ചെന്നൈയിൽ അമേരിക്കൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
Monday, July 22, 2024 4:42 PM IST
ചെന്നൈ: ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറലിന്‍റെ ആതിഥേയത്വത്തിൽ 248-ാം യുഎസ് ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന യുഎസ് - ഇന്ത്യ പങ്കാളിത്തത്തെ ഇന്ത്യയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡർ എറിക് ഗാർസെറ്റി പ്രശംസിച്ചു.

ബഹിരാകാശ പര്യവേക്ഷണം, സ്റ്റെം (സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമറ്റിക്സ്) മേഖലകളിലെ ഉഭയകക്ഷി സഹകരണം പ്രത്യേകം എടുത്ത് പറഞ്ഞാണ് ഗാർസെറ്റി അമേരിക്കൻ ദേശീയ ദിനാഘോഷത്തിൽ സംസാരിച്ചത്.

ബഹിരാകാശ സാങ്കേതിക വിദ്യയിലും സ്റ്റെം വിദ്യാഭ്യാസത്തിലും യുണൈറ്റഡ് സ്റ്റേറ്റ്സും ഇന്ത്യയും സഹകരിച്ച് നടപ്പാക്കുന്ന ഉദ്യമങ്ങളെ ഉയർത്തിക്കാട്ടിയ ഗാർസെറ്റി ഇരുരാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ സഖ്യത്തിന് അടിവരയിട്ടു.



തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പ്രതിനിധീകരിച്ച് ചടങ്ങില്‍ തമിഴ്‌നാട് സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി അന്പിൽ മഹേഷ് പൊയ്യാമൊഴി പങ്കെടുത്തു. ചെന്നൈ യുഎസ് കോൺസൽ ജനറൽ ക്രിസ് ഹോഡ്‌ജസ്, ചടങ്ങിലെ വിശിഷ്ടാതിഥിയായ നടൻ കമൽ ഹാസന്‍ എന്നിവരും യുഎസ് - ഇന്ത്യ ബന്ധങ്ങളുടെ ബഹുമുഖ സ്വഭാവത്തെപ്പറ്റി എടുത്തുപറഞ്ഞു.

ബഹിരാകാശം പ്രതിപാദവിഷയമാക്കി അണിയിച്ചൊരുക്കിയ യുഎസ് ദേശീയ ദിനാഘോഷത്തിന്‍റെ ഏകീകരണ ശക്തിയെ അഭിനന്ദിച്ച കമൽ ഹാസന്‍ സമീപകാല ബഹിരാകാശ പര്യവേക്ഷണങ്ങളിൽ സ്ത്രീകളുടെ പങ്കിനെയും പ്രശംസിച്ചു.

അവാർഡ് ജേതാവായ യുവ ഗായിക ഐന പടിയത്ത് യുഎസ് ദേശീയ ഗാനവും ഗായിക പവിത്ര ചാരി ഇന്ത്യൻ ദേശീയ ഗാനവും ചടങ്ങിൽ ആലപിച്ചു.