മലവെള്ളപ്പാച്ചിലിനു തടസമാകുമ്പോഴാണ് ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലേക്ക് വെള്ളം അടിച്ചുകയറുന്നത്. ഇക്കാര്യം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വിലങ്ങാട് യൂണിറ്റ് പ്രസിഡന്റ് വിനോയി ജോസഫ് പറഞ്ഞു.
കെസിബിസിയുടെ വീടുനിര്‍മാണം ദ്രുതഗതിയില്‍
വിലങ്ങാട് ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ചവരില്‍ 31 ആളുകള്‍ക്ക് 15 ലക്ഷം രൂപ വീതം നല്കിയതല്ലാതെ സര്‍ക്കാര്‍ ആര്‍ക്കും വീട് നിര്‍മിച്ചു നല്‍കിയിട്ടില്ല. വാസയോഗ്യമായ സ്ഥലം വാങ്ങാനും തുടര്‍ന്ന് അതില്‍ വീടു നിര്‍മിക്കാനും 15 ലക്ഷം തികയില്ലെന്നതു വസ്തുതയാണ്.
ചെറിയൊരു കൂര വയ്ക്കാമെന്നു വിചാരിച്ചാല്‍തന്നെ നിര്‍മാണം പൂര്‍ത്തിയാകുംവരെ മാസങ്ങളോളം വാടകവീട്ടില്‍ കഴിയണം. ഇതിനു പുറമെ മറ്റു ജീവിതച്ചെലവുകള്‍. വാടകവിതരണം സര്‍ക്കാര്‍ നിർത്തലാക്കുകയും ചെയ്തു. ഇത്തരമൊരു വിഷമഘട്ടത്തിലാണ് കെസിബിസിയുടെ ഭവനനിര്‍മാണ പദ്ധതി ദുരിതബാധിതര്‍ക്ക് മഹാ അനുഗ്രഹമായത്. കെസിബിസിയും അതത് സ്ഥലങ്ങളിലെ രൂപതകളും ചേര്‍ന്ന് വയനാട് മുണ്ടക്കൈ, വിലങ്ങാട് മേഖലകളില്‍ 100 വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്.
41 വീടുകള്‍ വിലങ്ങാട്ടും 59 വീടുകള്‍ വയനാട്ടിലുമാണ് നിര്‍മിച്ചു നല്‍കുന്നത്. താമരശേരി രൂപതയുടെ സാമ്പത്തിക സഹായത്തോടെ കെസിബിസി വിലങ്ങാട്ട് ഇതിനകം അഞ്ചുവീടുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്ന് കെസിബിസിയുടെ സാമൂഹിക പ്രവര്‍ത്തന വിഭാഗമായ ജസ്റ്റീസ്, പീസ് ആന്‍ഡ് ഡെവലപ്മെന്റ് (ജെപിഡി) കമ്മീഷന് സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കല്‍ പറഞ്ഞു.
ഉരുള്‍പൊട്ടല്‍ സംഭവിച്ച് ഒരു വര്‍ഷത്തിനുള്ളില്‍തന്നെ, പ്രതികൂല കാലാവസ്ഥയിലും നൂലാമാലകള്‍ക്കിടയിലും ഏതാനും വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കെസിബിസിക്ക് കഴിഞ്ഞു. നിര്‍മാണം പൂര്‍ത്തിയായ വീടുകളില്‍ ദുരിതബാധിതര്‍ താമസമാരംഭിച്ചുകഴിഞ്ഞു.
36 വീടുകളുടെ നിര്‍മാണം ദ്രുതഗതിയിലാണ്. 15 ലക്ഷം രൂപ ചെലവില്‍ ഏകദേശം 1000 സ്ക്വയര്‍ഫീറ്റുള്ള വീടുകളാണ് കെസിബിസി നിര്‍മിക്കുന്നത്. വാണിമേല്‍ പഞ്ചായത്തില്‍ കെസിബിസിയുടെ വീടുനിര്‍മാണം ആരംഭിച്ചതിനുശേഷമാണ് ഈ പ്രദേശങ്ങളില്‍ വീട് അടക്കമുള്ള നിര്‍മാണങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല. മേയ് മുതല്‍ തുടരുന്ന മഴ തടസമാണെങ്കിലും വീടു നിര്‍മാണം പരമാവധി വേഗത്തിലാക്കാന്‍ ഫാ. ജേക്കബ് മാവുങ്കലിന്റെ നേതൃത്വത്തില്‍ കഠിനശ്രമം നടത്തുന്നുണ്ട്.
ഷാഫി പറമ്പില്‍ എംപിയും ദുരിതബാധിതര്‍ക്ക് വീടുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എംപിയുടെ രണ്ടാമത്തെ വീടിനു കഴിഞ്ഞദിവസം തറക്കല്ലിട്ടു. ചില തദ്ദേശ സ്ഥാപനങ്ങള്‍ വീട് നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല.
അവഗണനയുടെ നേർസാക്ഷ്യമായി ടിന്റുവിന്റെ കുടുംബം
“മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഒഴുക്കായിരുന്നു. എന്തോരം വാഗ്ദാനങ്ങളായിരുന്നു. സര്‍ക്കാര്‍ പലതും പറഞ്ഞു. പക്ഷെ ഇപ്പോ അനക്കമൊന്നുമില്ല. ആളും ആരവങ്ങളുമെല്ലാം നിലച്ചു. ആര്‍ക്കാണ് കിട്ടിയത്, കിട്ടാത്തത് എന്നൊന്നും ആരും അന്വേഷിക്കുന്നില്ല. വില്ലേജ് ഓഫീസര്‍ മുതല്‍ മുകളിലോട്ടുള്ളവര്‍ക്ക് പരാതികള്‍ കൊടുത്തതിനു കണക്കില്ല. മടുത്തു'... അത്രയും പറഞ്ഞപ്പോഴേക്കും വിലങ്ങാട് ചെറിയപാനോം പാലോളില്‍ സജിയുടെ ഭാര്യ ടിന്റുവിന്റെ വാക്കുകളെ കണ്ണീര് വിഴുങ്ങി. 2024 ജൂലൈ 30ന് വിലങ്ങാട്, മഞ്ഞച്ചീളി മേഖലകളില്‍ സംഹാരതാണ്ഡവമാടിയ ഉരുള്‍പൊട്ടലിന്റെ ദുരിതമേറ്റുവാങ്ങി മരവിച്ചു ജീവിക്കുന്ന ഒട്ടേറെ കുടുംബങ്ങളുടെ പ്രതിനിധിയാണ് ടിന്റു.
ലോഡിംഗ് തൊഴിലാളിയായ ഭര്‍ത്താവ് സജി നട്ടെല്ലിനും കാല്‍മുട്ടിനും ശസ്ത്രക്രിയയ്ക്ക് വിധേയനായി വീട്ടില്‍ വിശ്രമിക്കുന്ന സമയത്താണ് ഉരുള്‍പൊട്ടിയത്. ഭര്‍ത്താവിനെയും കുട്ടികളെയും താങ്ങിപ്പിടിച്ചു മരണത്തിന്റെ വക്കില്‍നിന്നു കുന്നിന് മുകളിലേക്ക് ഓടിക്കയറിയതിന്റെ നടുക്കുന്ന ഓര്‍മകളിന്നും ടിന്റുവിനെ വേട്ടയാടുന്നുണ്ട്.
18 ദിവസം ടിന്റുവും കുടുംബവും ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞു. ടിന്റു സജിയുടേതടക്കം അടുത്തടുത്തായി സ്ഥിതിചെയ്യുന്ന മൂന്നു വീടുകള്‍ക്കു കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയാണു മലവെള്ളം കുത്തിയൊലിച്ചത്. ഒരേ നിരയില്‍ സ്ഥിതിചെയ്യുന്ന മൂന്നു വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു.
വീടിനുള്ളിലാകെ വെള്ളം കയറി. ഇനി ഇവിടെ താമസിക്കുന്നത് സുരക്ഷിതമല്ലെന്നു പഞ്ചായത്തും മറ്റ് അധികൃതരും മുന്നറിയിപ്പു നല്‍കുകയും ചെയ്തു. സജിയുടെ ആകെ സമ്പാദ്യമായ 10 സെന്റ് സ്ഥലം ഒലിച്ചുപോയി. ഉരുള്‍പൊട്ടലില്‍ രൂപപ്പെട്ട പുഴയോടു തൊട്ടുചേര്‍ന്ന് ദുരന്തസ്മാരകംപോലെ വീട് സ്ഥിതി ചെയ്യുന്നു. വീടിന്റെ മുറ്റത്തുകൂടിയാണ് ഇപ്പോള്‍ പുഴ ഒഴുകുന്നത്.
വലിയ ഒരു മഴ പെയ്താല്‍ ഏതുസമയവും വീടിനെ മലവെള്ളപ്പാച്ചില്‍ കവരാം. ഇത്രയധികം നാശനഷ്ടങ്ങള്‍ സംഭവിച്ച ടിന്റുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്നു കരുതിയാല്‍ തെറ്റി. വിലങ്ങാടിന്റെ ഇപ്പോഴത്തെ യഥാര്‍ഥ അവസ്ഥയെന്താണെന്നു വരച്ചുകാട്ടാന്‍ ഈ കുടുംബത്തിന്റെ ദുരിതകഥ മാത്രം മതി.
ആദ്യത്തെ പുനരധിവാസ ലിസ്റ്റില്‍നിന്ന് സര്‍ക്കാര്‍ സജിയെ തഴഞ്ഞു. അതേസമയം തൊട്ടടുത്തുള്ള രണ്ടു വീട്ടുകാര്‍ക്കും സര്‍ക്കാര്‍ 15 ലക്ഷം രൂപ വീതം നല്കി. ഇതിന്റെ മാനദണ്ഡം ഉദ്യോഗസ്ഥര്‍ക്കു മാത്രമേ അറിയൂ. വാടകവീട്ടില്‍ കഴിയുന്ന സജിയും ടിന്റുവും ജീവിതച്ചെലവിനു വക കണ്ടെത്താന്‍ നെട്ടോട്ടമോടുകയാണ്.
ക്യാമ്പില്‍ കഴിഞ്ഞതിന് 10,000 രൂപയും 6,000 രൂപ വീതം ഏഴുമാസം വീട്ടുവാടകയും സജിക്ക് സര്‍ക്കാരില്‍നിന്നു ലഭിച്ചു. ഇപ്പോള്‍ യാതൊരു സഹായവും ലഭിക്കുന്നില്ല. പക്ഷേ, ഈ കുടുംബം വാടകവീട്ടില്‍ തുടരുകയാണ്. വലിയപാനോത്ത് തയ്യല്‍ക്കട നടത്തുകയാണ് ടിന്റു. ഒടുവില്‍ ഈ കുടുംബത്തെ സഹായിക്കാന്‍ കെസിബിസി മുന്നോട്ടു വന്നിരിക്കുകയാണ്.
വായാടിനെ മറന്നു, ബിനോച്ചനെയും
വിലങ്ങാട് അടിച്ചിപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ ദിവസംതന്നെയാണു നരിപ്പറ്റ പഞ്ചായത്തിലെ വായാടും ശക്തമായ ഉരുള്‍പൊട്ടലുണ്ടായത്. വയനാട് മുണ്ടക്കൈയില്‍ നൂറുകണക്കിനുപേര്‍ മണ്ണിനടിയില്‍പ്പെട്ട വലിയ ദുരന്തത്തിന്റെ ആഘാതത്തില്‍ വിലങ്ങാട്ടെയും വായാടെയും പ്രകൃതിദുരന്തത്തിന്റെയും ആഴവും വ്യാപ്തിയും ആഘാതവും പുറംലോകമറിയാന്‍ വൈകി.
വാണിമേല്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന വിലങ്ങാട്ടെ ഉരുള്‍ദുരന്തത്തിന്റെ രൂക്ഷത സാവധാനമാണ് പുറംലോകമറിഞ്ഞത്. എന്നിട്ടും വായാട്ടെ ഉരുളിന്റെ കെടുതികള്‍ പുറത്തറിയാന്‍ വീണ്ടും ആഴ്ചകളെടുത്തു. വായാട് പ്രദേശത്ത് മനുഷ്യജീവന് നഷ്ടപ്പെട്ടില്ലെന്നേയുള്ളൂ. കൃഷിയിടങ്ങള്‍ ഒലിച്ചുപോയി.
വായാട്ടെ ഉരുളിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് കൂലിപറമ്പില്‍ ബിനോച്ചന്‍. ആകെയുള്ള അഞ്ചു സെന്റ് സ്ഥലം ഉരുളെടുത്തു. വീട് ഏറെക്കുറെ തകര്‍ന്നു. ഇനി ഈ വീട്ടില്‍ താമസിക്കാന്‍ കഴിയില്ല. ഉടുതുണിയോടെ ഓടി രക്ഷപ്പെട്ട ബിനോച്ചന്‍ 14 ദിവസം ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞതിന് 10,000 രൂപ മാത്രമാണ് ലഭിച്ചത്. ജീവനോപാധി എന്ന നിലയില്‍ സര്‍ക്കാര്‍ മറ്റുള്ളവര്‍ക്ക് നല്കിയ സാമ്പത്തിക സഹായം നിഷേധിക്കപ്പെട്ടു. റവന്യു അധികാരികള്‍ വായാട് ഉരുള്‍പൊട്ടലിന്റെ രൂക്ഷത മറച്ചുവച്ചുവെന്നാണു പ്രദേശവാസികളുടെ ആരോപണം. സര്‍ക്കാരില്‍നിന്ന് വീട്ടുവാടക ലഭിച്ചിട്ടില്ല.
എങ്കിലും ഇപ്പോഴും വാടകവീട്ടില്‍ തുടരുകയാണ് ബിനോച്ചന്‍. ഭാര്യ ജ്യോതി, മകന് ലെവിന്‍ എന്നിവരടങ്ങുന്നതാണ് ടൈല്‍സ് തൊഴിലാളിയായ ബിനോച്ചന്റെ കുടുംബം.
ദുരന്തഭീതിയില്‍ ഒട്ടേറെ പേര്
സര്‍ക്കാരിന്റെ പുനരധിവാസ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ഒട്ടേറെ അര്‍ഹര്‍ വിലങ്ങാട്, മഞ്ഞക്കുന്ന് പ്രദേശങ്ങളിലുണ്ടെന്ന് മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സ പള്ളി വികാരി ഫാ. ബോബി പൂവത്തിങ്കല്‍ ചൂണ്ടിക്കാട്ടുന്നു. നാശനഷ്ടമുണ്ടായവര്‍ സഹിക്കട്ടെയെന്നതാണ് നിലവിലുള്ള അവസ്ഥ.
രണ്ടാംഘട്ട പുനരധിവാസ പദ്ധതിയെക്കുറിച്ച് അധികൃതര്‍ മൗനംപാലിക്കുന്നതില്‍ ആശങ്കയുണ്ടെന്നും ഫാ. ബോബി പൂവത്തിങ്കല്‍ പറഞ്ഞു. മഞ്ഞക്കുന്ന് ഇടവകയിലെ 227 കുടുംബങ്ങളില്‍ നാൽപ്പതോളംപേരെ ഉരുള്‍പൊട്ടല്‍ ബാധിച്ചിട്ടുണ്ട്. ഇവരില്‍ പലരും ലിസ്റ്റില്‍ നിന്നു തഴയപ്പെട്ടിട്ടുണ്ട്.
കത്തോലിക്കാ സഭയാണ് ഇത്തരക്കാരെ സഹായിക്കാന്‍ സന്നദ്ധമായി മുന്നോട്ടുവന്നിരിക്കുന്നത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പല നടപടികളും തിരിച്ചടിയായെന്നു മഞ്ഞക്കുന്ന് പള്ളി പാരിഷ് സെക്രട്ടറി വില്‍സണ്‍ കുന്നക്കാട്ട് പറഞ്ഞു. ഉരുള്‍പൊട്ടിയ വിലങ്ങാട് നിന്ന് നാലുകിലോമീറ്റര്‍ അകലെയുള്ള കരിംകുളം പ്രദേശത്തും റവന്യു അധികൃതര്‍ വീടുകള്‍ നിര്‍മിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം നടപടി മൂലം പലരും സ്വന്തം നാട് വിട്ടുപോകാന്‍ നിബന്ധിതരായെന്നും വില്‍സണ്‍ പറയുന്നു. മഞ്ഞക്കുന്ന് നിന്നും നാൽപ്പതോളം കുടുംബങ്ങള്‍ മറ്റിടങ്ങളിലേക്ക് താമസം മാറി.
വിലങ്ങാട് മേഖലയില്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ പാര്‍ക്കുന്ന ആളുകളുടെ സുരക്ഷിതത്വം അടിയന്തരമായി ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് വിലങ്ങാട് ഫൊറോന പള്ളി വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍ അഭിപ്രായപ്പെ
Editorial
വിലങ്ങാട്ടും വയനാട്ടിലുമുള്ളവർക്കേറ്റ വൈകാരികാഘാതം അത്രയെളുപ്പം മാറുന്നതല്ല. ആ ദിവസത്തിന്റെ ഓർമ അവരുടെയുള്ളിൽ ഇനിയും ഉരുൾപൊട്ടലായും പേമാരിയായും പ്രകന്പനംകൊള്ളും. അതിനൊപ്പം അതിജീവനത്തിന്റെ ചുഴലികളുംകൂടി അവർക്കു താങ്ങാനായെന്നു വരില്ല.
കേരളത്തിന്റെ ഉള്ളുപൊട്ടിയ ദുരന്തം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നു. അതിനിടെ ചുറ്റുമുള്ള ലോകത്തു പലതും സംഭവിച്ചു. ഭൂമിയിൽ ജീവിതം മുന്നോട്ടുതന്നെ പോകുന്നു. പക്ഷേ, കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുണ്ടായിരുന്ന മനുഷ്യർ ഇപ്പോഴും വിറങ്ങലിച്ചുനിൽക്കുകയാണ്.
ഉള്ളിലും പുറത്തുമേറ്റ ആഘാതം അവരെ അത്രമാത്രം ഉലച്ചിരിക്കുന്നു. കഴിഞ്ഞ 365 ദിവസവും അവരുടെയുള്ളിൽ പൊട്ടിയ ഉരുളുകൾ ഒരു യന്ത്രമാപിനിക്കും അളക്കാനാകുന്നതല്ല. ഹൃദയം പിളർക്കുന്ന ഓർമകൾ അവരെ ആ ദുരന്തദിനത്തിലേക്ക്, അതിനു മുന്‍പുണ്ടായിരുന്ന സന്തോഷദിനങ്ങളിലേക്ക് ആഞ്ഞാഞ്ഞ് വലിക്കുകയാണ്. മറുവശത്ത്, കിടപ്പാടവും കൃഷിയിടവും നഷ്ടപ്പെട്ട അവർ അതിജീവനത്തിനായി മുന്നോട്ട് ആഞ്ഞുവലിക്കുന്നു.
കൈത്താങ്ങാകേണ്ട, കൈപിടിച്ചു മുന്നോട്ടു നടത്തേണ്ട ഭരണകൂടങ്ങൾ എന്തൊക്കെയോ ചെയ്തെന്നു വരുത്തി നിസംഗതയിലാണ്. ഇരകളെന്നു വിളിക്കപ്പെടുന്നവർ അകത്തും പുറത്തുമേറ്റ ആഘാതത്തെ മറികടക്കാനാകാതെ നിന്നിടത്തുതന്നെ നിൽക്കുന്നു. ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെ ഉറവകൾ വറ്റിയിട്ടില്ലെന്നു കേരളം തെളിയിച്ചുകഴിഞ്ഞതാണ്. സഹായങ്ങൾ പ്രവഹിച്ചു. ദുരിതാശ്വാസനിധിയിൽ കോടികൾ കുമിഞ്ഞു.
നിരവധി വാഗ്ദാനങ്ങളുണ്ടായി. അവയിൽ പലതും മുന്നോട്ടു പോകുന്നു. എന്നാൽ, എല്ലാം ഏകോപിപ്പിച്ചു ദുരന്തബാധിതരെ ജീവിതപാതയിലേക്കു തിരിച്ചുകൊണ്ടുവരാൻ ബാധ്യതയുള്ള ഭരണകൂടങ്ങൾ, തകർന്ന മനസുകളെയും ശരീരങ്ങളെയും ന്യായീകരണങ്ങളുടെ ചുവപ്പുനാടകൊണ്ട് വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നു.
ഉരുൾപൊട്ടൽ പോലുള്ള വലിയ പ്രകൃതിദുരന്തമുണ്ടായാൽ ആദ്യം അടിയന്തര സഹായം. പിന്നെ പുനരധിവാസവും ജീവനോപാധിയും. അതാണു വേണ്ടത്. പുനരധിവാസ പട്ടികയിൽനിന്ന് പുറത്തായവരുടെ അമർത്തിപ്പിടിച്ച വിലാപമാണ് കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ടുനിന്ന് ഇപ്പോഴും ഉയരുന്നത്. വിലങ്ങാട് അടിച്ചിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇരകളായത് 150 കുടുംബങ്ങളാണ്.
വീട് തകര്‍ന്ന 31 പേര്‍ക്കു മാത്രം സര്‍ക്കാര്‍ 15 ലക്ഷം രൂപ നല്കി. അതില്‍തന്നെ അര്‍ഹരായ എല്ലാവരെയും ഉള്‍പ്പെടുത്തിയില്ലെന്ന പരാതിയുമുണ്ട്. ബാക്കിയുള്ളവരെ ഉൾപ്പെടുത്തുമെന്നു പറയുന്ന രണ്ടാം പുനരധിവാസ പട്ടികയ്ക്ക് ഇതുവരെ മുളപൊട്ടിയിട്ടുമില്ല. വയനാട്ടിൽ 298 ജീവൻ പൊലിഞ്ഞ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ മനുഷ്യർ ഇനിയും ജീവിതത്തിലേക്കു തിരിച്ചുകയറാനാകാതെ പ്രതികൂല സാഹചര്യങ്ങളോടു പൊരുതിനിൽക്കുകയാണ്.
സർക്കാർ കണക്കിൽ ഇവിടെ 410 പേർക്കാണ് വീടു നഷ്ടമായത്; അനൗദ്യോഗിക കണക്കിൽ 545 പേർക്കും. ഇവരിൽ ഭൂരിഭാഗവും ഇപ്പോഴും വാടകവീട്ടിലാണ്. സർക്കാർ വിഭാവന ചെയ്ത ടൗൺഷിപ്പിലെ 410 വീടുകളിൽ 140 എണ്ണമാണ് ആദ്യഘട്ടത്തിൽ തയാറാകുക. ബാക്കിയുള്ളവ രണ്ട്, മൂന്ന്, നാല്, അഞ്ച് ഘട്ടങ്ങളിലും. ഇവയുടെ നിർമാണം എപ്പോൾ പൂർത്തിയാകുമെന്ന ആശങ്കയുടെ കാർമേഘങ്ങൾ അന്തരീക്ഷത്തിലുണ്ട്.
നമ്മുടെ "സിസ്റ്റം' അങ്ങനെയാണെന്നു മന്ത്രിമാർതന്നെ വിളംബരം ചെയ്തിട്ടുണ്ടല്ലോ! 700 കോടിയിലേറെ പെട്ടിയിലുള്ള സംസ്ഥാന സർക്കാർ ഇതുവരെ 108.21 കോടി രൂപ ചെലവഴിച്ചിട്ടും ദുരന്തബാധിതരുടെ ജീവിതം ഒരിഞ്ചു മുന്നോട്ടു നീങ്ങിയിട്ടില്ല.
കാരുണ്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും കൈവഴികൾ വയനാട്ടിലേക്കും വിലങ്ങാട്ടേക്കും തിരിച്ചുവിട്ട കത്തോലിക്കാ സഭ പുതിയ നൂറു വീടുകളാണ് നിർമിച്ചു നല്‍കുന്നത്.
ഇക്കഴിഞ്ഞ ഡിസംബറിൽ വീടുകളുടെ നിർമാണം തുടങ്ങുകയും ചെയ്തു. കെസിബിസിയുടെ സഹകരണത്തോടെ താമരശേരി രൂപത നിർമിക്കുന്ന 65 വീടുകളിൽ പതിനഞ്ചെണ്ണം കുടുംബങ്ങൾക്കു കൈമാറി. വയനാട്ടിൽ കെസിബിസിയും മാനന്തവാടി രൂപതയും ചേർന്നു നിർമിക്കുന്ന അന്‍പത് വീടുകളുടെ പണി വാഴവറ്റയിൽ അതിവേഗം മുന്നോട്ടുപോകുന്നു. ബത്തേരി രൂപതയുടെ ആഭിമുഖ്യത്തിൽ പതിമൂന്ന് വീടുകളാണ് നിർമിക്കുക.
ദുരിതാശ്വാസനിധി നിറഞ്ഞുകവിഞ്ഞിട്ടും എല്ലാം നഷ്ടപ്പെട്ടവരോട് “കാത്തിരിക്കൂ” എന്നു പറയുന്ന ക്രൂരത ഭരണകൂടങ്ങൾ ആവർത്തിക്കരുത്. അത് സഹജീവികളെ ചേർത്തുപിടിച്ചവരോടും കാട്ടുന്ന നെറികേടാണ്. ഭരണചക്രത്തിലെ കടുംകെട്ടുകൾ എത്രയും വേഗം അഴിക്കേണ്ടതിനു പകരം കൂടുതൽ കൂടുതൽ മുറുക്കുന്നത് പൊറുക്കാനാകാത്ത നീതികേടാകും.
ദുരന്തത്തോട് മുഖംതിരിച്ച കേന്ദ്രസർക്കാരിന്റെ നിലപാടും അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വയനാട്ടിൽ സംഭവിച്ചതിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ മടിച്ച കേന്ദ്രം ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിലും ഹീനമായ അവഗണന കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വയനാട്ടിലെത്തിയെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല.
വ്യവസ്ഥകളില്ലെന്ന പേരിലാണ് ദേശീയദുരന്തപ്രഖ്യാപനം ഒഴിഞ്ഞുപോയത്. ഇതു കേട്ടാൽ തോന്നും, വ്യവസ്ഥകളൊക്കെ അന്യഗ്രഹങ്ങളിൽനിന്നു വരുന്നതാണെന്ന്! സാഹചര്യങ്ങളുടെ അടിയന്തരാവസ്ഥ കണക്കിലെടുത്ത് നിയമത്തിലും വ്യവസ്ഥയിലുമൊക്കെ മാറ്റം വരുത്താനല്ലേ ഇവരെയൊക്കെ തെരഞ്ഞെടുത്തു വിടുന്നത്?
പ്രഖ്യാപനമില്ലാത്തതിനാൽ എംപി ഫണ്ട് പോലും ഉപയോഗിക്കാനാകാത്ത ദുഃസ്ഥിതി ആരോടു പറയാൻ? സ്വന്തം പാർട്ടിക്കു സീറ്റ് നല്‍കാത്തതിന്റെ പേരിൽ ഇങ്ങനെ ശിക്ഷിക്കുന്നവർ സാമൂഹികനീതിയെക്കുറിച്ചു "മൻ കി ബാത്' നടത്തിയിട്ട് എന്തു കാര്യം? വായ്പകൾ എഴുതിത്തള്ളാൻ നിർദേശമില്ലെന്നാണ് ബാങ്കുകളുടെ ഭാഷ്യം.
അതേസമയം വായ്പ എഴുതിത്തള്ളുകയല്ല, സർക്കാർ ഏറ്റെടുക്കുകയാണു വേണ്ടതെന്നും ആവശ്യമുയരുന്നുണ്ട്. എഴുതിത്തള്ളൽ ഉണ്ടാക്കുന്ന സാങ്കേതികക്കുരുക്കുകൾ ദുരന്തബാധിതരെ കൂടുതൽ വിഷമത്തിലാക്കുമെന്നാണു പറയുന്നത്. ഒരുതരത്തിലും തിരിച്ചടവു സാധ്യമല്ലാത്ത അവസ്ഥയിൽ ജീവിക്കുന്നവരുടെ മുന്നിലേക്ക് കാൽക്കുലേറ്ററും ചെപ്പടിവിദ്യകളുമായി ചെല്ലല്ലേ എന്നേ പറയാനുള്ളൂ.
വിലങ്ങാട്ടും വയനാട്ടിലുമുള്ളവർക്കേറ്റ വൈകാരികാഘാതം അത്രയെളുപ്പം മാറുന്നതല്ല. ആ ദിവസത്തിന്റെ ഓർമ അവരുടെയുള്ളിൽ ഇനിയും ഉരുൾപൊട്ടലായും പേമാരിയായും പ്രകന്പനം കൊള്ളും. അതിനൊപ്പം അതിജീവനത്തിന്റെ ചുഴലികളുംകൂടി അവർക്കു താങ്ങാനായെന്നു വരില്ല. "സിസ്റ്റ'ത്തെ പഴിപറയാതെ, അവരെ പച്ചമനുഷ്യരായി കണ്ട് മനുഷ്യത്വത്തോടെയുള്ള ഇടപെടലാണു ഭരണകൂടങ്ങളിൽനിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്.
Kerala
കോഴിക്കോട്: കനത്ത മഴയ്ക്കിടെ കോഴിക്കോട് കുറ്റ്യാടി ചുരം പത്താം വളവിൽ മണ്ണിടിഞ്ഞു. ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.
കുറ്റ്യാടി മരുതോങ്കര തൃക്കന്തോട് വനമേഖലയിൽ ഉരുൾപൊട്ടി. ബുധനാഴ്ച രാത്രി എട്ടോടെയാണ് ഉരുൾപൊട്ടിയത്. സമീപപ്രദേശത്തുള്ളവരെ മാറ്റി പാർപ്പിച്ചു. കടന്തറ പുഴയിലും തൊട്ടിൽപാലം പുഴയിലും മലവെള്ളപാച്ചിൽ ഉണ്ടായി.
കാഞ്ഞിരോട് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു.ചോയ്ച്ചുണ്ടിൽ വീടുകളിൽ വെള്ളം കയറി.പാമ്പങ്ങോട് മലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശവാസികളെ നെല്ലിക്കുന്നിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
Kerala
കോഴിക്കോട്: മറ്റൊരു ബാങ്കില്‍ പണയംവച്ച സ്വര്‍ണം എടുത്ത് മാറ്റിവയ്ക്കാനെന്നു പറഞ്ഞ് സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് യുവാവ് തട്ടിയെടുത്ത 39 ലക്ഷം രൂപ ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. രാമനാട്ടുകര ഇസാഫ് ബാങ്കില്‍നിന്നു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് കൊണ്ടു പോകുന്നതിനിടെ പന്തീരാങ്കാവ് പള്ളിപ്പുറം സ്വദേശി ഷിബിന്‍ലാല്‍ തട്ടിയെടുത്ത ലക്ഷങ്ങളാണു പോലീസ് കണ്ടെത്തിയത്. ജൂണ്‍ 11നാണ് കവര്‍ച്ച നടന്നത്.
മൂന്നാം ദിവസംതന്നെ ഷിബിന്‍ലാലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത സമയം പ്രതിയില്‍നിന്ന് 55,000 രൂപ കണ്ടെടുത്തിരുന്നു. ഒരു ലക്ഷം രൂപ മാത്രമേ ഇസാഫ് ബാങ്ക് ജീവനക്കാരന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ ഉണ്ടായിരുന്നുള്ളൂവെന്നായിരുന്നു ഷിബിന്‍ലാലിന്റെ വാദം. മറ്റൊരു ബാങ്കില്‍ പണയംവച്ച സ്വര്‍ണം എടുത്ത് ഇസാഫ് ബാങ്കില്‍ പണയം വയ്ക്കാമെന്ന് ഷിബിന്‍ലാല്‍ പറഞ്ഞത് ശരിയാണെന്നു വിശ്വസിച്ച് ജീവനക്കാരന് 39 ലക്ഷം രൂപ ബാഗിലാക്കി എത്തുകയായിരുന്നു.
മറ്റു ബാങ്കുകളില്‍ സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നു വിശ്വസിപ്പിക്കാന്‍ ഷിബിന്‍ലാലും ഭാര്യയും ചേര്‍ന്ന് ഇസാഫ് ബാങ്കില്‍ വ്യാജ രേഖകള്‍ ഹാജരാക്കിയിരുന്നു. സ്കൂട്ടറില്‍ എത്തിയ ഷിബിന്‍ലാല്‍ ജീവനക്കാരന്റെ കൈയിൽനിന്നു പണമടങ്ങിയബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. പല തവണ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിട്ടും ബാഗില്‍ 39 ലക്ഷം രൂപ ഇല്ലെന്നാണ് ഷിബിന്‍ലാല്‍ ആവര്‍ത്തിച്ചത്.
39 ലക്ഷം ബാഗില്‍ നിറച്ചിരുന്നുവെന്നാണ് ഇസാഫ് ബാങ്ക് ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കിയത്. കേസുമായി ബന്ധമുണ്ടെന്നു കണ്ടതിനാല്‍ ഷിബിന്‍ലാലിന്റെ ഭാര്യ കൃഷ്ണലേഖയെയും സുഹൃത്ത് കുട്ടാപ്പിയെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.
District News
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിലെ മതിൽ ഇടിഞ്ഞുവീണു. ഡെന്റൽ കോളേജ് ഭാഗത്തുള്ള മതിലാണ് രാവിലെ ശക്തമായ മഴയെ തുടർന്ന് തകർന്നത്. ഭാഗ്യവശാൽ സംഭവസമയത്ത് ആളുകളില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
മതിൽ ഇടിഞ്ഞുവീണതിനെ തുടർന്ന് റോഡിലേക്കും കാൽനടപ്പാതയിലേക്കും കല്ലുകളും അവശിഷ്ടങ്ങളും ചിതറിവീണു. ഇത് ഗതാഗത തടസ്സത്തിന് കാരണമായെങ്കിലും പിന്നീട് അഗ്നിശമന സേനയും പോലീസും എത്തി തടസ്സങ്ങൾ നീക്കി.
സമീപകാലത്തുണ്ടായ കനത്ത മഴയാണ് മതിൽ ദുർബലമാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മതിലിന്റെ ബലം വർധിപ്പിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Kerala
കോഴിക്കോട്: വളയത്ത് കടയ്ക്ക് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. ബോംബ് പോലീസ് എത്തി
കസ്റ്റഡിയിൽ എടുത്തു. വളയം നിരവുമ്മലിലെ നടുക്കണ്ടിയിൽ ദാമോദരന്റെ കടക്ക് മുന്നിലാണ് സ്റ്റീൽ കണ്ടെയ്നർ കണ്ടെത്തിയത്.
കണ്ടെയ്നറിന്റെ മൂടിഭാഗം തുറന്ന് കിടക്കുന്ന നിലയിലായിരുന്നു. വെടിമരുന്ന് ഉൾപ്പെടെയുള്ളവ നിലത്ത് ചിതറി കിടന്നിരുന്നു. കടയ്ക്ക് നേരെ എറിഞ്ഞ ബോംബ് പൊട്ടാത്തതിരുന്നതാണോയെന്ന് സംശയിക്കുന്നുണ്ട്. വളയം പോലീസ് സ്ഥലത്ത് പരിശോധന നടത്തി.
District News
മുക്കം: ദിവസേന നിരവധി രോഗികൾ ചികിത്സതേടിയെത്തുന്ന കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മുറ്റത്ത് വിരിച്ച ഇന്റർലോക്ക് കട്ടകൾ കാലാവധിക്ക് മുന്നേ ഇളകി അപകടാവസ്ഥയിലായ സംഭവത്തിൽ കരാറുകാരനെതിരേ ശക്തമായ നടപടിക്കൊരുങ്ങി കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി. രണ്ടര വർഷം മുമ്പാണ് പഞ്ചായത്ത് രണ്ട് ഘട്ടങ്ങളിലായി അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ച് ആശുപത്രി മുറ്റം ഇന്റർലോക്ക് കട്ടകൾ വിരിച്ചത്.
അഞ്ച് വർഷ കാലാവധിയുള്ള പ്രവൃത്തി കാലാവധിക്ക് മുമ്പ് തന്നെ പൊളിഞ്ഞ് തുടങ്ങുകയായിരുന്നു. ഇതോടെ പഞ്ചായത്ത് ഭരണ സമിതി നേരിട്ടും കത്ത് മുഖേനയും കരാറുകാരനുമായി ബന്ധപ്പെട്ടങ്കിലും പൂർവസ്ഥിതിയിലാക്കാൻ അദ്ദേഹം തയാറായില്ല. ഈ സാഹചര്യത്തിൽ പഞ്ചായത്ത് പ്രവൃത്തി പൂർത്തീകരിച്ച് തുക കരാറുകാരനിൽ നിന്ന് ഈടാക്കാനാണ് നടപടിയാരംഭിച്ചത്.
പൊളിഞ്ഞ് തുടങ്ങിയ കട്ടകൾ ഇന്ന് തന്നെ എടുത്തു മാറ്റി അപകടാവസ്ഥ ഒഴിവാക്കും. കട്ടകൾ മാറ്റി വിരിക്കുന്ന പ്രവൃത്തി ഉടൻ തന്നെ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ എന്നിവർ അറിയിച്ചു.
District News
കോഴിക്കോട്: ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നവര്‍ കൗണ്ടറില്‍ നേരിട്ട് പണമടക്കുന്നതിന് പകരം ഡിജിറ്റൽ പേയ്മെന്റ് ചെയ്യണമെന്ന് ജീവനക്കാര്‍ നിര്‍ബന്ധം പിടിച്ചതോടെ യാത്രക്കാര്‍ പലരും വഴിയാധാരമായി. ഓണ്‍ലൈന്‍ പേയ്മെന്റ് പ്രോത്സാഹിപ്പിക്കണമെന്ന റെയില്‍വേ മന്ത്രാലയത്തിന്റെ ചുവട് പിടിച്ചാണ് പുതിയ പരിഷ്കാരം അടിച്ചേല്പിക്കുന്നത്.
പ്രായമായവര്‍ക്കും ഡിജിറ്റൽ പേയ്മെന്റ് സംവിധാനം അറിയാത്തവര്‍ക്കും ഇത് വിനയായി. സ്ഥിരമായി യാത്ര ചെയ്യുന്ന പലരും വിഷമത്തിലായി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. പാലക്കാട് ഡിവിഷനിലെ സ്റ്റേഷനുകളിലാണ് പ്രധാനമായും നടപ്പാക്കുന്നത്. വടകര റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി.
റെയില്‍വേയുടെ നിര്‍ദേശമാണെന്നാണ് ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാര്‍ പറയുന്നതെങ്കിലും അത്തരമൊരു നിര്ദേശമുണ്ടായിട്ടില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച ദിവസം തന്നെയാണ് ഇത്തരമൊരു പരിഷ്കാരം നടപ്പാക്കുന്നത്. ആളുകള്‍ക്ക് ചില്ലറ നല്കി സമയം മിനക്കെടുത്തേണ്ട എന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. പ്രായമായവരും സ്ത്രീകളും മറ്റും ഗൂഗിള്‍ പേയ്മെന്റ് സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയുന്നവരല്ല.
ട്രെയിന്‍ എത്തുന്നതിന് തൊട്ടു മുമ്പ് എത്തുന്ന യാത്രക്കാര്‍ക്ക് ഒരിക്കലും ഡിജിറ്റലായി ടിക്കറ്റ് വാങ്ങാന്‍ സാധിക്കില്ല. എംപിമാരും എംഎല്‍എ മാരും ഉള്‍പ്പെടുന്ന ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെടുന്നുണ്ട്.
ടിക്കറ്റ് ബുക്കിംഗിനും മറ്റും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിന് പിന്നാലെയാണ് യാത്രക്കാരെ പെരുവഴിയിലാക്കുന്ന പരിഷ്കാരം പരോക്ഷമായി നടപ്പാക്കുന്നത്. ട്രെയിനുകളുടെ കുറവും യാത്രക്കാരുടെ ബാഹുല്യവും കാരണം കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍ യാത്രക്കാര്‍ പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് ഇത്തരം ഒരു പരിഷ്കാരം കൂടി അടിച്ചേല്‍പ്പിക്കുന്നത്.
Kerala
കോഴിക്കോട്: മാവൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലുള്ള ഇരുചക്ര വാഹന ഷോറൂമിൽ വൻ തീപിടിത്തം. കെഎംഎച്ച് മോട്ടോഴ്സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. നിലവിൽ തീ നിയന്ത്രണ വിധേയമാക്കി.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഷോറൂമിന് അകത്തുനിന്നും തീയും പുകയും ഉയരുന്നത് മാവൂര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ഉടമകളെ വിവരം അറിയിക്കുകയായിരുന്നു.
അപ്പോഴേക്കും ഷോറൂമിന് അകത്തെ വാഹനങ്ങളില്‍ ആകെ തീ പടര്‍ന്നു പിടിച്ചിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്.
ഷോറൂമിനകത്തെ ഉണ്ടായിരുന്ന മുഴുവന്‍ ഇരുചക്ര വാഹനങ്ങളും മറ്റ് സാമഗ്രികളും കത്തി നശിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Kerala
ബംഗളൂരു: കോഴിക്കോട് സാമൂതിരി കെ.സി. രാമചന്ദ്രൻ രാജ (93) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. കോട്ടയ്ക്കൽ കിഴക്കേ കോവിലകം കുടുംബാംഗമാണ്. സംസ്കാരം വെള്ളിയാഴ്ച ബംഗളൂരുവിൽ.
രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന മാനേജ്മെന്റ് കൺസൾട്ടന്റ് വിദഗ്ധൻ കൂടിയായ കെ.സി. രാമചന്ദ്രൻ രാജ രണ്ടു മാസം മുമ്പാണ് സാമൂതിരിയായി തെരഞ്ഞെടുക്കപ്പെട്ടത്. സാമൂതിരിയായിരുന്ന കെ.സി.യു. രാജ മൂന്നുമാസം മുൻപ് അന്തരിച്ചതിനെ തുടർന്നാണ് ഇദ്ദേഹം സാമൂതിരിയായത്. ഔദ്യോഗിക സ്ഥാനാരോഹണം അടുത്തമാസം കോഴിക്കോട് നടക്കാനിരിക്കെയാണ് അന്ത്യം.
ബംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ താമസക്കാരനായ കെ.സി.രാമചന്ദ്രൻ രാജ ഇന്ത്യയിലെയും ഗൾഫ് മേഖലയിലെയും വിവിധ സ്ഥാപനങ്ങളുടെ മാനേജ്മെന്റ് ഉപദേഷ്ടാവായിരുന്നു.
എസ്പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ, മുംബൈ ഗാർവേർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ എജ്യുക്കേഷൻ സ്ഥാപക ഡയറക്ടർ, ജിഐഡിസി രാജ്ജു ഷോർഫ് റോഫേൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് അഡ്വൈസർ, മുംബൈ മാനേജ്മെന്റ് അസോസിയേഷൻ ഗവേഷണവിഭാഗം ചെയർമാൻ, അഹമ്മദാബാദ് മാനേജ്മെന്റ് അസോസിയേഷൻ അക്കാദമിക് അഡ്വൈസർ തുടങ്ങി ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കോട്ടയ്ക്കൽ കിഴക്കേ കോവിലകാംഗം പരേതയായ മഹാദേവി തമ്പുരാട്ടിയുടെയും പരേതനായ ജാതവേദൻ നമ്പൂതിരിയുടെയും ഏകമകനാണ്. ഭാര്യ: ഇന്ദിര രാജ മേനോൻ. മക്കൾ: കല്യാണി രാജ മേനോൻ (ബംഗളൂരൂ), നാരായൺമേനോൻ (യുഎസ്എ). മരുമക്കൾ: കൊങ്ങശേരി രവീന്ദ്രനാഥ് മേനോൻ (റിട്ട. സിവിൽ എൻജിനിയർ, അബുദാബി), മിനി ഉണ്ണികൃഷ്ണമേനോൻ (യുഎസ്എ).
District News
കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് നവീകരണത്തിനായി സർക്കാർ ഫണ്ട് അനുവദിച്ചു. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.
നവീകരണ പദ്ധതിയിൽ ആധുനിക ശുചിമുറികൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, മികച്ച പാർക്കിംഗ് സൗകര്യം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും കൂടുതൽ വെളിച്ചം ഉറപ്പാക്കാനും നടപടികൾ സ്വീകരിക്കും. കെ.എസ്.ആർ.ടി.സി.ക്ക് വരുമാനം വർദ്ധിപ്പിക്കാനും ഇത് സഹായകമാകും.
ടൂറിസം മന്ത്രിയും കെ.എസ്.ആർ.ടി.സി. എം.ഡിയും പങ്കെടുത്ത യോഗത്തിലാണ് ഫണ്ട് അനുവദിക്കുന്നതിനുള്ള അന്തിമ തീരുമാനം എടുത്തത്. നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ പണികൾ നടത്തുമെന്നും അധികൃതർ അറിയിച്ചു
District News
ഫറൂഖ് കോളേജ് സ്റ്റാഫ് ക്ലബ്ബിന്റെ 'ഓർബിസ് 2025-26' പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത ഐ.എ.എസ്. ഉദ്യോഗസ്ഥൻ മുരളി തുമ്മാരുക്കുടി നിർവഹിച്ചു. വിദ്യാഭ്യാസം വർധിക്കുന്തോറും തൊഴിൽ സാധ്യതകൾ കുറയുന്ന പ്രതിഭാസമാണ് കേരളത്തിൽ നിലവിലുള്ളതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഈ പ്രവണത മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമാന്യ വിദ്യാഭ്യാസം നേടിയ ഒരാളേക്കാൾ കുറഞ്ഞ ശമ്പളമാണ് പലപ്പോഴും ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് ലഭിക്കുന്നതെന്നും, ഈ അവസ്ഥ മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും മുരളി തുമ്മാരുക്കുടി അഭിപ്രായപ്പെട്ടു. ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ. ആയിഷ സ്വപ്ന അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് ക്ലബ് സെക്രട്ടറി എം.ടി. ശിഹാബുദ്ദീൻ, വൈസ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജബ്ബാർ എം., ഐ.ക്യു.എ.സി. കോഓർഡിനേറ്റർ ഡോ. കവിത എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും, തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനും ഊന്നൽ നൽകിക്കൊണ്ടുള്ള നിരവധി പരിപാടികൾക്ക് 'ഓർബിസ്' നേതൃത്വം നൽകുമെന്ന് സംഘാടകർ അറിയിച്ചു. യുവജനങ്ങൾക്ക് ശരിയായ ദിശാബോധം നൽകാനും കരിയർ വികസനത്തിന് സഹായിക്കാനും ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
District News
മുൻകാല കോഴിക്കോട് സാമൂതിരി രാജവംശത്തിന്റെ തലവനായിരുന്ന കെ.സി. രാമചന്ദ്രൻ രാജ (93) അന്തരിച്ചു. ഇന്ന് (ജൂൺ 26, 2025) രാവിലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടക്കൽ കിഴക്കേ കോവിലകം ശാഖയിലെ അംഗമായിരുന്ന രാമചന്ദ്രൻ രാജ, പ്രശസ്തനായ മാനേജ്മെന്റ്, ബിസിനസ് കൺസൾട്ടന്റായിരുന്നു.
ഏപ്രിലിൽ കെ.സി. ഉണ്ണിയനുജൻ രാജ അന്തരിച്ചതിനെ തുടർന്നാണ് ഇദ്ദേഹം കുടുംബത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടത്. 1932 ഏപ്രിൽ 27-ന് കാലടി മനയിലെ ജാതവേദൻ നമ്പൂതിരിയുടെയും കോട്ടക്കൽ കിഴക്കേ കോവിലകത്തെ മഹാദേവി തമ്പുരാട്ടിയുടെയും മകനായാണ് രാമചന്ദ്രൻ രാജ ജനിച്ചത്. ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഉപരിപഠനം നടത്തി.
രോഗബാധയെ തുടർന്ന് കുറച്ചുകാലമായി ബെംഗളൂരു വൈറ്റ്ഫീൽഡിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. സാമൂതിരിമാരുടെ കീഴിലുള്ള നിരവധി ക്ഷേത്രങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ട്രസ്റ്റീഷിപ്പ് ഔദ്യോഗികമായി ഏറ്റെടുക്കാൻ ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹത്തിന് കോഴിക്കോട് എത്താൻ സാധിച്ചിരുന്നില്ല. ഭാര്യ ഇന്ദിരാ രാജയും മകൻ നാരായൺ മേനോനും മകൾ കല്യാണി രാജാ മേനോനും ഉൾപ്പെടെയുള്ളവർ ഇദ്ദേഹത്തിനുണ്ട്. അന്ത്യകർമ്മങ്ങൾ ബെംഗളൂരുവിൽ നടക്കും.
District News
കോഴിക്കോട് നഗരത്തിൽ മെട്രോ റെയിൽ പദ്ധതിയുടെ സാധ്യത പഠനം പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. നഗരത്തിലെ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിനും ഭാവിയിലെ യാത്രാ ആവശ്യങ്ങൾക്കും മെട്രോ ഒരു ശാശ്വത പരിഹാരമാകുമെന്ന വിലയിരുത്തലിലാണ് ഈ നീക്കം. ഡി.എം.ആർ.സി (ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ) പ്രാഥമിക പഠനം നടത്തിയിരുന്നുവെങ്കിലും തുടർനടപടികൾ നിലച്ചിരുന്നു.
പദ്ധതിയുടെ സാമ്പത്തിക ഭാരം, യാത്രാ ആവശ്യകത, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ പഠനത്തിനാണ് ഇപ്പോൾ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെയും സമീപ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കും മെട്രോ പാത വിഭാവനം ചെയ്യുന്നത്. ഇത് കോഴിക്കോട് നഗരത്തിന്റെ സമഗ്ര വികസനത്തിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്.
മെട്രോ യാഥാർത്ഥ്യമായാൽ നഗരത്തിലെ പൊതുഗതാഗതം കൂടുതൽ കാര്യക്ഷമമാവുകയും കാർബൺ ബഹിർഗമനം കുറയ്ക്കുകയും ചെയ്യും. പുതിയ പദ്ധതി നഗരത്തിലെ വാണിജ്യ, വ്യവസായ മേഖലകൾക്ക് പുതിയ ഉണർവ് നൽകുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. എത്രയും പെട്ടെന്ന് പഠനം പൂർത്തിയാക്കി പ്രായോഗികമായ പദ്ധതി രൂപരേഖ സമർപ്പിക്കാനാണ് നിർദ്ദേശം.
District News
കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. 2,134 കോടി രൂപയുടെ ഈ പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഉപാധികളോടെ അനുമതി നൽകിയിട്ടുണ്ട്. 8.17 കിലോമീറ്റർ നീളമുള്ള ഈ തുരങ്കപാത താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ചുരത്തിലെ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളെ ഒഴിവാക്കി ഏകദേശം 40 കിലോമീറ്ററോളം യാത്രാദൂരം കുറയ്ക്കാൻ ഈ തുരങ്കപാത സഹായിക്കും. ഭാരവാഹനങ്ങൾ ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത് ഒഴിവാക്കാനും ഇത് സഹായകമാകും. കോഴിക്കോട് എം.എൽ.എ. ലിന്റോ ജോസഫ് അറിയിച്ചത് പ്രകാരം ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കും.
കേരള പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പാക്കുന്നത്. തുരങ്കത്തിന്റെ നിർമ്മാണച്ചുമതല ദിലീപ് ബിൽഡ്കോണിനും അപ്രോച്ച് റോഡിന്റെ നിർമ്മാണം റോയൽ ഇൻഫ്രാസ്ട്രക്ചറിനുമാണ്. പരിസ്ഥിതി പ്രവർത്തകർ ആശങ്ക ഉന്നയിക്കുന്നുണ്ടെങ്കിലും, വിശ്വസനീയമായ എല്ലാ കാലാവസ്ഥയിലും ഗതാഗത സൗകര്യം ഉറപ്പാക്കാൻ ഈ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
District News
കൂടരഞ്ഞി: അപകടങ്ങളും അത്യാഹിത സാഹചര്യങ്ങളും ഉണ്ടാകുമ്പോൾ മെഡിക്കൽ സാഹചര്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്ന എമർജൻസി ഫസ്റ്റ് റസ്പോണ്ടർമാർക്കുള്ള തുടർ പരിശീലന പരിപാടി "ലൈഫ് ലൈനർ' ആരംഭിച്ചു. കൂടരഞ്ഞി സിഗ്നേച്ചർ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലും കൂടരഞ്ഞി പഞ്ചായത്തും സംയുക്തമായാണ് പരിപാടി ആരംഭിച്ചത്.
പരിശീലനം ലഭിച്ചവരുടെ സംഘങ്ങൾ പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും സജ്ജമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മെഡിക്കൽ പ്രഫഷണലുകൾ ഏറ്റെടുക്കുന്നതിന് മുമ്പുള്ള പ്രധാനപ്പെട്ട മണിക്കൂറിൽ ജീവൻരക്ഷാ സഹായം നൽകാൻ പ്രാപ്തരായ ടീമിനെ പരിശീലനം നൽകി ഒരുക്കലാണ് പദ്ധതി.
പരിശീലനം ലഭിച്ചവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ചടങ്ങിൽ കൂടരഞ്ഞിയിലെ ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു. കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. സിഗ്നേച്ചർ ക്ലബ് പ്രസിഡന്റ് സിജോ മച്ചുകുഴിയിൽ അധ്യക്ഷത വഹിച്ചു.
District News
കൊയിലാണ്ടി: ദേശീയപാതയിൽ പാലക്കുളത്ത് കാറുകൾ കൂട്ടിയിടിച്ച് നാല്പേർക്ക് പരിക്ക്. പയ്യാനക്കൽ പ്രഭാഷ് (39), പാലാഴി അവിനാശ് (24), കുണ്ടായിത്തോട് ബബീഷ് (27), കുണ്ടായിത്തോട് അഭിനവ് (24) എന്നിവർക്കാണ് പരിക്കേറ്റത്.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 4.30 ഓടെ യായിരുന്നു അപകടം. ഇരുഭാഗത്തു നിന്നും വരുകയായിരുന്ന കാറുകൾ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
District News
കോടഞ്ചേരി: എട്ടു മാസങ്ങൾക്ക് മുൻപ് ഒന്നാം ഘട്ട ടാറിംഗ് പൂർത്തിയാക്കിയ ഓമശേരി-വേളംകോട്- കോടഞ്ചേരി റോഡ് തകർന്നു. ശാന്തിനഗറിനും - കോടഞ്ചേരിക്കും ഇടയിൽ 7.2 കിലോമീറ്റർ ദൂരത്തിനിടെ 55 ചെറുതും വലുതുമായ കുഴികളാണ് രൂപപ്പെട്ടത്.
2023 ജൂലൈയിൽ കേന്ദ്ര സർക്കാരിന്റെ സിആർഐഎഫ് ഫണ്ടിൽ 15 കോടി രൂപ അനുവദിച്ചാണ് പത്ത് കിലോമീറ്റർ റോഡിന്റെ നിർമാണം ആരംഭിച്ചത്. പല കാരണങ്ങൾ കൊണ്ട് നീണ്ടുപോയ റോഡ് പണി കഴിഞ്ഞ ഒക്ടോബറിലാണ് പൂർത്തീകരിച്ചത്. സിഐആർഎഫ് ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ നിർമാണം നടത്തിയത്.
ശാന്തിനഗറിൽ നിന്ന് ആരംഭിച്ച് കോടഞ്ചേരി വരെയാണ് റോഡിന്റെ ഒന്നാം ഘട്ട ടാറിംഗ് പൂർത്തിയായത്. ഇതാണ് എട്ട് മാസം കൊണ്ട് തകർന്നത്. എത്രയും വേഗം റോഡ് നന്നാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.