ഒക്ലഹോമയിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് മരണം
ഒക്ലഹോമ: നോർമനിൽ സ്കൂൾ ബസും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ഫ്രാങ്ക്ലിൻ റോഡിലായിരുന്നു സംഭവം. ഫ്രാങ്ക്ലിൻ റോഡിലൂടെ പടിഞ്ഞാറോട്ട് സഞ്ചരിക്കുകയായിരുന്ന പിക്കപ്പ് ട്രക്ക് നിയന്ത്രണം വിട്ട് സെന്റർ ലൈൻ കടന്ന് സ്കൂൾ ബസിലേക്ക് ഇടിക്കുകയായിരുന്നു.
അപകടസമയത്ത് പിക്കപ്പ് ട്രക്കിലുണ്ടായിരുന്ന ഒരു പുരുഷനും സ്ത്രീയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. സ്കൂൾ ബസിലുണ്ടായിരുന്ന രണ്ട് മുതിർന്നവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസിലുണ്ടായിരുന്ന മൂന്ന് കുട്ടികളിൽ ആർക്കും പരുക്കുകളില്ലെന്ന് പോലീസ് വ്യക്തമാക്കി. അപകടത്തെക്കുറിച്ച് കൊളിഷൻ ഇൻവെസ്റ്റിഗേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ടീം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ടെക്സസിലെ മിന്നൽ പ്രളയം: തീരാ നോവായി ഡാളസിൽ നിന്നുള്ള ഇരട്ടക്കുട്ടികൾ
ഡാളസ്: ടെക്സസിലെ മിന്നൽ പ്രളയത്തിൽ ഡാളസിൽ നിന്നുള്ള എട്ട് വയസുകാരായ ഇരട്ടകളുടെ ജീവൻ നഷ്ടപ്പെട്ടു. ഇരട്ട സഹോദരിമാരായ ഹന്നയും റെബേക്ക ലോറൻസും യൂണിവേഴ്സിറ്റി പാർക്ക് എലിമെന്ററിയിൽ രണ്ടാം ക്ലാസ് വിദ്യാർഥികളാണ്.
ഇരട്ടക്കുട്ടിളുടെ മൂത്ത സഹോദരി(14) പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. വെള്ളപ്പൊക്കത്തിലാണ് ഇരുവരും കൊല്ലപെട്ടതെന്ന് ഹന്നയുടെയും റെബേക്കയുടെയും മാതാപിതാക്കളായ ജോണും ലേസി ലോറൻസും പ്രസ്താവനയിൽ പറഞ്ഞു.
ഇരട്ടകൾക്ക് മാത്രം മനസിലാകുന്ന ഒരു ആത്മബന്ധം ഹന്നയും റെബേക്കയും പങ്കിട്ടിരുന്നു. അവർ വളരെ വ്യത്യസ്തരായിരുന്നു. പക്ഷേ ഏറ്റവും മധുരമുള്ള സൗഹൃദമായിരുന്നു അവരുടേത്.
അവർ രണ്ടുപേരും പുസ്തകങ്ങളെ സ്നേഹിച്ചിരുന്നു. രാത്രി മുഴുവൻ ഉണർന്നിരുന്ന് വായിച്ചിരുന്നു എന്ന് മാതാപിതാക്കൾ പ്രസ്താവനയിൽ കുറിച്ചു.
സോമർസെറ്റ് സെന്റ് തോമസ് സീറോമലബാർ ഫൊറോന ദേവാലയം പത്താം വാർഷിക നിറവിൽ
ന്യൂജഴ്സി: സോമർസെറ്റിലെ സെന്റ് തോമസ് സീറോമലബാർ കാത്തലിക് ഫൊറോന ദേവാലയം ഇടവകയുടെ പത്താം വാർഷികം വെള്ളിയാഴ്ച ആഘോഷിക്കുന്നു. ആഘോഷത്തിൽ പങ്കെടുക്കാൻ ഇടവകയുടെ പുതിയ വികാരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി എല്ലാ ഇടവകാംഗങ്ങളെയും ക്ഷണിച്ചു.
വൈകുന്നേരം 7.30ന് ബിഷപ് എമറിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് ആഘോഷമായ കൃതജ്ഞതാബലി അർപ്പിക്കും. ഇടവകയുടെ സ്ഥാപക വികാരിയായ ഫാ. തോമസ് കടുകപ്പിള്ളിയും നിലവിലെ വികാരി ഫാ. ജോണിക്കുട്ടി പുലിശേരിയും സഹകാർമികത്വം വഹിക്കും.
ദിവ്യബലിക്ക് ശേഷം, ഇടവകാംഗങ്ങൾക്കായി സ്നേഹവിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ വികാരിയും ട്രസ്റ്റിമാരും എല്ലാ ഇടവകാംഗങ്ങളെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ബോബി വർഗീസ് (ട്രസ്റ്റി) - 201 927 2254, റോബിൻ ജോർജ് (ട്രസ്റ്റി) - 848 391 6535, സുനിൽ ജോസ് (ട്രസ്റ്റി) - 732 421 7578, ലാസർ ജോയ് വെള്ളാറ (ട്രസ്റ്റി) - 201 527 8081.
വെബ്: www.stthomassyronj.org
സന്നദ്ധസേവന രംഗത്ത് മാതൃക തീർത്ത് ഫ്ലോറിഡ കൈരളി ആർട്സ് ക്ലബ്
ഫ്ലോറിഡ: സന്നദ്ധസേവന രംഗത്ത് സമാനതകൾ ഇല്ലാത്ത മാതൃക തീർത്ത് ഫ്ലോറിഡ കൈരളി ആർട്സ് ക്ലബ്. കഴിഞ്ഞവർഷങ്ങളിൽ കൈരളി ആർട്സ് ക്ലബ് കേരളത്തിൽ മാത്രം വിതരണം ചെയ്ത തുക ഒരു കോടിയിലധികമായി.
ഭിന്നശേഷിക്കാരായ 100ലധികം കുട്ടികൾക്കായി പ്രവർത്തിക്കുന്ന തിരുവല്ല വൈഎംസിഎയുടെ വികാസ് സ്കൂളിലെ വിദ്യാർഥികളുടെ പഠനോപകണങ്ങൾക്കും മറ്റുആവശ്യങ്ങൾക്കും വൈഎംസിഎയുടെ പല വികസനപ്രവർത്തങ്ങൾക്കും കൈരളി ആർട്സ് ക്ലബ് നൽകിയ തുക മാത്രം ഒരു കൊടിയോളംവരുമെന്ന് വൈഎംസിഎ ചാരിറ്റി വിഭാഗം ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ അറിയിച്ചു.
ഓണം, ക്രിസ്മസ് മുതലായ ആഘോഷ സമയങ്ങളിൽ കുട്ടികൾക്കും അവരുടെ കുടുംബത്തിനും സമ്മാനങ്ങളും ഭക്ഷണവും വസ്ത്രങ്ങളും വർഷം തോറും വിതരണം ചെയ്തു. വികാസ് സ്കൂളിലെ മൂന്ന് കുഞ്ഞുങ്ങളുടെ സ്പോൺസർഷിപ് കൈരളി ഏറ്റെടുത്തിട്ടുണ്ട്.
2025ൽ തന്നെ നാല് ലക്ഷത്തിലധികം രൂപ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഇതിനോടകം കൈരളി ആർട്സ് ചെലവഴിച്ചു. ഭവന രഹിതരായകുടുംബങ്ങൾക്ക് പാർപ്പിടം, വിദ്യാഭ്യാസ-മെഡിക്കൽ ആവശ്യങ്ങൾക്കുള്ള അനേകം ആളുകൾക്കുള്ളസഹായം എന്നിവയും കൈരളിയുടെ ജീവ കാരുണ്യ പ്രവർത്തങ്ങളിൽപ്പെടും.
ഫോകാനയോടു സഹകരിച്ചു ഏഴ് ഭവനങ്ങൾ പണിയിച്ചു നൽകയും മാജിക് പ്ലാനട്ടിലെ സ്ത്രീ കൂട്ടായ്മക്ക്സ്വയം തൊഴിൽ കണ്ടെത്താനും നിർധനരായ 30 വിദ്യാർഥികൾക്ക് സെൽഫോൺ വാങ്ങി നൽകാനുംകൈരളി സഹായ ഹസ്തം നീട്ടി.
കൊട്ടാരക്കര യുവസാരഥി ക്ലബിനോട് ചേർന്ന് 30 കുട്ടികൾക്ക്പഠനോപകരണങ്ങൾ നൽകിയതും മറ്റൊരു സ്ഥലത്ത് ഒരു ലക്ഷം രൂപ മുടക്കി പഠന കളരി സംഘടിപ്പിച്ചതും 2025 ജൂണിലാണ്.
ജയിലിലെ അന്തേവാസികൾക്ക് ഭക്ഷണം, കിഡ്നി ഫൌണ്ടേഷൻ വഴിയുള്ള ധനസഹായം, ആംബുലൻസ് വാങ്ങുക എന്നിവയൊക്കെ കൂടാതെ മയാമിയിലെയും ഫോർട്ട് ലോഡ്ർഡാലിലെയും സൂപ്കിച്ചൺ മുഖേനയുള്ള ഭക്ഷണ വിതരണം തുടങ്ങി ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൈരളി കഴിഞ്ഞ വർഷങ്ങളിൽ സാരധ്യം നൽകി.
സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് അല്പമായെങ്കിലും സഹായം നൽകാൻസാധിക്കുന്നതിൽ തങ്ങൾ അതീവ സന്തുഷ്ടരാണെന്നു കൈരളിയുടെ ചാരിറ്റി വിഭാഗം നയിക്കുന്ന ജോർജി വർഗീസ്, ഡോ. മാമ്മൻ സി. ജേക്കബ്, വർഗീസ് ജേക്കബ് എന്നിവർ വ്യക്തമാക്കി.
ഡോ. മഞ്ജു സാമൂവേൽ, അവിനാശ് ഫിലിപ്പ്, ജോർജ് മാത്യു, വർഗീസ് സാമൂവേൽ, മാത്യു ജേക്കബ് എന്നിവരും കൈരളി ആർട്സിന്റെ ഈ ഉദ്യമത്തിൽ സജീവ പങ്കാളികളാണ്.
താൻ സൺ ബാത്ത് നടത്താറില്ല; വധഭീഷണിക്കെതിരേ പ്രതികരിച്ച് ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിലെ തന്റെ മാർ എ ലാഗോ റിസോർട്ടിൽ സൺ ബാത്ത് നടത്തുമ്പോൾ ഡ്രോൺ ഉപയോഗിച്ച് വധിക്കുമെന്ന ഇറാൻ പരമോന്നത നേതാവിന്റെ വക്താവിന്റെ ഭീഷണിയോട് പ്രതികരിച്ച് ട്രംപ്.
ഒരു ചെറിയ ഡ്രോണിന് ട്രംപിനെ വകവരുത്താൻ കഴിയുമെന്ന് ഇറാൻ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനയിയുടെ ഉപദേശകൻ മുഹമ്മദ് ജവാദ് ലാരിജാനി പറഞ്ഞതായി ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.
ലാരിജാനി പറഞ്ഞത് ഒരു ഫലിതമായാൽ പോലും ജൂണിൽ അമേരിക്ക ഇറാന്റെ ആണവായുധ കേന്ദ്രങ്ങൾക്കു നേരെ നടത്തിയ ആക്രമണങ്ങൾക്കു പ്രതികാരമായി ഇസ്ലാമിക് റിപ്പബ്ലിക്ക് ഏജന്റുമാർ ട്രംപിന് നേരെ ആക്രമണം നടത്തുമെന്നുള്ള വാർത്തകൾക്കു പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്.
ഇറാനും അമേരിക്കയുമായി കഴിഞ്ഞ നാലു ദശകങ്ങളായി വളരെ മോശമായതും പരസ്പര വിശ്വാസമില്ലാത്തതുമായ ബന്ധമാണ് ഉള്ളത്. ട്രംപ് പ്രസിഡന്റായി അധികാരം ഏറ്റതിനു ശേഷം ഈ ബന്ധം കൂടുതൽ വഷളാവുകയും ചെയ്തു.
ട്രംപ് ഭരണത്തിന്റെ ആദ്യ ഊഴത്തിൽ ജോയിന്റ് കോമ്പ്രെഹെൻസീവ് പ്ലാൻ ഓഫ് ആക്ഷനിൽ (ഇറാൻ നുക്ലീർ ഡീൽ എന്നറിയപ്പെട്ടിരുന്നു) നിന്ന് യുഎസ് പിൻവാങ്ങിയതും ഖുദ്സ് ഫോഴ്സിന്റെ തലവൻ ജനറൽ ഖു ആസേം സോൾമേനിയുടെ വധവും ഇരുരാഷ്ട്രങ്ങൾ തമ്മിലുള്ള അകൽച്ച വർധിക്കുവാൻ കാരണമായി.
ഇറാനിയൻ പരമോന്നത നേതാവിന്റെ ഉപദേശകന്റെ വെളിപ്പെടുത്തൽ പുറത്തുവന്നത് ഇതിനു പിന്നാലെയാണ്. ബുധനാഴ്ച ലാരിജാനി ഇറാനിയൻ ടെലിവിഷനിൽ പറഞ്ഞതാണ് ഇറാൻ ഇന്റർനാഷനൽ റിപ്പോർട്ട് ചെയ്തത്.
ഇറാന്റെ ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റഷ്യ - യുക്രെയ്ൻ യുദ്ധത്തിൽ ഇവയ്ക്കൊപ്പം ഷാഹിദ് ഉപകരണങ്ങളും പ്രയോജനപ്പെടുത്തിയാണ് യുക്രെയ്ന്റെ ആന്തരിക സംവിധാനം താറുമാറാക്കിയത് എന്ന് കരുതപ്പെടുന്നു.
ഇറാൻ നേതാവിന്റെ ഭീഷണിയെ കുറിച്ച് എന്ത് പറയുന്നു എന്ന് ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് താൻ അത് കാര്യമായി എടുക്കുന്നില്ലെന്നും ഒരു ഏഴു വയസുകാരൻ ആയിരിക്കുമ്പോഴായിരിക്കാം താൻ സൺ ബാതിംഗ് നടത്തിയിട്ടുണ്ടാവുകയെന്നും ട്രംപ് വെളിപ്പെടുത്തി.
അതിനു ശേഷം സൂര്യ സ്നാനത്തിൽ തനിക്കു വലിയ താത്പര്യം തോന്നിയിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ബധിരരായ കുട്ടികൾക്കായി ആദ്യ അമേരിക്കൻ ആംഗ്യഭാഷാ ബൈബിൾ പരമ്പരയുമായി "മിന്നോ'
ബധിരരായ കുട്ടികൾക്ക് ദൈവവചനം പ്രാപ്യമാക്കുന്നതിനും അവരുടെ മാതാപിതാക്കളെ ആത്മീയ സംഭാഷണങ്ങൾക്ക് സഹായിക്കുന്നതിനും ലക്ഷ്യമിട്ട്, പ്രമുഖ ക്രിസ്ത്യൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ "മിന്നോ' അമേരിക്കൻ ആംഗ്യഭാഷയിൽ (ASL) ഒരു ബൈബിൾ പരമ്പര പുറത്തിറക്കുന്നു.
"ലാഫ് ആൻഡ് ഗ്രോ ബൈബിൾ ഫോർ കിഡ്സ്’ എന്ന തങ്ങളുടെ മുൻനിര പരമ്പരയുട ഐഎസ്എൽ പതിപ്പുകൾ 2025 ഓഗസ്റ്റ് 8 ന് പുറത്തിറക്കുമെന്ന് മിന്നോ അറിയിച്ചു. എഎസ്എൽ ഉപയോഗിച്ച് ഇങ്ങനെയൊരു ബൈബിൾ പരമ്പര ആരംഭിക്കുന്ന ആദ്യത്തെ കമ്പനിയാണ് തങ്ങളെന്ന് മിന്നോയുടെ സിഇഒയും സ്ഥാപകനുമായ എറിക് ഗോസ് പറഞ്ഞു.
ആനിമേറ്റഡ് ബൈബിൾ കഥകളിലൂടെ കുട്ടികളെ നയിക്കുന്ന "ലാഫ് ആൻഡ് ഗ്രോ ബൈബിൾ ഫോർ കിഡ്സ്’ എന്നതിന്റെ എഎസ്എൽ പതിപ്പ്, പിബിഎസ് കിഡ്സ്, ഗൂഗിൾ പോലുള്ള കോർപ്പറേഷനുകളെ എഎസ്എൽ മെച്ചപ്പെടുത്താൻ സഹായിച്ച ബ്രിഡ്ജ് മൾട്ടിമീഡിയയുമായി സഹകരിച്ചാണ് നിർമിക്കുന്നത്. വിവർത്തനങ്ങൾ പ്രായത്തിനനുസരിച്ചായിരിക്കണമെന്ന് പ്ലാറ്റ്ഫോം ഉറപ്പുവരുത്തുന്നതായും ഗോസ് വ്യക്തമാക്കി.
കൂടുതൽ പിന്തുണ ലഭ്യമാകുന്ന മുറയ്ക്ക് തങ്ങളുടെ പരിപാടികളുടെ കൂടുതൽ എഎസ്എൽ പതിപ്പുകൾ ആരംഭിക്കാൻ മിന്നോ ശ്രമിക്കുന്നുണ്ട്. മിന്നോ ഒരു ലാഭേച്ഛയില്ലാത്ത കോർപ്പറേഷൻ കൂടിയാണ്. മിന്നോയുടെ വിവർത്തന ശ്രമങ്ങൾക്ക് ധനസഹായം നൽകിയ ദാതാക്കളോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും ഗോസ് പറഞ്ഞു.
ലാഫ് ആൻഡ് ഗ്രോ ബൈബിൾ ഫോർ കിഡ്സ്’ സ്പാനിഷിലും പോർച്ചുഗീസിലും മിന്നോ ലഭ്യമാക്കും. 2022ൽ ഇതേ പേരിലുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ഈ പരമ്പരയിൽ 40ലധികം എപ്പിസോഡുകളും മൂന്ന് 30 മിനിറ്റ് സ്പെഷ്യലുകളും ഉൾപ്പെടുന്നു.
കമ്പനിയുടെ സബ്സ്ക്രിപ്ഷൻ വിഡിയോഓൺഡിമാൻഡ് പ്ലാറ്റ്ഫോമിന് 2024 മുതൽ 2025 വരെയുള്ള കാലയളവിൽ മൂന്നക്ക അംഗത്വ വളർച്ചയുണ്ടായി. ഇത് മിന്നോയെ ഡയറക്ട്ടുകൺസ്യൂമർ സബ്സ്ക്രിപ്ഷൻ കമ്പനികളുടെ മുൻനിര ഒരുശതമാനത്തിൽ ഉൾപ്പെടുത്തി.
യൂട്യൂബിൽ ഒരു ദശലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള മിന്നോ, പ്ലാറ്റ്ഫോമിലെ ഏറ്റവും കൂടുതൽ സബ്സ്ക്രൈബുചെയ്ത ചാനലുകളിൽ ഒന്നാണ്.
മാർത്തോമ്മാ ഫാമിലി കോൺഫറൻസ് സമാപിച്ചു
ന്യൂയോർക്ക്: 35ാമത് മാർത്തോമ്മാ ഫാമിലി കോൺഫറൻസ് ലോങ്ങ് ഐലൻഡ് മെൽവില്ലിലെ മാരിയറ്റ് ഹോട്ടലിൽ സമാപിച്ചു. ’കുടുംബം: വിശ്വാസ ഭൂമിക’ (എമാശഹ്യ: എമശവേരെമുല) എന്ന പ്രമേയത്തെ ആസ്പദമാക്കിയായിരുന്നു ഈ വർഷത്തെ സമ്മേളനം. വിവിധ ഇടവകകളിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 642 പ്രതിനിധികൾ പങ്കെടുത്തു.
നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ സമാപന സന്ദേശം നൽകി. സമാപന ദിവസത്തെ വിശുദ്ധ കുർബാനയ്ക്ക് മാർത്തോമ്മാ സഭയുടെ അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ സഹകാർമികനായിരുന്നു.
കോൺഫറൻസിൽ, മാത്യൂസ് മാർ സെറാഫിം, ബെംഗളൂരുവിൽ നിന്നുള്ള ഡോ. പി.സി. മാത്യു, സിബി മാത്യു എന്നിവർ വിവിധ സെഷനുകള്ക്ക് നേതൃത്വം നൽകി. മുഖ്യ പ്രഭാഷകർക്ക് പുറമെ, മുതിർന്നവർക്കും യുവജനങ്ങൾക്കും കുട്ടികൾക്കുമായുള്ള വിവിധ ട്രാക്കുകളിൽ നിരവധി പ്രഗത്ഭർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
അഡൾട്ട്/യൂത്ത്/ചിൽഡ്രൻ ട്രാക്കുകളിലെ വിവിധ സെഷനുകൾക്ക് ടോം ഫിലിപ്പ് (ലേ ചാപ്ലെയിൻ), ഡോ. സൂസൻ തോമസ് (ക്ലിനിക്കൽ സോഷ്യൽ വർക്ക്), ഡോ. ഷിബി ഏബ്രഹാം (ചൈൽഡ്& അഡോലസെന്റ് സൈക്കോളജിസ്റ്റ്), ഡോ. ബെറ്റ്സി ചാക്കോ (ക്ലിനിക്കൽ സോഷ്യൽ വർക്ക്) എന്നിവരും, കുട്ടികളുടെ ക്ലാസുകൾക്ക് റവ. റോബിൻ വർഗീസ്, റവ. ജോൺ വിൽസൺ എന്നിവരും,ബൈബിൾ പഠന ക്ലാസുകൾക്ക് റവ. തോമസ് ബി., റവ. റെജിൻ രാജു, റവ. ഡെന്നിസ് ഏബ്രഹാം എന്നിവരും, ആരോഗ്യ ബോധവൽക്കരണ ക്ലാസിന് (ഒലമഹവേ ഠമഹസ) ഡോ. ഷീന എലിസബത്ത് ജോണും നേതൃത്വം നൽകി.
കോൺഫറൻസ് വൈസ് പ്രസിഡന്റ് റവ. ഡോ. പ്രമോദ് സഖറിയ, ജനറൽ കൺവീനർ തോമസ് ജേക്കബ് (ഷാജി), ട്രെഷറർ കുര്യൻ തോമസ്, അക്കൗണ്ടന്റ് ബെജി ടി. ജോസഫ് എന്നിവരോടൊപ്പം വിവിധ സബ്കമ്മിറ്റികളുടെ അധ്യക്ഷന്മാർ, കൺവീനേഴ്സ്, കമ്മിറ്റി അംഗങ്ങൾ എന്നിവരെയും സമാപന യോഗത്തിൽ അഭിനന്ദിച്ചു.
ജനറൽ കൺവീനറായ ഷാജി തോമസ് ജേക്കബ് സമാപന ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് ഹിൽട്ടൺ സ്റ്റാംഫോർഡിൽ തുടക്കമായി
സ്റ്റാംഫോർഡ്/കണക്റ്റികട്ട്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് തുടക്കമായി. ഹിൽട്ടൺ സ്റ്റാംഫോർഡ് ഹോട്ടൽ ആൻഡ് മീറ്റിംഗ് സെന്ററിൽ ഇന്ത്യൻ സംസ്കാരത്തെയും ഓർത്തഡോക്സ് ക്രിസ്ത്യൻ പാരമ്പര്യത്തെയും ഉയർത്തികാട്ടികൊണ്ടുള്ള ഉദ്ഘാടന ഘോഷയാത്രയോടെയായിരുന്നു തുടക്കം.
ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.സഖറിയാസ് മാർ നിക്കോളാവോസിന്റെ സാന്നിധ്യത്തിൽ ആയിരുന്നു ഘോഷയാത്ര. ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ (ഭദ്രാസന സെക്രട്ടറി), കെ.ജി. ഉമ്മൻ (മലങ്കര സഭാ മാനേജിങ് കമ്മിറ്റി അംഗം), ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. വിജയ് തോമസ്, ജോബി ജോൺ, ഷെയ്ൻ ഉമ്മൻ, ബിജോ തോമസ്, ഉമ്മൻ കാപ്പിൽ എന്നിവരും പങ്കെടുത്തു.ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കോർ ടീം കോ ഓർഡിനേറ്റർ ഫാ. അബു പീറ്റർ, സെക്രട്ടറി ജെയ്സൺ തോമസ്, ട്രഷറർ ജോൺ താമരവേലിൽ, സുവനീർ എഡിറ്റർ ജെയ്സി ജോൺ, ഫിനാൻസ് മാനേജർ ഫിലിപ്പ് തങ്കച്ചൻ, അസിസ്റ്റന്റ് ട്രഷറർ ലിസ് പോത്തൻ, അസിസ്റ്റന്റ് സെക്രട്ടറി ഡോ. ഷെറിൻ എബ്രഹാം എന്നിവരും നേതൃത്വം നൽകി.

ഘോഷയാത്രയിൽ നിന്ന്.ഫാ. ഡോ. നൈനാൻ വി. ജോർജ്, ഫാ. ഡോ. തിമോത്തി (ടെന്നി) തോമസ്, ഫാ. ജോൺ (ജോഷ്വ) വർഗീസ്, ഡീക്കൻ അന്തോണിയോസ് (റോബി) ആന്റണി എന്നിവർ മുഖ്യ പ്രഭാഷകർ ആയിരുന്നു.
ഭദ്രാസനത്തിലുടനീളമുള്ള ഇടവകകളിൽ നിന്നുള്ള വൈദികരും വിശ്വാസികളും ഘോഷയാത്രയിൽ പങ്കുചേർന്നു. കോ ഓർഡിനേറ്റർമാരായ രാജൻ പടിയറ, എബ്രഹാം പോത്തൻ എന്നിവർ ഘോഷയാത്രയുടെ ക്രമീകരണങ്ങൾ നടത്തി.
ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ്: വിജയികളെ ഡാളസ് മലയാളി അസോസിയേഷൻ ആദരിച്ചു
ഡാളസ്: 35ാമത് ഇന്റർനാഷണൽ ജിമ്മി ജോർജ് സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിൽ കലിഫോർണിയ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ മൂന്നു ഗെയിമുകൾക്കു പരാജയപ്പെടുത്തി വിജയിച്ച ഡാളസ് സ്ട്രൈക്കേഴ്സിനെ ആദരിച്ച് ഡാളസ് മലയാളി അസോസിയേഷൻ. ഹൂസ്റ്റണിൽ നടന്ന ടൂർണമെന്റിനായിരുന്നു ഡാളസ് സ്ട്രൈക്കേഴ്സിന്റെ മിന്നും വിജയം.
ഇർവിംഗ് ഇന്ത്യൻ റസ്റ്ററന്റിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ജൂഡി ജോസ് സ്ട്രൈക്കേഴ്സ് ക്യാപ്റ്റൻ റോബിൻ ജോസഫിനു വിജയ ടീമിന്റെ ചിത്രം ആലേഖനം ചെയ്ത അംഗീകാരഫലകം സമ്മാനിച്ചു.
ഫോമാ സൗത്ത് വെസ്റ്റ് റീജൺ വൈസ് പ്രസിഡന്റ് ബിജു ലോസൺ, അസോസിയേഷൻ ഡയറക്ടർ ഡസ്റ്റർ ഫെരേര, ഡാളസ് സ്ട്രൈക്കേഴ്സ് മാനേജർ തങ്കച്ചൻ ജോസഫ്, സ്ട്രൈക്കേഴ്സ് വൈസ് പ്രസിഡന്റ് സുനിൽ തലവടി, ചീഫ് കോച്ച് ജിനു കുടിലിൽ, അസിസ്റ്റന്റ് കോച്ച് ഷിബു ഫിലിപ്പ്, വൈസ് ക്യാപ്റ്റൻ നെൽസൻ ജോസഫ്, അസോസിയേഷൻ വിമൻസ് ചെയർപഴ്സൻ ഫോമ വിമൻസ് ഫോറം പ്രതിനിധിയുമായ രഷ്മ രഞ്ജിത് തുടങ്ങിയവർ വിജയികളെ അനുമോദിച്ചു സംസാരിച്ചു.
മൂന്നു ദശകങ്ങൾക്കു മുമ്പു ഡാളസ് ട്രൈക്കേഴ്സും ലീഗും രാജ്യാന്തര വോളിബോൾ വേദിയിലെ വിസ്മയപ്രതിഭയായ ജിമ്മി ജോർജിന്റെ സ്മരണാർഥം തുടക്കം കുറിച്ച ടൂർണമെന്റ് ഇന്നിപ്പോൾ സ്പോർട്സ് പ്രേമികളായ നോർത്ത് അമേരിക്കൻ മലയാളികളുടെ ഹരമായി മാറിയിരിക്കുന്നു. അടുത്തവർഷം മേയ് മാസത്തിൽ ഡാളസിൽ അരങ്ങേറുന്ന മത്സരത്തിൽ മാറ്റുരയ്ക്കുവാനായി കാനഡ ഉൾപ്പെടെയുള്ള നോർത്ത് അമേരിക്കയിലെ ടീമുകൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഡാലസ് സ്ട്രൈക്കേഴ്സിന്റെ വിജയത്തിന്റെ പിന്നിൽ തിളങ്ങിയ മറ്റു താരങ്ങൾ: ജോനാ മാത്യു(എംവിപി) സീൽവാനുസ് സജു, ജൂഡ് ഐസക്ക്, ഡാനിയൽ ഇല്ലിക്കൽ, ട്രോയി ഫിലിപ്പ്, ജോഷ്വാ കുടിലിൽ, അരോൺ മാത്യു, സാക്ക് തോമസ്, പീറ്റർ അലക്സ്, ജോനാഥൻ സാമുവൽ, ജേക്കബ് സ്കറിയ, എയ്ഡൻ ജോർജ്, നിഖിൽ ജോൺ, എന്നിവർ. സേവിയർ ഫിലിപ്പ്, മനോജ് പാപ്പൻ എന്നിവർ സ്ട്രൈക്കേഴ്സിനെ പ്രതിനിധീകരിച്ചു സംസാരിച്ചു. ഡാലസ് മലയാളി അസോസിയേഷൻ സെക്രട്ടറി സിൻജോ തോമസ്, ട്രഷറർ സെയ്ജു വർഗീസ് എന്നിവർ പ്രോഗ്രാം നയിച്ചു.
ടെക്സസ് പ്രളയത്തിൽ വിവാദ പരാമർശം: ഹൂസ്റ്റണിൽ ശിശുരോഗ വിദഗ്ധയെ ജോലിയിൽ നിന്ന് പുറത്താക്കി
ഹൂസ്റ്റൺ: കെർ കൗണ്ടിയിലെ വെള്ളപ്പൊക്ക ദുരിതബാധിതരെക്കുറിച്ച് വിവാദ അഭിപ്രായ പ്രകടനം നടത്തിയ ഹൂസ്റ്റണിലെ ശിശുരോഗ വിദഗ്ധയെ ജോലിയിൽ നിന്ന് പുറത്താക്കി. ബ്ലൂ ഫിഷ് പീഡിയാട്രിക്സിൽ ജോലി ചെയ്തിരുന്ന ഡോ. ക്രിസ്റ്റീന പ്രോപ്സ്റ്റിനെതിരെയാണ് നടപടി.
രാഷ്ട്രീയ നിലപാടുകൾ ചൂണ്ടിക്കാട്ടി കെർ കൗണ്ടിയിലെ വെള്ളപ്പൊക്ക ദുരിതബാധിതരെ പരിഹസിക്കുന്ന തരത്തിലുള്ള പോസ്റ്റ് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
വെള്ളപ്പൊക്കത്തിൽ കാണാതായ പെൺകുട്ടികളുള്ള ക്യാന്പിനെ ’വെള്ളക്കാർക്ക് മാത്രമുള്ള പെൺകുട്ടികളുടെ ക്യാന്പ്’ എന്നാണ് മുൻ ഹൂസ്റ്റൺ ഫൂഡ് ഇൻസെക്യൂരിറ്റി ബോർഡ് അംഗം കൂടിയായ ഡോ. പ്രോപ്സ്റ്റ് വിശേഷിപ്പിച്ചത്.
ഡോക്ടറുടെ അഭിപ്രായങ്ങളിൽ കടുത്ത അതൃപ്തിയും ആശങ്കയും പലരും രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ച, ബ്ലൂ ഫിഷ് പീഡിയാട്രിക്സ് ഡോ. പ്രോപ്സ്റ്റിനെ തങ്ങളുടെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കെഎച്ച്എൻഎ ട്രസ്റ്റി ബോർഡ് നേതൃനിരയിലേക്ക് വനജ നായരും ഡോ. സുധീർ പ്രയാഗയും മത്സരിക്കുന്നു
ന്യൂജേഴ്സി: ഓഗസ്റ്റ് 17 മുതൽ 19 വരെ ന്യൂജേഴ്സി അറ്റ്ലാന്റിക് സിറ്റിയിൽ നടക്കുന്ന ഗ്ലോബൽ ഹിന്ദു സംഗമത്തിന്റെ ഭാഗമായ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ ട്രസ്റ്റി ബോർഡ് ചെയർ പേഴ്സൺ സ്ഥാനത്തേക്ക് ന്യൂയോർക്കിൽ നിന്നുള്ള വനജ നായരും സെക്രട്ടറി സ്ഥാനത്തേക്ക് മിസോറി സെന്റ് ലൂയിസ് നിവാസിയായ ഡോ. സുധീർ പ്രയാഗയും നാമനിർദ്ദേശ പത്രികൾ സമർപ്പിച്ചു.
കെഎച്ച്എൻഎയുടെ സജീവ പ്രവർത്തകയായ വനജ നായർ രണ്ടു തവണ ഡയറക്ടർ ബോർഡ് അംഗമായും റീജനൽ വൈസ് പ്രസിഡന്റായും വിവിധ കണ്വൻഷനുകളിൽ ഉപസമിതികളുടെ സാരഥിയായി പ്രവർത്തിക്കുകയും കഴിഞ്ഞ രണ്ടു വർഷമായി ട്രസ്റ്റി ബോർഡ് അംഗമായി തുടരുകയും ചെയ്യുന്നു. എൻബിഎയുടെ മുൻ പ്രസിഡന്റഉം നിലവിലെ ട്രസ്റ്റി ചെയറുമായ വനജ നായർ ശ്രീനാരായണ അസോസിയേഷനിലും അയ്യപ്പ സേവ സംഘത്തിലും സജീവ സാന്നിധ്യമാണ്.
സുധീർ പ്രയാഗ കെഎച്ച്എൻഎ മുൻ ജനറൽ സെക്രട്ടറിയും ട്രസ്റ്റി ബോർഡ് അംഗവും നിലവിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാണ്. ഫർമസ്യൂട്ടിക്കൽ ഗവേഷണ രംഗത്തെ പ്രശസ്ത സ്ഥാപനമായ സെന്റ് ലൂയിസ് ആൻഡി ബോഡി റിസർച്ച് സെന്ററിന്റെ പ്രസിഡന്റും സിഇഒയുമാണ് ഡോ. സുധീർ.
സുധീർ സെന്റ് ലൂയിസിലെ ഓങ്കാരം എന്ന ഹൈന്ദവ കൂട്ടായ്മയുടെ സ്ഥപക അംഗവും മുൻ പ്രസിഡന്റും കൊച്ചി ഹിന്ദു ഇക്കണോമിക് ഫോറം മെമ്പറും ഫെഡറേഷൻ ഓഫ് ശ്രീനാരായണ അസോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്കയുടെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമാണ്.
ലോഗൻ സ്ക്വയർ കൊലപാതകം: അമ്മ വെൻഡി ടോൾബെർട്ട് ജയിലിൽ തുടരും
ഷിക്കാഗോ: ലോഗൻ സ്ക്വയറിൽ വീടിന് തീയിട്ടശേഷം മൂന്ന് മക്കളെ കുത്തിപരിക്കേൽപ്പിക്കുകയും അതിൽ ഒരു കുട്ടി കൊല്ലപ്പെടുകയും ചെയ്ത കേസിൽ അറസ്റ്റിലായ വെൻഡി ടോൾബെർട്ട് എന്ന മാതാവ് ജയിലിൽ തുടരും.
ലോഗൻ സ്ക്വയറിൽ മൂന്ന് മക്കളെ കുത്തിപരുക്കേൽപ്പിച്ച ശേഷം വീടിന് തീയിട്ട സംഭവത്തിൽ പ്രതിയായ സ്ത്രീ പോലീസിനോട് പറഞ്ഞത് "കുട്ടികളെ പിശാച്ച് ബാധിച്ചിരുന്നു, അതിനാലാണ് അവരെ കുത്തിയ'തെന്നാണ്. സംഭവത്തിൽ ഇളയ മകനായ നാലുവയസുകാരൻ ജോർദാൻ വാലസാണ് കൊല്ലപ്പെട്ടത്.
പ്രതിയായ അമ്മ വെൻഡി ടോൾബെർട്ട് (45) കുഞ്ഞിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പോലീസിനോട് സമ്മതിച്ചിരിക്കുന്നത്. ഇവരുടെ പതിമൂന്നും പത്തും വയസുമുള്ള കുട്ടികൾക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. 14 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

34 തവണയാണ് പ്രതി ജോർദാൻ വാലസിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. 10 വയസുള്ള കുട്ടി വിഡിയോ ഗെയിം കളിക്കുന്നതിനിടെ നാല് വയസുകാരൻ ജ്യേഷ്ഠന്റെ അരികിൽ തറയിൽ കിടക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് അമ്മ വെൻഡി അടുക്കളയിൽ നിന്ന് കത്തിയുമായി വന്ന് 10 വയസുള്ള കുട്ടിയുടെ കൈയിൽ കുത്തിയത്. കുട്ടി അമ്മയെ തള്ളിമാറ്റി ഓടിരക്ഷപ്പെട്ടു.ഇത് കണ്ട് പേടിച്ച ഇളയകുട്ടിയും ഓടിരക്ഷപ്പെട്ടാൻ ശ്രമിച്ചെങ്കിലും വെൻഡി പിന്തുർടന്ന് ആക്രമിക്കുകയായിരുന്നു.
കുട്ടിയെ പിന്നിൽ ചവിട്ടി പടിക്കെട്ടിൽ നിന്ന് താഴേക്കിട്ട ശേഷം മുഖത്തും കഴുത്തിലും നെഞ്ചിലുമായി 36 തവണയാണ് കുത്തിയത്. ഇതിനിടെ സഹോദരിയുടെ മുറിയിലെത്തിയ 10 വയസുകാരൻ പോലീസിനെ വിളിച്ച് അമ്മ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് അറിയിച്ചു.
വെൻഡി ഇതിനിടെ മൂത്ത കുട്ടികളെ ലക്ഷ്യമിട്ട് മുറിയുടെ വാതിലിൽ മുട്ടാൻ തുടങ്ങി. രണ്ട് കുട്ടികളും ചേർന്ന് വാതിൽ തള്ളി പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതോടെയാണ് 13 വയസുകാരിയുടെ മുഖത്തും കഴുത്തിലും നെഞ്ചിലും വെൻഡി പല തവണ കുത്തിയത്. തുടർന്ന് വെൻഡി വീടിന് തീയിട്ടു. പോലീസ് എത്തിയാണ് കുട്ടികളെ രക്ഷിച്ചത്.
ടെക്സസിൽ കനത്ത ചൂടിൽ കാറിനുള്ളിൽ കുടുങ്ങി ഒൻപത് വയസുകാരി മരിച്ചു
ഹൂസ്റ്റൺ: കനത്ത ചൂടിൽ ഹൂസ്റ്റണില ഗലീന പാർക്കിൽ ഒരു വ്യവസായ സമുച്ചയത്തിന്റെ പാർക്കിംഗ് സ്ഥലത്ത് കാറിനുള്ളിൽ കുടുങ്ങി ഒൻപത് വയസുകാരി മരിച്ചു. ചൂടിനെ തുടർന്ന് കഴിഞ്ഞ നാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണ്.
കുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് ഒൻപത് വയസുകാരിയെ കണ്ടെത്തിയത്. മണിക്കൂറുകളോളം കുട്ടി കാറിനുള്ളിൽ തനിച്ചായിരുന്നു. അമ്മയെ സംഭവസ്ഥലത്ത് തന്നെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്.
സംഭവത്തെക്കുറിച്ച് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫിസ് അന്വേഷണം ആരംഭിച്ചതായി ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗൊൺസാലസ് ചൊവ്വാഴ്ച പറഞ്ഞു. കിഡ്സ് ആൻഡ് കാർ സേഫ്റ്റി ശേഖരിച്ച ഡേറ്റ പ്രകാരം, 1990 മുതൽ രാജ്യവ്യാപകമായി 1,136 കുട്ടികൾ കാറിനുള്ളിൽ മരിച്ചിട്ടുണ്ട്.
സമാന രീതിയിൽ മരിക്കുന്ന കുട്ടികളിൽ ഏകദേശം 88 ശതമാനം പേരും 3 വയസ്സോ അതിൽ താഴെയോ പ്രായമുള്ളവരാണ് എന്നും റിപ്പോർട്ട്.
അമേരിക്കൻ എയർലൈൻസ് സീസണൽ നോൺസ്റ്റോപ്പ് സർവീസ് അവസാനിപ്പിക്കും
ഫോർട്ട് വർത്ത്: ബെർമുഡയ്ക്കും വാഷിംഗ്ടൺ ഡിസിക്കും ഇടയിലുള്ള സീസണൽ നോൺസ്റ്റോപ്പ് സർവീസ് അമേരിക്കൻ എയർലൈൻസ് അടുത്ത മാസം അഞ്ചാം തീയതി മുതൽ അവസാനിപ്പിക്കും. ഓഗസ്റ്റ് മാസത്തിലെ പുതുക്കിയ ഫ്ലൈറ്റ് ഷെഡ്യൂളിലാണ് ഇക്കാര്യം ഇടംപിടിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 11 മുതൽ അമേരിക്കൻ എയർലൈൻസ് മയാമിയിലേക്കുള്ള സർവീസ് ദിവസേനയുള്ളതിൽ നിന്ന് ആഴ്ചയിൽ അഞ്ചു തവണയായി കുറയ്ക്കും. എന്നിരുന്നാലും ഷാർലറ്റ് , ന്യൂയോർക്ക് ഫിലഡൽഫിയ എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന കണക്ഷനുകൾ തുടർന്നും ഉണ്ടാകും.ഇതിനുപുറമെ, ജൂലൈ ആദ്യവാരം ബെർമുഡ എയർ രണ്ട് റൂട്ടുകൾ പൂർണമായും നിർത്തലാക്കും.
ജൂലൈ അഞ്ചിന് ഫോർട്ട് ലോഡർഡെയ്ലിലേക്കും , ജൂലൈ ആറിന് പ്രൊവിഡൻസിലേക്കുമുള്ള സർവീസുകളാണ് നിർത്തലാക്കുന്നത്. ഫോർട്ട് ലോഡർഡെയ്ലിലേക്കുള്ള സർവീസ് പിന്നീട് സീസണൽ സർവീസായി പുനരാരംഭിക്കും.
യുഎസിൽ നിന്നും പൂർണമായും തുടച്ചുനീക്കിയ അഞ്ചാംപനി കേസുകൾ റിക്കാർഡ് നിലയിൽ
ന്യൂയോർക്ക് : കാൽ നൂറ്റാണ്ട് മുമ്പ് രോഗം പൂർണമായും തുടച്ചുനീക്കിയതായി പ്രഖ്യാപിച്ചതിനുശേഷം ഈ വർഷം യുഎസിൽ മറ്റേതൊരു രോഗത്തേക്കാളും കൂടുതൽ അഞ്ചാംപനി കേസുകൾ വർധിച്ചുവരുന്നു.
ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സെന്റർ ഫോർ ഔട്ട്ബ്രേക്ക് റെസ്പോൺസ് ഇന്നൊവേഷനിൽ നിന്നുള്ള ഡാറ്റ പ്രകാരം, 2025 ൽ യുഎസിൽ കുറഞ്ഞത് 1,277 സ്ഥിരീകരിച്ച അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വർഷത്തിന്റെ പകുതിയിൽ, കേസുകളുടെ എണ്ണം 2019 ലെ അവസാന റെക്കോർഡിനെ മറികടന്നു, അന്ന് ആകെ 1,274 കേസുകൾ.
ഈ വർഷത്തെ കേസുകൾ വളരെ കുറവായിരിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു, കാരണം പലരും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു. ഈ വർഷം മീസിൽസ് ബാധിച്ച് മൂന്ന് പേർ മരിച്ചു ടെക്സാസിൽ രണ്ട് കുട്ടികളും ന്യൂ മെക്സിക്കോയിൽ ഒരു മുതിർന്ന വ്യക്തിയും, ഇവരെല്ലാം വാക്സിനേഷൻ എടുത്തിട്ടില്ലെന്നും കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളായി യുഎസിൽ മീസിൽസ് രോഗം മൂലം മരണങ്ങളുടെ ആകെ എണ്ണത്തിന് തുല്യമാണിത്.
2000 ൽ യുഎസിൽ മീസിൽസ് നിർമാർജനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ചു, അതായത് ഒരു വർഷത്തിൽ കൂടുതൽ തുടർച്ചയായി പകർച്ചവ്യാധി ഉണ്ടായിട്ടില്ല. ഈ നിലയിലെത്തുന്നത് ന്ധഒരു ചരിത്രപരമായ പൊതുജനാരോഗ്യ നേട്ടമാണ്ന്ധ എന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു, വാക്സിൻ വികസനം കാരണം ഇത് പ്രധാനമായും സാധ്യമായിരുന്നു.
ആദ്യമായി ഉപയോഗിക്കുന്ന മീസിൽസ്മമ്പ്സ്റുബെല്ല (എംഎംആർ) വാക്സിൻ 1970 കളിൽ യുഎസിൽ വ്യാപകമായി ലഭ്യമായിട്ടുണ്ട്.
നോർത്ത് അമേരിക്കൻ ചർച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെല്ലോഷിപ്പ് അവാർഡുകൾ പ്രഖ്യാപിച്ചു
ഹൂസ്റ്റൺ : ചർച്ച് ഓഫ് ഗോഡ് (ഇന്ത്യ ) ഇന്റർനാഷണൽ ഫെല്ലോഷിപ്പിൻെറ 2025 ലെ
അവാർഡുകൾ പ്രഖ്യാപിച്ചു. പ്രസിഡന്റ് പാസ്റ്റർ മാത്യു കെ . ഫിലിപ് അധ്യക്ഷനായുള്ള കമ്മറ്റിയാണ് നോർത്ത് അമേരിക്കൻ ദൈവസഭകളിൽ നിന്നും വിവിധ ക്രൈസ്തവ സാഹിത്യ സംഭാവനകൾ നൽകിയവരെ അവാർഡിനായി തെരഞ്ഞെടുത്തത് .
• റവ .ഡോ . സി. വി. ആൻഡ്രൂസ്
അറ്റ്ലാന്റ ചര്ച്ച ഓഫ് ഗോഡ് സഭയുടെ സ്ഥാപകനും പേട്രൺ പാസ്റ്ററുമായിരിക്കുന്ന പാസ്റ്റർ സി .വി.ആൻഡ്രൂസ് നടത്തുന്ന എവെരി ഹോം ബൈബിൾസ്കൂൾ ഓൺലൈൻ
ബൈബിൾ കമ്മിറ്റി ,വിവിധ മാധ്യമങ്ങളിലൂടെ വിവിധ രാജ്യങ്ങളിലുള്ളവർക്കായി
നടത്തുന്ന പഠന ക്ളാസുകളും പരിഗണിച്ചാണ് അവാർഡ് നൽകുന്നത് .
• പാസ്റ്റർ മത്തായി സാംകുട്ടി
എന്റെ യേശു എനിക്ക് നല്ലവൻ, കാൽവറിയിൽ കാണും സ്നേഹം അത്ഭുതം തുടങ്ങി 160 ൽ പരം ഗാനങ്ങളുടെ രചയിതാവായ പാസ്റ്റർ മത്തായി സാംകുട്ടി തന്റെ എൺപത്തി എട്ടാമത്തെ വയസിലും പുതിയ ഗാനങ്ങൾ രചിച്ചുകൊണ്ടിരിക്കുന്നു . മലയാള ക്രൈസ്തവ ലോകത്തിനു താൻ നൽകിയ സംഭാവനയുടെ അംഗീകാരമാണ്അവാർഡ് .
• റവ. ഡോ . ഷിബു തോമസ്
അറ്റ്ലാന്റാ കാൽവറി അസംബ്ലി ചർച്ഓഫ്ഗോഡ് സഭയുടെ ശുശ്രുഷകനും ,പ്രഭാഷകനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ ഇദ്ദേഹത്തിന്റെ ഠവലുമിീൃമാശര ്ശലം ീള ആശയഹല എന്ന പുസ്തകമാണ് അവാർഡ് നേടിക്കൊടുത്തത് .
• എബി ജേക്കബ് , ഹ്യൂസ്റ്റൺ
മൂന്ന് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള എബി ഫിലോസഫിയിൽ ജവറ ചെയ്യുന്നുണ്ട്, ക്രിസ്ത്യൻ അപ്പോളജിറ്റിക്സ് പഠനത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഇദ്ദേഹം രചിച്ച Who is wise enough to understand this? എന്ന പുസ്തകമാണ് അവാർഡിന് അർഹമായി തിരഞ്ഞെടുത്തത്
• പാസ്റ്റർ ജോൺസൻ സഖറിയാ
പല പതിറ്റാണ്ടുകളായി അമേരിക്കയിൽ സഭാ ശുശ്രുഷയിലും മറ്റു നേതൃത്വ നിരയിലും സേവനം ചെയ്തിട്ടുള്ള പാസ്റ്റർ ജോൺസൻ സഖറിയാ അമേരിക്കയിലെ മിക്ക പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്. മലയാള ഭാഷയും ശബ്ദങ്ങളും പ്രാസവും ഒന്നിച്ചു കൈകാര്യം ചെയ്യുവാൻ കഴിവുള്ള എഴുത്തുകാർ അധികമില്ല. ദീർഘകാലങ്ങളിലായി താൻ ചെയ്തിട്ടുള്ള സാഹിത്യ സംഭാവനകളുടെ അംഗീകാരമാണ് അവാർഡ്.
• റോയി മേപ്രാൽ
കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി കേരളത്തിലെ മിക്കവാറും എല്ലാ ക്രൈസ്ത മാധ്യമങ്ങളിലും ലേഖനങ്ങൾ, കഥകൾ, കാർട്ടൂണുകൾ എന്നിവ പ്രസിദ്ധീകരിക്കാറുണ്ട് . റോബർട്ട് കുക്ക് ആത്മകഥ മലയാളം പരിഭാഷ ശ്രദ്ധേയമായിരുന്നു. കാലികമായ വിഷയങ്ങളെ ആധാരമാക്കി സുവിശേഷ സാഹിത്യമേഖലയിൽ നൽകിയിട്ടുള്ള സംഭാവനകളെ പരിഗണിച്ചാണ് അവാർഡ് നൽകിയത്.
• സൂസൻ ബി ജോൺ
അഞ്ഞുറിലധികം പാട്ടുകളും നൂറോളം കവിതകളും നാലു പുസ്തകങ്ങളുംഎഴുതിയിട്ടുള്ള സൂസൻ ബി ജോൺ പെന്തക്കോസ്തു എഴുത്തുകാരുടെ ഇടയിൽസുപരിചിതയാണ് . വിവിധ പെന്തക്കോസ്തു കോൺഫെറൻസുകളിൽ തീം സോംഗ് എഴുതിയിട്ടുണ്ട് . അനവധി സിഡികളും ഓഡിയോ വിഷ്വൽ ഗാനങ്ങളും റിലീസ് ചെയ്തതിന്റെ അംഗീകാരമാണ് ഈ അവാർഡ് .
• ഏലിയാമ്മ ലൂക്കോസ്
നിരവധി പുസ്തകങ്ങളുടെ രചയിതാവായ ഏലിയാമ്മ ലൂക്കോസ് കേരളഎക്സ്പ്രസ്സ്, ജ്യോതിമാർഗം തുടങ്ങി അനേകം പ്രസിദ്ധീകരങ്ങളിൽ സ്ഥിരമായി എഴുതാറുണ്ട്. ഒരു നല്ല സംഘാടകയും പ്രഭാഷകയുമായ സഹോദരിയുടെ വിശുദ്ധ ബൈബിളിലെ വനിതകൾ എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത് റീന സാമുവേൽ
യുവജങ്ങളുടെ ഇടയിൽ നിന്നും വളർന്നു വരുന്ന എഴുത്തുകാരെപ്രോത്സാഹിപ്പിക്കുവാൻ സംഘടനയുടെ മുഖപത്രമായ ഗോസ്പൽ എക്കോസിൽപ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ലേഖനം റീന സാമുവേലിന് അംഗീകാരം നേടിക്കൊടുത്തു.കുട്ടികൾക്കായി നിരവധി കഥകളും കവിതകളും എഴുതിയിട്ടുണ്ട്.
ജൂലൈ 10 മുതൽ ന്യുയോർക്കിൽ നടക്കുന്ന ഇരുപത്തിയെട്ടാമത് കോൺഫ്രൻസിലെഎഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും പ്രത്യേക സമ്മളനത്തിൽഅവാർഡുകൾ വിതരണം ചെയ്യുന്നതാണ് .
നാലു വയസുകാരിയുടെ കൊലപാതകം: ശിശുരോഗ വിദഗ്ദ്ധ ഡോ. നേഹ ഗുപ്ത അറസ്റ്റിൽ
ഫ്ലോറിഡ: മിയാമിഡേഡ്(ഫ്ലോറിഡ) നാലുവയസുകാരിയായ മകൾ ആര്യ തലാത്തിയുടെ മുങ്ങിമരണവുമായി ബന്ധപ്പെട്ട് 36 വയസുള്ള ശിശുരോഗ വിദഗ്ദ്ധ ഡോ. നേഹ ഗുപ്തയെ അറസ്റ്റ് ചെയ്ത് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി. മിയാമിഡേഡ് ഷെരീഫ് ഓഫീസ് ഹോമിസൈഡ് ബ്യൂറോ നടത്തിയ അന്വേഷണത്തെത്തുടർന്ന് ഒക്ലഹോമ സിറ്റിയിലാണ് അറസ്റ്റ്.
ജൂൺ 27 ന് പുലർച്ചെ 4.28 ന് ഫ്ലോറിഡയിലെ എൽ പോർട്ടലിലെ 156 NW 90 സ്ട്രീറ്റിലെ ഒരു റെസിഡൻഷ്യൽ പൂളിൽ മുങ്ങിമരിച്ച കുട്ടിയെ കുറിച്ച് 911 കോളിന് എൽ പോർട്ടൽ പോലീസ് ഡിപ്പാർട്ട്മെന്റിലെ വില്ലേജ് ഓഫ് പോർട്ടൽ പോലീസ് ഡിപ്പാർട്ട്മെന്റിലെ യൂണിഫോം ഉദ്യോഗസ്ഥർ മറുപടി നൽകിയപ്പോഴാണ് സംഭവം നടന്നത്. മിയാമിഡേഡ് ഫയർ റെസ്ക്യൂ ആരിയ തലാത്തിയെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ വച്ച് അവർ മരിച്ചതായി പ്രഖ്യാപിച്ചു.
ഗുപ്തയും മകളും ഒക്ലഹോമ സിറ്റിയിൽ നിന്ന് യാത്ര ചെയ്തിരുന്നതായും എൽപോർട്ടലിൽ ഒരു ഹ്രസ്വകാല വാടകയ്ക്ക് താമസിച്ചിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മിയാമിഡേഡ് സ്റ്റേറ്റ് അറ്റോർണി ഓഫീസുമായി നടത്തിയ അന്വേഷണത്തിനും കൂടിയാലോചനയ്ക്കും ശേഷം, ഡിറ്റക്ടീവുകൾ ഗുപ്തയ്ക്കെതിരെ അറസ്റ്റ് വാറണ്ട് നേടി.
ഒക്ലഹോമ സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റിന് ഹോമിസൈഡ് യൂണിറ്റിന്റെയും യുണൈറ്റഡ് സ്റ്റേറ്റ്സ് മാർഷൽസ് സർവീസിന്റെയും സഹായത്തോടെ ഒക്ലഹോമ സിറ്റിയിൽ വച്ചാണ് അവരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
ഡോ. നേഹ ഗുപ്തയെ മിയാമിഡേഡ് കൗണ്ടിയിലേക്ക് നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്, അവിടെ അവർ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തും.
മാർ അപ്രേം മെത്രാപ്പോലീത്തയ്ക്ക് ഇന്റർനാഷണൽ പ്രയർലൈൻ ആദരാഞ്ജലികൾ അർപ്പിച്ചു
ഹൂസ്റ്റൺ: അര നൂറ്റാണ്ടിലേറെ കല്ദായ സുറിയാനി സഭയെ നയിച്ച ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ ഇന്റർനാഷണൽ പ്രയർലൈൻ അനുശോചിച്ചു. ഐപിഎൽ കോഓർഡിനേറ്റർ സി.വി. സാമുവേൽ അനുശോച പ്രമേയം അവതരിപ്പിച്ചു
മാർ അപ്രേം മെത്രാപ്പോലീത്ത നര്മബോധത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ആള്രൂപമായിരുന്നു എന്ന് സി.വി. സാമുവേൽ പറഞ്ഞു. കല്ദായ സുറിയാനി സഭാംഗങ്ങളുടെ ദുഃഖത്തിൽ ഐപിഎൽ കുടുംബാംഗങ്ങളും പങ്കുചേരുന്നതായും സി.വി. സാമുവേൽ അറിയിച്ചു
ടെക്സസിൽ ഉണ്ടായ മഹാപ്രളയത്തിൽ ജീവൻ നഷ്ടപ്പെടവരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായും നാട്ടിലേക്കുള്ള യാത്രാമധ്യേ ഗൽഫിൽ വച്ചു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച അറ്റ്ലാന്റയിൽ നിന്നുള്ള സതീഷിന്റെ കുടുംബത്തെയോർത്തും പ്രാർഥിക്കണമെന്നും സി.വി.എസ് അഭ്യർഥിച്ചു.
റവ. കെ.ബി. കുരുവിള (വികാരി, സോവേഴ്സ് ഹാർവെസ്റ്റ് ഇവാഞ്ചലിക്കൽ ചർച്ച്, ഹൂസ്റ്റൺ, ടെക്സസ്) പ്രാരംഭ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ സി.വി. സാമുവേൽ സ്വാഗതമാശംസിക്കുകയും മുഖ്യതിഥി റവ. പി.എം. സാമുവൽ(സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, ഫിലാഡൽഫിയ) പരിചയപ്പെടുത്തുകയും ചെയ്തു
കെ. ഇ. മാത്യു( ഫിലാഡൽഫിയ) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ടി. എ. മാത്യു (ഹൂസ്റ്റൺ, ടെക്സസ്) മധ്യസ്ഥ പ്രാർഥനയ്ക്കു നേതൃത്വം നൽകി. തുടർന്ന് വെരി റവ. പി.എം. സാമുവൽ ഗദ്സമന തോട്ടത്തിൽ കർത്താവ് ചെയ്ത പ്രാർഥനയെ കുറിച്ച് മുഖ്യസന്ദേശം നൽകി.
ഐപിഎൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർഥനാ യോഗങ്ങളിൽ നിരവധി പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോഓർഡിനേറ്റർ ടി.എ. മാത്യു പറഞ്ഞു. തുടർന്ന് നന്ദി രേഖപ്പെടുത്തി.
സമാപന പ്രാർഥനയും ആശീർവാദവും റവ. പി. എം. സാമുവൽ നിർവഹിച്ചു. ഷിബു ജോർജ് ഹൂസ്റ്റൺ, ജോസഫ് ടി. ജോർജ്(രാജു, ഹൂസ്റ്റൺ) എന്നിവർ ടെക്നിക്കൽ കോഓർഡിനേറ്ററായിരുന്നു.
ഡാളസ് കേരള അസോസിയേഷൻ യുഎസ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഡാളസ്: ഡാളസ് കേരള അസോസിയേഷൻ യുഎസ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഗാർലാൻഡിലുള്ള കേരള അസോസിയേഷൻ ഓഫിസിൽ നടന്ന ആഘോഷത്തിൽ നിരവധി പേർ പങ്കെടുത്തു.
പതാക ഉയർത്തുന്നതിന് മുൻപായി കുട്ടികളും മുതിർന്നവരും ചേർന്ന് സൈക്കിൾ റാലിയും റോളർ സ്കേറ്റിംഗും സംഘടിപ്പിച്ചു. തുടർന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി മൻജിത് കൈനിക്കര സ്വാഗത പ്രസംഗം നടത്തി.
അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചു. ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സൊസൈറ്റി പ്രസിഡന്റ് മാത്യു നൈനാൻ ആശംസാ പ്രസംഗം നടത്തി.
തോമസ് ഈശോ, ബോബൻ കൊടുവത്, ജെയ്സി രാജു, വിനോദ് ജോർജ്, സാബു മാത്യു, ഫ്രാൻസിസ് ആംബ്രോസ്, സെബാസ്റ്യൻ പ്രാകുഴി, അനശ്വർ മാമ്പിള്ളി, ഹരിദാസ് തങ്കപ്പൻ, രാജൻ ഐസക്, സിജു വി ജോർജ്, ബേബി കൊടുവത്,
രാജൻ ചിറ്റാർ, നെബു കുര്യാക്കോസ്, ദീപക് നായർ, മാത്യു കോശി, ജേക്കബ് സൈമൺ തുടങ്ങിയവർ സ്വാതന്ത്ര്യദിന ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആഘോഷങ്ങൾക്ക് ശേഷം പങ്കെടുത്ത എല്ലാവർക്കും മധുരവും പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.
ഡാളസിൽ അന്തരിച്ച മറിയാമ്മ തോമസിന്റെ സംസ്കാരം ശനിയാഴ്ച
ഡാളസ്: കഴിഞ്ഞ ദിവസം ഡാളസിൽ അന്തരിച്ച മറിയാമ്മ തോമസിന്റെ (സൂസി - 79) സംസ്കാരം ശനിയാഴ്ച ടെക്സസിൽ നടക്കും.
സംസ്കാര ശുശ്രുഷ രാവിലെ ഒന്പത് മുതൽ രാവിലെ 11 വരെ റോട്ടൺ ഫ്യൂണറൽ ഹോമിലും (1511 എസ് ഇന്റർസ്റ്റേറ്റ് 35 ഇ, കരോൾട്ടൺ, ടെക്സസ് 75006) തുടർന്ന് സംസ്കാരം ഹിൽടോപ്പ് മെമ്മോറിയൽ പാർക്കിലും (1801 എൻ പെറി റോഡ്, കരോൾട്ടൺ, ടെക്സസ് 75006) നടക്കും.
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ രാത്രി ഒമ്പത് വരെ ടെക്സസിലെ ഗാർലൻഡിലെ 5130 ലോക്കസ്റ്റ് ഗ്രോവ് റോഡിലെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
മണലേൽ മഠത്തിൽ പരേതനായ തോമസ് വർഗീസിന്റെ ഭാര്യയും തലവടി കൊച്ചുമാമ്മൂട്ടിൽ പരേതരായ എം.പി. ഉമ്മന്റെയും ഏലിയമ്മ ഉമ്മന്റെയും മകളാണ്.
സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രയർ മീറ്റിംഗ് തിങ്കളാഴ്ച
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച രാത്രി എട്ടിന്(ഇഎസ്ടി) സൂം പ്ലാറ്റഫോമിൽ പ്രയർ മീറ്റിംഗ് സംഘടിപ്പിക്കുന്നു.
മാർത്തോമ്മാ ചർച്ച് വികാരി (ഫാർമേഴ്സ് ബ്രാഞ്ച്) റവ. എബ്രഹാം വി സാംസൺ തോമസ്, മുഖ്യ സന്ദേശം നൽകും. സൗത്ത് ഈസ്റ്റ് റീജിയൺ സെന്റർ എയാണ് പ്രാർഥന യോഗത്തിനു ആതിഥേയത്വം വഹിക്കുന്നത്.
സൂം ഐഡി: 890 2005 9914. പാസ്കോഡ്: prayer.
കൂടുതൽവിവരങ്ങൾക്കു: റവ. ജോയൽ എസ് തോമസ് (ഭദ്രാസന സെക്രട്ടറി), റവ. ഡോ. പ്രമോദ് സക്കറിയ (എസ്സിഎഫ് വൈസ് പ്രസിഡന്റ്), ഈശോ മാളിയക്കൽ (എസ്സിഎഫ് സെക്രട്ടറി), സി. വി. സൈമൺകുട്ടി (എസ്സിഎഫ് ട്രഷറർ).
ഐപിസിഎൻഎ ഫിലാഡൽഫിയ റീജിയൺ പ്രവർത്തനോദ്ഘാടനം ഞായറാഴ്ച
ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ഞായറാഴ്ച മൂന്നിന് മയൂര റസ്റ്റാറൻറ്റിൽ (9321 Krewstown Rd, Philadelphia, PA 19115) നടക്കും.
പ്രമുഖ സാമൂഹിക, സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ഐപിസിഎൻഎ നാഷണൽ ലീഡേഴ്സ് സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ എന്നിവർ ഉൾപ്പെയുള്ള നാഷണൽ നേതാക്കൾ പങ്ക്കെടുക്കുമെന്നു ചാപ്റ്റർ പ്രസിഡന്റ് അരുൺ കോവാട്ട് പ്രസ്താവിച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ കൺവൻഷന് മുന്നോടിയായി നടത്തപ്പെടുന്ന ഫിലാഡൽഫിയ ചാപ്റ്റർ കിക്കോഫിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ട്രെഷറർ വിൻസെന്റ് ഇമ്മാനുവേൽ അറിയിച്ചു.
കൂടുതൽ വിവരണങ്ങൾക്ക് - അരുൺ കോവാട്ട് (പ്രസിഡന്റ്) 215 681 4472, സുമോദ് നെല്ലിക്കാല (ജനറൽ സെക്രട്ടറി) 267 322 8527, വിൻസെന്റ് ഇമ്മാനുവേൽ (ട്രെഷറർ) 215 880 3341, റോജിഷ് സാമുവേൽ (വൈസ് പ്രസിഡന്റ്),
ജോർജ് ഓലിക്കൽ (ജോയിന്റ് സെക്രട്ടറി), സിജിൻ തിരുവല്ല (ജോയിന്റ് ട്രെഷറർ), ചാപ്റ്റർ മെംബേർസ് ജോബി ജോർജ്, സുധാ കർത്താ, ജോർജ് നടവയൽ, രാജു ശങ്കരത്തിൽ, ജീമോൻ ജോർജ്, ജിജി കോശി, ലിജോ ജോർജ്, ജിനോ ജേക്കബ്, സജു വർഗീസ്, എബിൻ സെബാസ്റ്റ്യൻ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി ഉൾപ്പടെ രണ്ടുപേർ മരിച്ചു
ഒട്ടാവ: കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി ഉൾപ്പടെ രണ്ടുപേർ മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷും സഹപാഠി സാവന്ന മേയ് റോയ്സുമാണ് മരിച്ചത്.
മാനിട്ടോബ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. കാനഡയിലെ ഹാർവ്സ് എയർ പൈലറ്റ് ട്രെയിനിംഗ് സ്കൂളിലെ വിദ്യാർഥികളായിരുന്നു ഇരുവരും.
പരിശീലനത്തിനിടെയാണ് സംഭവം. സ്വകാര്യ പൈലറ്റ് ലൈസൻസ് നേടിയ ശ്രീഹരി കൊമേഴ്ഷ്യൽ ലൈസൻസിനുള്ള പരിശീലനത്തിലായിരുന്നു.
"വിദ്യാർഥികൾ ഒറ്റ എഞ്ചിൻ വിമാനം പറത്തുകയായിരുന്നു. ഇരുവരുടെയും വിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. വിമാനത്തിൽ യാത്രക്കാരുണ്ടായിരുന്നില്ല'- പോലീസ് പറഞ്ഞു.
ആശയ വിനിമയത്തകരാറാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
അമേരിക്കൻ വിമാനത്താവളങ്ങളിൽ ഷൂസ് അഴിച്ചുള്ള പരിശോധന നിർത്തലാക്കി
വാഷിംഗ്ടൺ: അമേരിക്കയിൽ വിമാനയാത്രക്കാരുടെ ഷൂസ് അഴിച്ചുള്ള സുരക്ഷാപരിശോധന നിർത്തലാക്കി. ആഭ്യന്തര സുരക്ഷാവിഭാഗം സെക്രട്ടറി ക്രിസ്റ്റി നൊയെം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
തീരുമാനം ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നതായും അവർ അറിയിച്ചു. ഇതുവഴി ചെക്ക് പോയിന്റുകളിൽ യാത്രക്കാരുടെ നീണ്ട കാത്തിരിപ്പ് ഒഴിവാകും. 2006 ഓഗസ്റ്റ് മുതലാണ് യുഎസ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ യാത്രക്കാരുടെ ഷൂസ് അഴിച്ചുള്ള പരിശോധന നിർബന്ധമാക്കിയത്.
2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തിനു പിന്നാലെ ഇതേ വർഷം ഡിസംബർ 22ന് മിയാമിയിൽനിന്നു പാരീസിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യവേ ‘ഷൂ ബോംബർ’ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഇസ്ലാമിക തീവ്രവാദി റിച്ചാർഡ് റീഡ് തന്റെ ഷൂസിൽ ഒളിപ്പിച്ച സ്ഫോടകവസ്തുക്കൾ തീപ്പെട്ടികൊണ്ടു കത്തിക്കാൻ ശ്രമിക്കവേ പിടിയിലായിരുന്നു.
ഈ സംഭവത്തോടെയാണു അഞ്ചു വർഷത്തിനുശേഷം ഷൂസ് അഴിച്ചുള്ള പരിശോധന നിർബന്ധമാക്കിയത്.
ഇന്ത്യൻ വംശജൻ സാബിഹ് ഖാൻ ആപ്പിൾ സിഒഒ
ന്യൂയോർക്ക്: അമേരിക്കൻ ടെക് കന്പനിയായ ആപ്പിളിന്റെ പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സിഒഒ) ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ സാബിഹ് ഖാനെ നിയമിച്ചു. മൂന്ന് പതിറ്റാണ്ടായി ആപ്പിളിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സാബിഹ് ഖാൻ, നിലവിലെ സിഒഒ ജെഫ് വില്യംസ് ഈ മാസം അവസാനം സ്ഥാനം ഒഴിയുന്ന ഒഴിവിലേക്കാണ് നിയമിക്കുന്നത്.
നിലവിൽ കന്പനിയുടെ വൈസ് പ്രസിഡന്റായ സാബിഹ് ഖാനെ ആപ്പിൾ സിഇഒ ടിം കുക്ക് പ്രശംസിച്ചു. 1966ൽ ഉത്തർപ്രദേശിലെ മൊറാദാബാദിൽ ജനിച്ച സാബിഹ് ഖാൻ, 1995ലാണ് ആപ്പിളിനൊപ്പം പ്രവർത്തനം ആരംഭിച്ചത്.
10-ാം വയസിൽ സിംഗപ്പുരിലേക്ക് താമസം മാറിയ അദ്ദേഹം ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാന്പത്തിക ശാസ്ത്രത്തിലും മെക്കാനിക്കൽ എൻജിനിയറിംഗിലും ബിരുദം നേടി. പിന്നീട് റെൻസീലർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
30 വർഷത്തെ സേവനത്തിനിടെ ആപ്പിളിന്റെ ആഗോള വിതരണ ശൃംഖല രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 2019ൽ അദ്ദേഹം കന്പനിയുടെ സീനിയർ വൈസ് പ്രസിഡന്റായി.
ഷിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ ഗീവർഗീസ് മാർ അപ്രേമിന് സ്വീകരണം നൽകി
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം അതിരൂപത സഹായ മെത്രാനും കോട്ടയം അതിരൂപതയിലെ പ്രഥമ മലങ്കര റീത്തിലെ മെത്രാനും കൂടിയായ ഗീവർഗീസ് മാർ അപ്രേമിന് സ്വീകരണവും ഇടവകയിലെ മുതിർന്ന ഇടവകാംഗങ്ങളുടെ സംഗമവും നടത്തപ്പെട്ടു.
ഈ മാസം ഒന്നിനാണ് വൈകുന്നേരമാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. വൈകുന്നേരം ആറിന് എത്തിയ പിതാവിനെ അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര പൊന്നാട അണിയിച്ചും ട്രസ്റ്റി കോഓർഡിനേറ്റർ സാബു കട്ടപ്പുറം ബൊക്കെ നൽകിയും സ്വീകരിച്ചു.
തുടർന്ന് ദൈവാലയ കവാടത്തിൽ ഇടവക വികാരി ഫാ. സിജു മുടക്കോടിൽ കത്തിച്ച തിരി നൽകി അപ്രേം പിതാവിനെ ദൈവാലയത്തിലേക്ക് ആനയിച്ചു. തുടർന്ന് നടത്തപ്പെട്ട സായാഹ്ന പ്രാർഥനകൾക്ക് ശേഷം മലങ്കര റീത്തിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു.
ഷിക്കാഗോ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവക വികാരി ഫാ. ജെറി മാത്യു, ഫാ. സിജു മുടക്കോടിൽ, ഫാ. അനീഷ് മാവേലിപുത്തെൻപുര എന്നിവർ സഹകാർമികരായിരുന്നു. ഫാ. സിജു മുടക്കോടിൽ സെന്റ് മേരീസ് ഇടവകയിലേക്ക് ആദ്യമായി എത്തുന്ന ഗീവർഗീസ് മാർ അപ്രേമിനെ സ്വാഗതം ചെയ്തുകൊണ്ട് ആമുഖ പ്രസംഗം നടത്തി.
ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി ക്നാനായ സമുദായത്തിലെ മലങ്കര റീത്തിലെ പ്രഥമ മെത്രാനെ ആദ്യമായി സ്വീകരിക്കുവാൻ സാധിച്ചു എന്നത് ഏറെ ദൈവനാനുഗ്രഹപ്രദമായ അവസരമായി മാറിയിരിക്കുകയാണ് എന്ന് അദ്ദേഹം അറിയിച്ചു.
ക്നാനായ മലങ്കര കത്തോലിക്കാ വിഭാഗത്തിന്റെ ചരിത്രവും സീറോമലബാർ റീത്തും സീറോമലങ്കര റീത്തും ഉൾപ്പെടുന്ന കോട്ടയം അതിരൂപതയുടെ സവിശേഷമായ പ്രസക്തിയെപ്പറ്റിയും കുർബാന മധ്യേ പിതാവ് വിശദീകരിച്ചു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി 70 വയസിന് മുകളിൽ ഉള്ള ഇടവകാംഗങ്ങളെ ആദരിച്ചു. 70 വയസിന് മുകളിൽ പ്രായമായവർക്കായി പ്രത്യേക അനുഗ്രഹ പ്രാർത്ഥനയും ആശീർവാദവും അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, സണ്ണി മേലേടം, ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തിലുള്ള വാർഷിക കമ്മിറ്റിയംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
തൃശൂർ സ്വദേശി സഹീർ മുഹമ്മദ് ചരലിലിന് ഇന്ത്യൻ ടെക് ഐക്കൺ അവാർഡ്
കാൽഗറി: കാനഡയിലെ ഇന്ത്യൻ ടെക് ഐക്കൺ അവാർഡ്-2025 കാൽഗറി - ആൽബർട്ട ചാപ്റ്ററിലെ വിഷണറി ലീഡർ അവാർഡ് ജേതാക്കളിലൊരാളായി തൃശൂരിൽ നിന്നുള്ള ഐടി മാനേജ്മെന്റ് വിദഗ്ധൻ സഹീർ മുഹമ്മദ് ചരലിൽ തെരഞ്ഞെടുക്കപ്പെട്ടു.
കാൽഗറി സെൻട്രൽ ലൈബ്രറിയിലെ ഐക്കണിക് വെലാൻ പെർഫോമൻസ് ഹാളിൽ നടന്ന ചടങ്ങിൽ സഹീർ മുഹമ്മദ് പുരസ്കാരം ഏറ്റുവാങ്ങി.
കാൽഗറി മേയർ ജ്യോതി ഗോണ്ടെക്, ഇമിഗ്രേഷൻ മന്ത്രി മുഹമ്മദ് യാസീൻ, വാൻകൂവറിലെ ഇന്ത്യൻ വൈസ് കോൺസൽ സുഖ്ബീർ, പാർലമെന്റ് അംഗങ്ങളായ ടിം സിംഗ് ഉപ്പാൽ, ജസ് രാജ് സിംഗ് ഹല്ലൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
സഹീർ മുഹമ്മദ് കമ്പ്യൂട്ടർ എൻജിനിയറിംഗ് - എംബിഎ ബിരുദധാരിയാണ്. അദ്ദേഹം ഹിറ്റാച്ചി സൊലൂഷൻസ് ആൻഡ് ഇൻഡസ്ട്രി മുൻ വൈസ് പ്രസിഡന്റ് ആയിരുന്നു.
തൃശൂർ ചെമ്പൂക്കാവ് ഷിമോസിൽ മുഹമ്മദ് കുട്ടി - സീനത്ത് ദമ്പതികളുടെ മൂന്നു മക്കളിൽ ഒരാളാണ് സഹീർ മുഹമ്മദ്. തിരുവല്ല അലിഫ് വില്ല സലീം - റസിയ ദമ്പതികളുടെ മകൾ കഷ്മീര സഹീറാണ് ഭാര്യ. മക്കളായ അയാൻ സഹീറും സായ സഹീറും കാനഡയിൽ സ്കൂൾ വിദ്യാർഥികളാണ്.
ടെക്സസ് പ്രളയത്തില് മരണം 109 ആയി; 160 ലേറെ പേരെ കാണാനില്ല
ഓസ്റ്റിൻ: യുഎസിലെ ടെക്സസിൽ വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 109 ആയി. 160 ലധികം പേരെ ഇപ്പോഴും കാണാനില്ലെന്ന് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കനത്ത മഴയും ചെളിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
ക്യാംപ് മിസ്റ്റിക് എന്ന വേനൽക്കാല ക്യാന്പിൽ പങ്കെടുത്ത 27 പെൺകുട്ടികളും ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. പത്തു പെൺകുട്ടികളെയും ക്യാന്പ് കൗൺസിലറെയും കാണാതായിട്ടുണ്ട്. അതേസമയം പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച ടെക്സസ് സന്ദർശിക്കും.
നാഷണൽ വെതർ സർവീസിനായി ബജറ്റിൽ തുക വെട്ടിച്ചുരുക്കിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞിട്ടുണ്ട്. കനത്ത മഴയിൽ ഗ്വാദലൂപ്പെ നദി കരകവിഞ്ഞൊഴുകിയ കെർ കൗണ്ടിയിൽ മരിച്ചവരിൽ 56 മുതിർന്നവരും 28 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്.
ഇവരിൽ 32 പേരെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ക്യാമ്പിന്റെ സഹഉടമയും ഡയറക്ടറുമായ റിച്ചാർഡ് ഈസ്റ്റ് ലാൻഡ് (70) കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരണപ്പെട്ടതെന്നു ഓസ്റ്റിൻ അമേരിക്കൻ സ്റ്റേറ്റ്സ്മാൻ പത്രം റിപ്പോർട്ട് ചെയ്തു.
പ്രദേശത്ത് കൂടുതൽ മഴയും മിന്നൽപ്രളയവുമുണ്ടാകാൻ സാധ്യതയുള്ളതായി നാഷണൽ വെതർ സർവീസ് അറിയിച്ചിട്ടുണ്ട്.
ജോർജ് ദേവസ്യ ഷിക്കാഗോയിൽ അന്തരിച്ചു
ഷിക്കാഗോ: ഇന്ത്യൻ വ്യോമസേനയിലെ റിട്ടയേഡ് ഉദ്യോഗസ്ഥൻ ഏറ്റുമാനൂർ ചെറുവാണ്ടൂർ കാട്ടാത്തേൽ ജോർജ് ദേവസ്യ (80) ഷിക്കാഗോയിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഇല്ലിനോയി നൈൽസ് ഗ്രീൻവുഡ് അവന്യൂവിലെ ഔവർ ലേഡി ഓഫ് റാൻസം കത്തോലിക്കാ പള്ളിയിൽ.
ഭാര്യ മേരി ഏറ്റുമാനൂർ ഞരന്പൂർ കുടുംബാംഗം. മക്കൾ: സെബാസ്റ്റ്യൻ ജോർജ് (ജിമ്മി, ഷിക്കാഗോ), തോംസണ് (റ്റിമി, ഷിക്കാഗോ), ഹോപ് തോമസ് (അറ്റ്ലാന്റാ). മരുമക്കൾ: ബ്രിജിറ്റ് ജോർജ് (ജയറാണി, കരിപ്പാപറന്പിൽ കാഞ്ഞിരപ്പള്ളി), ജിതേഷ് തോമസ് (ജിത്തു, കണ്ണമല മല്ലപ്പള്ളി).
സഹോദരങ്ങൾ: പരേതയായ അന്നമ്മ വർക്കി കൊല്ലരാത്ത് (തൊമ്മൻകുത്ത്,തൊടുപുഴ), മറിയക്കുട്ടി മാത്യു മൂലംകുഴയ്ക്കൽ (കുറവിലങ്ങാട്), ഔസേപ്പച്ചൻ (ചെറുവാണ്ടൂർ), പരേതനായ തങ്കച്ചൻ (മലബാർ), ഓമന ജോർജ് കുറിച്ചിയാനി (പുന്നത്തുറ).
ബൈബിള് ലിറ്ററേച്ചര് ഫോറം വാര്ഷികം ആഘോഷിച്ചു
ഹൂസ്റ്റണ്: ബൈബിള് ലിറ്ററേച്ചര് ഫോറത്തിന്റെ 23-ാമത് വാര്ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല് ഹില്സ് ബൈബിള് ചാപ്പലില് ഡോ. സണ്ണി എഴുമറ്റൂരിന്റെ അധ്യക്ഷതയില് ചേര്ന്നു. വൈസ് പ്രസിഡന്റ് പി.ടി. ഫിലിപ്പ് എല്ലാവരേയും സ്വാഗതം ചെയ്തു.
ഫോറം പ്രസിഡന്റ് ഡോ. സണ്ണി എഴുമറ്റൂര് അധ്യക്ഷ പ്രസംഗം നടത്തി. കെ.എം. ദാനിയേല്, കെ.വി. സൈമണ് രചിച്ച ഗാനം ആലപിക്കുകയും കൊച്ചുബേബി ഹൂസ്റ്റൺ, ചാക്കോ മത്തായി, ജോര്ജി പാറയില്, അനീഷ് തങ്കച്ചന് എന്നിവര് സ്വന്തമായി എഴുതിയ ഗാനം ആലപിക്കുകയും ചെയ്തു.
ലിനാ നിതിന് ഇംഗ്ലീഷില് എഴുതിയ ലേഖനം അവതരിപ്പിച്ചു. ക്രിസ്തീയ ദര്ശനം പത്രാധിപര് സജി ജോണ് റാന്നി വചനശുശ്രൂഷ നിര്വഹിച്ചു. തദവസരത്തില് ക്രിസ്തീയ ദര്ശനത്തിന്റെ ഇംഗ്ലീഷ് കോപ്പി ഡോ. അഡ്വ. മാത്യു വൈരമണ്, പി.ടി ഫിലിപ്പിന് നല്കിക്കൊണ്ട് പ്രകാശനം ചെയ്തു.
അലക്സാണ്ടര് ഡാനിയേല്, സാമുവേല് തോമസ്, ജെയിംസ് സാമുവേല് എന്നിവര് പ്രാര്ഥിച്ചു. സെക്രട്ടറി മാത്യു വൈരമണ് എല്ലാവര്ക്കും നന്ദി പറഞ്ഞു. ഹൂസ്റ്റണിലുള്ള വിവിധ സഭകളില് നിന്നുള്ള സാഹിത്യകാരന്മാരും ആസ്വാദകരായി വലിയ ഒരുകൂട്ടം ആളുകളും പങ്കെടുത്തു.
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ബുധനാഴ്ച ആരംഭിക്കും
കണക്ടികട്ട്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കണക്ടികട്ട് സ്റ്റാംഫോർഡിലുള്ള ഹിൽട്ടൺ സ്റ്റാംഫോർഡ് ഹോട്ടൽ ആൻഡ് എക്സിക്യൂട്ടീവ് മീറ്റിംഗ് സെന്ററിൽ ബുധനാഴ്ച ആരംഭിക്കും.
ഉച്ചയ്ക്ക് ഒന്നിന് രജിസ്ട്രേഷൻ ആരംഭിക്കും. വൈകുന്നേരം നാല് മുതൽ 5.30 വരെ ഭക്ഷണത്തിനുള്ള സമയം. തുടർന്ന് വൈകുന്നേരം 5.30ന് ലോബിക്ക് പുറത്ത് നടത്തുന്ന ഘോഷയാത്രയിൽ മുഖ്യാതിഥികളെയും പ്രതിനിധികളെയും സ്വാഗതം ചെയ്തുകൊണ്ട് ചെണ്ടമേളവും ആഘോഷങ്ങളുമായി കോൺഫറൻസിനു തുടക്കം കുറിക്കും.
ഘോഷയാത്ര കോഓർഡിനേറ്റർമാരായ രാജൻ പടിയറയും എബ്രഹാം പോത്തനും അവരുടെ സംഘവും പരമ്പരാഗത ഘോഷയാത്രയ്ക്കുള്ള അവസാന ഒരുക്കങ്ങൾ നടത്തിവരികയാണ്.
ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ നിക്കോളാവോസ്, ഫാ. ഡോ. നൈനാൻ വി. ജോർജ്, ഫാ. ഡോ. തിമോത്തി തോമസ്, ഫാ. ജോൺ (ജോഷ്വ) വർഗീസ്, ഡീക്കൺ അന്തോണിയോസ് (റോബി) ആന്റണി (അതിഥി പ്രഭാഷകർ), ഭദ്രാസനത്തിലെമ്പാടുമുള്ള വൈദികർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഘോഷയാത്രയിൽ പങ്കെടുക്കും.
വൈകുന്നേരം 6.30ന് സായാഹ്ന പ്രാർഥനയ്ക്ക് ശേഷം ഗ്രാൻഡ് ബാൾറൂമിൽ നടക്കുന്ന ഉദ്ഘാടന യോഗത്തിൽ ഭദ്രാസന മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. ഫാ. ഡോ. ബാബു കെ. മാത്യു നയിക്കുന്ന ഗായകസംഘം സമ്മേളനത്തിലുടനീളം പ്രേക്ഷകർക്ക് സംഗീത സദ്യയൊരുക്കും.
യുവാക്കളെ കേന്ദ്രീകരിച്ചുള്ള സമ്മേളനത്തിൽ, ആദ്യ രാത്രിയിൽ തന്നെ എംജിഒസിഎസ്എം, ഫോകസ് ഗ്രൂപ്പുകൾക്കായി പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും. ജൂലൈ ഒമ്പത് മുതൽ 12 വരെ കോൺഫറൻസ് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ: 914 806 4595, ജെയ്സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി: 917 612 8832, ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ: 917 533 3566.
സി.ജെ. ജോസഫ് പല്ലാട്ടുമഠം സിയാറ്റിൽ അന്തരിച്ചു
സിയാറ്റിൽ: പല്ലാട്ടുമഠം സി.ജെ. ജോസഫ്(75) അന്തരിച്ചു. അമേരിക്കയിലുള്ള ബന്ധുക്കളെ സന്ദർശിക്കുന്നതിനിടയിൽ അസുഖ ബാധിതനായി സിയാറ്റിൽ എവർഗ്രീൻ മെഡിക്കൽ സെന്ററിൽ വച്ചു മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ഓമന ജോസഫ് കിടങ്ങൂര് പുതുകാടെത്തു കുടുംബംഗമാണ്. പാലാ മുനിസിപ്പാലിറ്റിയുടെ ബസ് ഓപ്പറേഷൻ ഡിവിഷനിലെ ടൈം കീപ്പിംഗ് സൂപ്പർവൈസറായി ദീർഘനാൾ സേവനം അനുഷ്ഠിച്ചിരുന്നു.
സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യമായിരുന്നു. കടപ്ലാമറ്റം സർവീസ്കോ-ഓറേറ്റീവ്ബാങ്ക് ഡയറക്ടർ, ബോർഡ് മെമ്പർ ബാങ്ക് പ്രസിഡന്റ്, പാലാ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു .
മക്കള്: ജോസ്ന & ജോസി പന്തലടത്തില്, മള്ളൂശേരി (ന്യൂഡല്ഹി), ജോമോള് & സന്തോഷ് തടത്തില് (സിയാറ്റില്), ജയ്മോള് & സുബിന് വടക്കേമുകളേല്, കൈപ്പുഴ (ന്യൂഡല്ഹി),
സഹോദരങ്ങള്: മേരിക്കുട്ടി & ജോസഫ് (പുത്തന്മറ്റത്തില്, കണ്ണംകര), സൈമണ് & ഇസബെല്ല (തത്തംകിനാട്ടുകര, മാറിക. ഡാളസ്), ലിസി & ജോയ് (നെല്ലിപ്പുഴ, പുന്നത്തറ), സിസ്റ്റര് ആനി (മാര് കാവുകാട്ട് മെമ്മോറിയല് ഹോസ്പിറ്റല്, പ്രവിത്താനം, പാലാ), സണ്ണി & ലിസമ്മ (പടിക്കവീട്ടില്, ചേര്പ്പുങ്കല്. ഓസ്ട്രേലിയ), പരേതയായ പുഷ്പമ പല്ലാട്ടുമഠം, സാമോന് & ബിന്ദു (വണ്ടന്നൂര് പുതുവേലി. ഡാളസ്).
സംസ്കാര ശുശ്രൂഷകള് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിലെ ശുശ്രൂഷകള്ക്ക് ശേഷം കൂടല്ലൂര് സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയില്.
ഫോമാ ബൈലോ കമ്മിറ്റി: സമയപരിധി 15 വരെ നീട്ടി
ന്യൂയോർക്ക്: ഫോമയുടെ ഭരണഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ട് ഫോമ അംഗ സംഘടനകളിൽ നിന്നും ക്രിയാത്മകമായ ഭേദഗതി നിർദേശങ്ങൾ ക്ഷണിച്ചു. ജോൺ സി. വർഗീസ് ചെയർമാനായി പുനഃസംഘടിപ്പിച്ച ബൈലോ കമ്മിറ്റിയാണ് നിർദേശങ്ങൾ ക്ഷണിച്ചത്.
നിലവിലുള്ള ബൈലോയിൽ വരുത്തേണ്ട ഭേദഗതികൾ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 15 വരെ നീട്ടിയതായി ചെയർമാൻ ജോൺ സി. വർഗീസ് (സലിം) അറിയിച്ചു. അംഗ സംഘടനകളുടെ അഭ്യർഥന മാനിച്ചാണ് തീയതി നീട്ടിയതെന്ന് ഫോമാ പ്രസിഡന്റ് ബേബി മണകുന്നേൽ പറഞ്ഞു.
സജി എബ്രഹാം (വൈസ് ചെയർമാൻ, ന്യൂയോർക്ക്), ജെ. മാത്യു (ന്യൂയോർക്ക്), മാത്യു വൈരമൻ (ഹൂസ്റ്റൺ), സിജോ ജയിംസ് (ടെക്സസ്), ബബ്ലു ചാക്കോ (സെക്രട്ടറി, കോ ഓർഡിനേറ്റർ) എന്നിവരാണ് ബൈലോ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
എല്ലാ അംഗസംഘടനകളുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ ഓർമപ്പെടുത്തി.
ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രി അനുമോദനവും അവാര്ഡ് വിതരണവും സംഘടിപ്പിച്ചു
ഡാളസ്: ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില് ഡാളസ് ഐപിസി എബനേസര് ഹാളില് അനുമോദന മീറ്റിംഗും ദിവ്യവാര്ത്ത ഫലകവും കാഷ് അവാര്ഡ് വിതരണവും സംഘടിപ്പിച്ചു. മീറ്റിംഗില് ദിവ്യധാര മിനിസ്ട്രീസ് പ്രസിഡന്റ് ജോസ് പ്രകാശ് കരിമ്പിനേത്ത് അധ്യക്ഷത വഹിച്ചു.
ജനറല് കോഓര്ഡിനേറ്റര് ബ്രദര് എസ്.പി. ജയിംസ് സ്വാഗത പ്രസംഗം നടത്തി. ഐപിസി ഗ്ലോബല് ജനറല് സെക്രട്ടറി ഡോ. പാസ്റ്റര് ബേബി വറുഗീസ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് എന്ആര്ഐ കമ്മിഷന് മെമ്പറും ഐപിസി കേരള സ്റ്റേറ്റ് കൗണ്സില് അംഗവുമായ ബ്രദര് പീറ്റര് മാത്യുവിനെ ഫലകം നല്കി ആദരിച്ചു.
മറുപടി പ്രസംഗത്തില് മലയാളി പ്രവാസികളുടെ വസ്തുവകകളെ സംബന്ധിച്ചുള്ള സംശയങ്ങള്ക്ക് ആവശ്യമായ മാര്ഗനിര്ദ്ദേശങ്ങള് നല്കുകയും അനുബന്ധ നടപടികാര്യങ്ങളില് സഹായിക്കാമെന്ന വാഗ്ദാനം നല്കുകയും ചെയ്തു.
ഹൂസ്റ്റണ്, ന്യൂയോര്ക്ക്, ന്യൂജഴ്സി, ഫിലഡല്ഫിയ തുടങ്ങിയ പട്ടണങ്ങളിലെ സ്വീകരണ മീറ്റിംഗുകളില് പങ്കെടുത്തശേഷം കേരളത്തിലേക്ക് മടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
തുടര്ന്ന് ദിവ്യവാര്ത്ത ബൈബിള് ക്വിസ് ഇംഗ്ലിഷ് സീരീസ് ഷെര്ളിന് തോമസ് (ഡാളസ്), മലയാളം ബൈബിള് ക്വിസ് സീരീസ് സാലി ജോണ് (ന്യൂഡല്ഹി), ഡൈജി വിനു (കോട്ടയം), മലയാളം ബൈബിള് ക്വിസ് സീരീസ് ഡൈജി വിനു (കോട്ടയം), വി.കെ. സ്കറിയ (ഡാളസ്) എന്നിവര്ക്ക് സര്ട്ടിഫിക്കറ്റുകളും കാഷ് അവാര്ഡും നല്കി.
മീറ്റിംഗില് ബ്രദര് സാം മാത്യു, ബ്രദര് സാബുക്കുട്ടി കപ്പമാംമൂട്ടില് എന്നിവര് ആശംസകള് അറിയിച്ചു. അധ്യക്ഷന്റെ ഉപസംഹാര പ്രസംഗത്തിനും കൃതജ്ഞത പ്രകാശനത്തിനും ശേഷം ഇവ. കെ.പി. ജോര്ജ് പ്രാര്ഥിച്ചു.
തുടര്ന്ന് ഡോ. പാസ്റ്റര് ബേബി വറുഗീസിന്റെ ആശിര്വാദത്തോടെ മീറ്റിംഗ് അവസാനിച്ചു. ഐപിസി എബനേസര് ക്വയര് ബ്രദര് ഏബ്രഹാം ബേബിയുടെ നേതൃത്വത്തില് ഗാനശുശ്രൂഷ നടത്തി.
ഡിട്രോയിറ്റിൽ നാല് വയസുകാരനും കൗമാരക്കാരനും കൊല്ലപ്പെട്ട സംഭവം: രണ്ട് പേർ അറസ്റ്റിൽ
ഡിട്രോയിറ്റ്: സ്കിന്നർ പ്ലേഫീൽഡിൽ നടന്ന വെടിവയ്പുമായി ബന്ധപ്പെട്ട് രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പിൽ സമീർ ജോഷിയ ഗ്രബ്സ് (4), ഡേവിയോൺ ഷെൽമോൺസൺ-ബേ (18) എന്നിവർ കൊല്ലപ്പെടുകയും 17 വയസുകാരനായ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നിലവിൽ കസ്റ്റഡിയിലുള്ളവർ തന്നെയാണ് യഥാർഥ പ്രതികളെന്ന് തനിക്ക് പൂർണവിശ്വാസമുണ്ടെന്ന് ഡിട്രോയിറ്റ് പോലീസ് മേധാവി ടോഡ് ബെറ്റിസൺ മാധ്യമങ്ങളോട് പറഞ്ഞു. വെയ്ൻ കൗണ്ടി പ്രോസിക്യൂട്ടർ കിം വർത്തി ഇതുവരെ പ്രതികൾക്കെതിരായ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
കുറ്റപത്രം സമർപ്പിക്കുന്നതുവരെ അറസ്റ്റുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തില്ലെന്നും ബെറ്റിസൺ വ്യക്തമാക്കി.
ടെക്സസ് പ്രളയം; മരണസംഖ്യ നൂറ് കടന്നു
ടെക്സസ്: പ്രളയത്തിൽ മരണസംഖ്യ നൂറ് കടന്നു. 104 പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഗ്വാദലൂപ്പെ നദീതീരത്തുള്ള കെർ കൗണ്ടിയിൽ 84പേർ മരിച്ചു.
എഴുനൂറോളം പെൺകുട്ടികൾ വേനൽക്കാല ക്യാന്പിൽ പങ്കെടുത്തത് ഇവിടെയായിരുന്നു. കാണാതായ 24പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല.
ട്രാവിസ് കൗണ്ടി, ബേണറ്റ് കൗണ്ടി, വില്യംസൺ കൗണ്ടി, കെണ്ടാൽ കൗണ്ടി, ടോം ഗ്രീൻ കൗണ്ടി എന്നിവിടങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ടെക്സസ് അധികൃതർ നൽകിയ സൂചന.
മരണപ്പെട്ടവരിൽ ഒട്ടേറെ പെൺകുട്ടികൾ ഉൾപ്പെടുന്നു. കാണാതായവരിലും പെൺകുട്ടികളുണ്ട്. എല്ലാവരെയും കണ്ടെത്തിയ ശേഷമേ തെരച്ചിൽ അവസാനിപ്പിക്കൂ എന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് ആവർത്തിച്ചു.
അതേസമയം, ടെക്സസിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അമേരിക്കയിൽ വാഹനാപകടം; നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കാറിൽ ട്രക്ക് ഇടിച്ച് ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. അലബമായിലെ ഗ്രീന് കൗണ്ടിയിലാണ് അപകടമുണ്ടായത്.
ഹൈദരാബാദ് സ്വദേശികളായ ശ്രീ വെങ്കട്ട്, തേജസ്വിനി ഇവരുടെ രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. അറ്റ്ലാന്റയിലെ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.
കാറിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. സംസ്കാര ചടങ്ങുകൾക്കായി മൃതദേഹങ്ങൾ ഹൈദരാബാദിലേക്ക് കൊണ്ടുവരും.
ഡോ. ഇ.എസ്. ജോസഫ് അമേരിക്കയിൽ അന്തരിച്ചു
ലൂസിയാന: നെടുംകുന്നം കുന്പിളുവേലിൽ പരേതരായ ഇ.കെ. സഖറിയായുടെയും (റിട്ട. ഡപ്യൂട്ടി ഡിപിഎ ഓഫീസർ) സാറാമ്മ പാലാകുന്നേലിന്റെയും മകൻ ഡോ. ഇ.എസ്. ജോസഫ് (89) അമേരിക്കയിൽ അന്തരിച്ചു.
സംസ്കാരം വെള്ളിയാഴ്ച ലൂസിയാനയിൽ. ഭാര്യ: ഡോ. മേരി ജോസഫ് തോപ്പിൽ. മക്കൾ: ഡോ. ബേബി, ഡോ.ബീന. മരുമക്കൾ: ഡോ. ജാസ്മിൻ പടയാറ്റിൽ, ഡോ. ജോർജ് മാന്പള്ളിൽ. പരേതൻ ലൂസിയാന സതേൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഡിപ്പാർട്ട്മെന്റ് ചെയർമാനായി വിരമിച്ചു.
കോതമംഗലം എൻജിനിയറിംഗ് കോളജ്, ടി.കെ.എം.കോളജ്, അമൽജ്യോതി എൻജിനീയറിംഗ് കോളജ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അമേരിക്കൻ പ്രസംഗ മത്സരത്തിൽ മലയാളി പെൺകുട്ടിക്ക് ദേശീയ പുരസ്കാരം
നോർത്ത് കാരോലിന: ഫ്യൂച്ചർ ബിസിനസ് ലീഡേഴ്സ് ഓഫ് അമേരിക്ക ദേശീയതലത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ മലയാളി പെൺകുട്ടി എഡ്ന എലിസ സാബിൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
കലിഫോർണിയയിലെ അനാഹൈമിൽ നടന്ന നാഷണൽ ലീഡർഷിപ് കോൺഫറൻസിലാണ് എഡ്ന വിജയം നേടിയത്. എഫ്ജെ കാർനേജ് മിഡിൽ സ്കൂൾ വിദ്യാർഥിനിയായ എഡ്ന, സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയാണ് ദേശീയതലത്തിൽ മത്സരിച്ചത്.
"സാമൂഹ്യ സേവനത്തിലൂടെ ആർജിക്കുന്ന കഴിവുകളും അവയുടെ പ്രാധാന്യവും' എന്ന വിഷയത്തെക്കുറിച്ചാണ് എഡ്ന സംസാരിച്ചത്. റാലിയിൽ താമസിക്കുന്ന സബിൻ തോമസിന്റെയും എലിസബത്ത് സബിന്റെയും മകളാണ് എഡ്ന.
മറിയാമ്മ തോമസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: മണലേൽ മഠത്തിൽ കടപ്ര മാന്നാർ പരേതരായ എം.പി. ഉമ്മന്റെയും ഏലിയമ്മ ഉമ്മന്റെയും മകൾ മറിയാമ്മ തോമസ്(79) ഡാളസിൽ അന്തരിച്ചു. പരേത തലവടി കൊച്ചുമാമ്മൂട്ടിൽ കുടുംബാംഗമാണ്.
പരേത സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ സജീവ പ്രവർത്തകയായിരുന്നു. എസ്ഥേർ തോമസ് ഏക മകളാണ്.
സഹോദരങ്ങൾ: ആച്ചിയമ്മ തോമസ് (കുഞ്ഞമ്മ, കോട്ടയം), ശോശാമ്മ തോമസ് (തങ്കമ്മ, പുല്ലാട്ട്), ഫിലിപ്പ് ഉമ്മൻ (അച്ഛൻകുഞ്ഞ്, ടെന്നസി), ഉമ്മൻ വർഗീസ് (ബാബു, ഡാളസ്), പരേതനായ കുര്യൻ (ഡാളസ്), ഇമ്മാനുവൽ വർഗീസ് (മനു, കോയമ്പത്തൂർ), സി.സി. ചെറിയാൻ (കുഞ്ഞ്, ഫിലഡൽഫിയ).
സംസ്കാരം പിന്നീട്. കൂടുതൽ വിവരങ്ങൾക്ക്: സാജൻ മാത്യു - 4695860834, എസ്ഥേർ തോമസ് - 4695560829.
പുതിയ പാർട്ടി അസംബന്ധം; മസ്കിനെ വിമർശിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ഇലോൺ മസ്കിന്റെ നീക്കത്തെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. മസ്കിന്റെ നീക്കം അപഹാസ്യവും അസംബന്ധവുമെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്തിൽ കുറിച്ചു.
അമേരിക്കയെപ്പോലൊരു രാജ്യത്ത് മൂന്നാം കക്ഷിക്ക് സ്ഥാനമില്ലെന്ന് ട്രംപിന്റെ പോസ്റ്റിൽ പറയുന്നു. മസ്കിന്റെ പാർട്ടി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന പ്രവചനവും ട്രംപിന്റെ കുറിപ്പിലുണ്ട്. അമേരിക്കയിൽ മൂന്നാം കക്ഷി ഒരിക്കലും വിജയിക്കില്ലെന്നും ട്രംപ് പോസ്റ്റിൽ പറയുന്നു.
മസ്ക് തന്റെ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും പറഞ്ഞു. മസ്കിന്റെ പാർട്ടിയിൽ പ്രമുഖരായ മൂന്ന് അമേരിക്കക്കാർ ചേരുമെന്നാണ് ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയി’നെ പിന്തുണയ്ക്കുന്ന ലോറ ലൂമറിന്റെ എക്സ് പോസ്റ്റ്.
കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെ യുഎസിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ടെസ്ല മേധാവി ഇലോൺ മസ്ക് രംഗത്തുവന്നത്.
‘അമേരിക്ക പാർട്ടി’ എന്നാണ് പാർട്ടിയുടെ പേര്. നിങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുനൽകുന്നതിനാണ് പുതിയ പാർട്ടിയെന്ന് മസ്ക് എക്സിൽ കുറിച്ചിരുന്നു.
അജു വാരിക്കാടിന്റെ പിതാവ് ജോൺ പി. ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: പ്രമുഖ മാധ്യമ പ്രവത്തകനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഓഫ് നോർത്ത് അമേരിക്ക(ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്റർ ട്രഷററും മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണിന്റെ(മാഗ്) മുൻ പിആർഒയും ഫോമ സതേൺ റീജിയൺ കോൺസുലർ അഫയർസ് ചെയറുമായ അജു ജോൺ വാരിക്കാടിന്റെ പിതാവ് തിരുവല്ല വാരിക്കാട് കല്ലൂർമഠം പുതുപ്പറമ്പിൽ ജോൺ പി. ഏബ്രഹാം (തമ്പാൻ - 76) ഹൂസ്റ്റണിൽ അന്തരിച്ചു.
ഭാര്യ ഇടനാട് തയ്യിൽ അന്നമ്മ (എൽസി). പരേതൻ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകാംഗമാണ്. മക്കൾ : അജു വാരിക്കാട് (ഹൂസ്റ്റൺ) അഞ്ജു (ഡിട്രോയിറ്റ്). മരുമക്കൾ: ജോപ്പി (ഹൂസ്റ്റൺ), ജയ്മോൻ (ഡിട്രോയിറ്റ്).
സംസ്കാരം പിന്നീട് ഹൂസ്റ്റണിൽ നടത്തും. ഐപിസിഎൻഎ പ്രവർത്തകർ അജുവിന്റെ ഭവനത്തിൽ എത്തി അനുശോചനം അറിയിച്ചു.
ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് സൈമൺ വളാച്ചേരിൽ, നാഷനൽ അഡ്വൈസറി ബോർഡ് മെമ്പർ മാത്യു വർഗീസ് (ഫ്ലോറിഡ), നാഷണൽ വൈസ് പ്രസിഡന്റ് അനിൽ ആറന്മുള എന്നിവർ അനുശോചന സന്ദേശം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: അജു വാരിക്കാട് - 832 846 0763.
സീൻ മാറ്റാൻ മസ്ക്; പുതിയ പാർട്ടി രൂപീകരിച്ചു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി തെറ്റിപ്പിരിഞ്ഞ ഇലോൺ മസ്ക് പുതിയ പാർട്ടി രൂപീകരിച്ചു. "അമേരിക്ക പാർട്ടി' എന്നാണു പേര്.
ലോകത്തിലെ ഏറ്റവും വലിയ പണക്കാരനും എക്സ് അടക്കം അനേകം സ്ഥാപനങ്ങളുടെ ഉടമയുമായ മസ്ക് രാഷ്ട്രീയത്തിലേക്കു കടക്കുന്നത് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കു തിരിച്ചടിയായേക്കും.
അമേരിക്കയിൽ പുതിയ പാർട്ടി വേണമോ എന്ന് എക്സിലൂടെ അനുയായികളോടു ചോദിച്ച ശേഷമാണ് മക്സ് പ്രഖ്യാപനം നടത്തിയത്. നിങ്ങൾക്കു സ്വാതന്ത്ര്യം നല്കാൻ അമേരിക്ക പാർട്ടി രൂപവത്കൃതമായി എന്ന് അദ്ദേഹം പറഞ്ഞു.
നികുതിയിൽ ഇളവു വരുത്താനും പ്രതിരോധച്ചെലവ് വർധിപ്പിക്കാനുമുള്ള "വൺ ബ്യൂട്ടിഫുൾ ബില്ലിൽ' ട്രംപ് ഒപ്പുവച്ചതിനു പിന്നാലെയായിരുന്നു മസ്കിന്റെ നടപടി.
ഈ ബില്ലിന്റെ പേരിലാണ് ട്രംപുമായി മസ്ക് തെറ്റിപ്പിരിഞ്ഞത്. ബിൽ അമേരിക്കയെ കടക്കെണിയിലാക്കുമെന്ന് മസ്ക് ആവർത്തിച്ചു. ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത ജനപ്രതിനിധികളെ താഴെയിറക്കാൻ പണമെറിയുമെന്നാണ് മസ്ക് ഇപ്പോൾ പറയുന്നത്.
കഴിഞ്ഞവർഷം നവംബറിലെ തെരഞ്ഞെടുപ്പിൽ ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും ജയിപ്പിക്കാൻ മസ്ക് പണമെറിഞ്ഞിരുന്നു.
അടുത്ത വർഷം നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ മസ്കിന്റെ പാർട്ടി വലിയ തലവേദന സൃഷ്ടിക്കുമെന്നാണു റിപ്പബ്ലിക്കൻ പാർട്ടിക്കാർ ഭയക്കുന്നത്.
ടെക്സസിലെ മിന്നൽ പ്രളയം: മരണം 78
ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്തുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി. മൂന്നു ദിവസമായി തുടരുന്ന രക്ഷാപ്രവർത്തനത്തിൽ കെർ കൗണ്ടിയിൽ ഗ്വാദലൂപ്പെ നദീതീരത്തു നടന്നുവന്ന ക്യാന്പിൽ പങ്കെടുത്ത 27 പെൺകുട്ടികളുടെ മൃതദേഹങ്ങളും കണ്ടെടുത്തു.
ക്യാന്പിൽ പങ്കെടുത്ത പതിനൊന്ന് പെൺകുട്ടികളടക്കം ഒട്ടേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. എല്ലാവരെയും കണ്ടെത്തിയശേഷമേ തെരച്ചിൽ അവസാനിപ്പിക്കൂവെന്നാണ് ടെക്സസ് സംസ്ഥാന സർക്കാർ അറിയിച്ചത്.
ക്രൈസ്തവ വിശ്വാസികളായ പെൺകുട്ടികൾക്കുവേണ്ടി കെർ കൗണ്ടിയിൽ ഗ്വാദലൂപ്പെ നദീതീരത്ത് നടക്കുന്ന മിസ്റ്റിക് വേനൽക്കാല ക്യാന്പിലെ കുട്ടികളെയാണു കാണാതായത്. 1926 മുതൽ എല്ലാ വർഷവും നടന്നുവരുന്ന വേനൽക്കാല ക്യാന്പാണിത്.
എട്ടു വയസ് മുതലുള്ള എഴുനൂ റോളം പെൺകുട്ടികളാണ് ഇക്കുറി ക്യാന്പിൽ പങ്കെടുത്തത്. മിന്നൽപ്രളയത്തിൽ ആറടിയിലേറെ ഉയരത്തിൽ വെള്ളം കയറിയതോടെ നദീതീരത്ത് ഇവർക്കു താമസിക്കാൻ സജ്ജമാക്കിയ കാബിനുകൾ കൂട്ടത്തോടെ ഒഴുകിപ്പോയി.
വെള്ളിയാഴ്ച പുലർച്ചെ ഗ്വാദലൂപ്പെ നദീതീരത്തുണ്ടായ കനത്ത മഴയാണ് പ്രളയത്തിനിടയാക്കിയത്. ഒരു മണിക്കൂറിനുള്ളിൽ 38 സെന്റിമീറ്റർ മഴ പെയ്തപ്പോൾ നദിയിലെ ജലനിരപ്പ് ഒന്പത് മീറ്ററായി ഉയർന്നു. 850 പേരെ രക്ഷപ്പെടുത്തിയതായാണ് അധികൃതർ അറിയിച്ചത്.
അമേരിക്കൻ സ്വാതന്ത്ര്യദിനമായിരുന്ന വെള്ളിയാഴ്ച നദീതീരത്തു വിവിധ ഭാഗങ്ങളിലായി ക്യാന്പ് ചെയ്തിരുന്ന മറ്റേനകം പേരും ദുരന്തത്തിനിരയായി എന്നാണ് അനുമാനം. എത്രപേരെ കാണാതായി എന്നതിൽ ടെക്സസ് സംസ്ഥാന സർക്കാരിനു ക്യത്യമായ കണക്കില്ല.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നിരവധി പേർ നദീതീരത്ത് എത്തിയിരുന്നുവെന്നും ഇവരിൽ പലരെയും കാണാതായിട്ടുണ്ടെന്നും എത്തിയ ആളുകളുടെ പേരുവിവരം ലഭ്യമല്ലെന്നും ടക്സസ് ലഫ്. ഗവർണർ ഡാൻ പാട്രിക് പറഞ്ഞു.
700 പെൺകുട്ടികളാണ് ക്യാന്പിൽ പങ്കെടുത്തിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരച്ചെത്തിയ വെള്ളത്തിൽനിന്നു രക്ഷ തേടി നിരവധി പേർ മരങ്ങളിലും മറ്റും കയറി. ഇവരെ പിന്നീട് രക്ഷാപ്രവർത്തകരെത്തി ഹെലികോപ്റ്റർ മുഖേന രക്ഷപ്പെടുത്തി.
കെർ കൗണ്ടിക്കു പുറമേ ഗ്വാദലൂപ്പെ നദിയൊഴുകുന്ന ട്രാവിസ് കൗണ്ടി, കെൻഡാൽ കൗണ്ടി എന്നിവിടങ്ങളിലും മരണങ്ങളും ആളുകളെ കാണാതായതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ക്യാന്പ് മിസ്റ്റിക്കിൽനിന്ന് 40 മൈൽ അകലെ ഗ്വാദലൂപ്പെ നദീതീരത്തുള്ള കംഫർട്ട് ടൗൺ പ്രളയജലത്തിനൊപ്പമെത്തിയ കൂറ്റൻ മരങ്ങളും കല്ലുകളും ചെളിയും നിറഞ്ഞ അവസ്ഥയിലാണ്. പ്രദേശത്തെ നിരവധി റോഡുകൾ തകർന്ന് ഗതാഗതം താറുമാറാകുകയും ചെയ്തു. പ്രളയത്തിൽ നിരവധി വാഹനങ്ങളാണ് ഒഴുകിപ്പോയത്.
14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും അഞ്ഞൂറോളം രക്ഷാപ്രവർത്തകരും രക്ഷാദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. മരങ്ങളും ചെളിയും കല്ലുകളും അടിഞ്ഞുകിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാണ്. ടെക്സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തും വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
പ്രളയത്തെ ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാരിന് ഫെഡറൽ സഹായം നൽകണമെന്ന് പ്രസിഡന്റ് ട്രംപിനോട് അഭ്യർഥിച്ചതായി ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. അഭ്യർഥന ട്രംപ് അംഗീകരിക്കുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ പറഞ്ഞത്.
പൊന്നമ്മ സദാനന്ദൻ അന്തരിച്ചു
മാവേലിക്കര: സജയ് ഭവനിൽ പൊന്നമ്മ സദാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. വിദ്യാഭ്യാസ വകുപ്പിൽ നിന്നും വിരമിച്ച പൊന്നമ്മ റിട്ട. ആർമി ആഫീസർ സദാനന്ദന്റെ ഭാര്യയും ലൗലി (കാനഡ) സഞ്ജയ് (ന്യൂസ്ലൻഡ്) എന്നിവരുടെ മാതാവും ആണ്.
ജയശങ്കർ പിള്ള (കാനഡ), ഷിജിത എന്നിവർ മരുമക്കൾ ആണ്. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് മാവേലിക്കരയിലെ വീട്ടുവളപ്പിൽ നടത്തി.
മൗണ്ട് ഒലീവ് സെന്റ് തോമസ് പെരുന്നാള്
ന്യൂജഴ്സി: മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്ത്തഡോക്സ് ഇടവകയില് പെരുന്നാള് ആഘോഷിക്കുന്നു. കഴിഞ്ഞമാസം ആറിന് വികാരി ഫാ. ഷിബു ദാനിയേല് കൊടിയേറ്റ് കര്മം നടത്തിയതോടെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി.
ഈ മാസം രണ്ടിന് കോലഞ്ചേരി ഫാ. ഗീവര്ഗീസ് വള്ളിക്കാട്ടിലും മൂന്നിന് ഡിട്രോയിറ്റ് ഡീ. റയന് തോമസും കണ്വന്ഷന് പ്രസംഗങ്ങള് നടത്തി. വെള്ളിയാഴ്ച സന്ധ്യാനമസ്കാരവും തുടര്ന്ന് ഫാ. ഗീവര്ഗീസ് ജോണ് (സെന്റ് ലൂക്ക് ഇടവക വികാരി) പെരുന്നാള് സന്ദേശവും നൽകി.
പിന്നീട് റാസ, ആശീര്വാദം, ഡിന്നര് എന്നിവയും ടോം അജിത് ആന്റണി നേതൃത്വം നൽകിയ ക്രിസ്ത്യന് മ്യൂസിക്കല് കണ്സര്ട്ടും വെടിക്കെട്ടും നടന്നു. മര്ത്തമറിയം വനിതാ സമാജവും മെന്സ് ഫോറവും ചേർന്ന് തട്ടുകട ഒരുക്കിയിരുന്നു.
ശനിയാഴ്ച രാവിലെ 8.30ന് ഫാ. ടോബിന് പി. മാത്യു (വികാരി, ബാള്ട്ടിമോര് സെന്റ് തോമസ് ഓര്ത്തഡോക്സ് ചര്ച്ച്) മുഖ്യകാര്മികത്വത്തിലുള്ള കുര്ബാന നടക്കും. തുടര്ന്ന് മൗണ്ട് ഒലീവ് പള്ളി ആരംഭിച്ചതിനു ശേഷമുള്ള കൈക്കാരന്മാരെയും സെക്രട്ടറിമാരെയും ആദരിക്കുന്ന ചടങ്ങ്. ആശീര്വാദത്തിനുശേഷം നേര്ച്ചവിളമ്പും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
പെരുന്നാള് പേട്രണ്മാരായി തോമസ്കുട്ടി/റോസ്ലിന് ഡാനിയല്, റിനു/ബിന്ദു ചെറിയാന്, ചെറിയാന് ജൂബിലി/ജോഡി തോമസ്, മാത്യൂസ് സി. മാത്യു/മോളി മാത്യു, ഫിലിപ്/സൂസന് ജോസഫ് എന്നിവര് തയാറായിട്ടുണ്ട്.
വിവരങ്ങള്ക്ക്: ഫാ. ഷിബു ദാനിയേല് (വികാരി), റോഷിന് ജോര്ജ് (973) 337-3202 (ട്രസ്റ്റി), ജോര്ജ് തുമ്പയില് (സെക്രട്ടറി).
മാർ അത്തനേഷ്യസ് കോളജ് അലുംനി: പ്രമുഖ വ്യക്തികളെ ആദരിച്ചു
കോതമംഗലം: മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അലുംനി യുഎസ്എയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കോളജിലെ പൂർവ വിദ്യാർഥികളും കായിക - കലാ രംഗത്തു ദേശീയ - അന്തർദേശിയ നിലയിൽ അവാർഡ് /മെഡൽ ജേതാക്കളുമായ താരങ്ങളെ ആദരിച്ചു.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും എംഎ കോളജ് പൂർവ വിദ്യാർഥിയുമായ മധു ബാലകൃഷ്ണൻ പരിപാടികൾക്ക് തുടക്കം കുറിച്ചു. സൂം പ്ലാറ്റ്ഫോമിൽ നടന്ന ചടങ്ങിൽ യുഎസ്എഎ അലുംനി പ്രസിഡന്റ് സാബു സ്കറിയ അദ്ധ്യക്ഷത വഹിച്ചു.
പഠനപരമായ നിലയിലും പഠ്യേതര രംഗത്തും ദേശീയ/അന്തർദേശീയ തലത്തിൽ ഔന്നത്യം നേടിയ എംഎ കോളജിന്റെ വളർച്ചയിലും ഉയർച്ചയിലും അത്യന്തം അഭിമാനം കൊള്ളുന്നതായി തന്റെ പ്രസംഗത്തിൽ സാബു സ്കറിയ അറിയിച്ചു. ഒളിന്പിക്സ് മെഡൽ ജേതാക്കളെയും കലാ - കായിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച ശേഷ്ഠ വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു.
ഒളിന്പ്യന്മാരായ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ, അനിൽഡാ തോമസ്, ടി. ഗോപി, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് സാബു ചെറിയാൻ, സംവിധായകൻ കെ. എം. കമൽ എന്നിവരെയാണ് മീറ്റിംഗിൽ ആദരിച്ചത്.
മീറ്റ് & ഗ്രീറ്റ് പരിപാടിയായി സംഘടിപ്പിച്ച ഈ ഒത്തുചേരലിൽ അമേരിക്കയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള അനേകം എംഎ കോളജ് പൂർവ വിദ്യാർഥികൾ പങ്കെടുത്തു. വിവിധ കാലഘട്ടങ്ങളിൽ കോളജിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് പരസ്പരം പരിചയപ്പെടുന്നതിനും സൗഹൃദം പുതുക്കുന്നതിനും ചടങ്ങ് ഏറെ പ്രയോജനപ്പെട്ടു.
പ്രിൻസിപ്പൽ ഡോ. മഞ്ചു കുര്യൻ, ഇപ്പോൾ അമേരിക്കയിലുള്ള മുൻ പ്രിൻസിപ്പൽ ഡോ. ലീനാ ജോർജ്, മുൻ പ്രഫസർമാരായ കെ. പി. മത്തായി, ഡോ. ഷീല വർഗീസ്, ജോസഫ് തോമസ് (അപ്പു സാർ), ജേക്കബ് മാത്യു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
അപ്പു സാറിന്റെ മലയാള കവിതാ പാരായണം സദസിനു ഏറെ ഹൃദ്യവും ഉണർത്തുപാട്ടുമായി മാറി. ജനറൽ സെക്രട്ടറി ജോബി മാത്യു സ്വാഗതവും ട്രഷറർ ജോർജ് മാലിയിൽ നന്ദിയും രേഖപ്പെടുത്തി.
ഗാർലൻഡ് സെന്റ് തോമസ് ദേവാലയത്തിൽ പെരുന്നാളിന് കൊടിയേറി
ഗാർലൻഡ്: സെന്റ് തോമസ് സീറോമലബാർ കത്തോലിക്കാ ദേവാലയത്തിൽ ഈ മാസം മൂന്നിന് വൈകുന്നേരം ആറിന് ദുക്റാന തിരുനാൾ ആഘോഷിക്കുകയും പെരുന്നാളിനു കൊടിയേറുകയും ചെയ്തു.
ദിവ്യബലിക്ക് റവ. ഫാ. സിബി സെബാസ്റ്റ്യൻ (വികാരി) മുഖ്യകാർമികത്വം വഹിച്ചു. തിരുകർമങ്ങളിലും സ്നേഹവിരുന്നിലും വിശ്വാസികൾ പങ്കെടുത്തു.
സർവവിധ അലങ്കാരങ്ങളോടെ ഇടവക മധ്യസ്ഥന്റെ വിശുദ്ധ തിരുസ്വരൂപം പള്ളിയിലെ പ്രധാന കവാട ഭാഗത്ത് എഴുന്നള്ളിച്ചുവച്ചിരുന്നത് വിശ്വാസികളിൽ ഏറെ കൗതുകം സൃഷ്ടിച്ചു.
തിങ്കളാഴ്ച രാത്രി 8.30ന് കോടിയിറക്കം നടത്തി സമാപിക്കും. ശനിയാഴ്ച രാത്രി ഏഴിന് പ്രശസ്ത ഗായകൻ ഫ്രാങ്കോ നയിക്കുന്ന ഗാനമേളയും ഒരുക്കിയിട്ടുണ്ട്.
ലൂക്ക് ചക്കാലപടവിലിന്റെ വിയോഗം: അനുശോചനം അറിയിച്ചു
ഷിക്കാഗോ: അറ്റ്ലാന്റയിൽ അന്തരിച്ച ലൂക്ക് ചക്കാലപടവിലിന്റെ വിയോഗത്തിൽ ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് ഷിക്കാഗോ അനുശോചനം രേഖപ്പെടുത്തി. കെസിഎസ് എക്സിക്യൂട്ടീവ് മീറ്റിംഗിൽ പരേതന്റെ ഓർമകൾക്കു മുൻപിൽ യോഗം രണ്ടുമിനിറ്റ് മൗനം അവലംബിച്ചു.
അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ അക്ഷീണ സംഭാവനകളും സമൂഹത്തോടുള്ള ആഴമായ പ്രതിബദ്ധതയും എന്നെന്നും ഓർമിക്കപ്പെടുമെന്നും അനുശോചന യോഗം വിലയിരുത്തി.
ദുഃഖിതരായ അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഷിക്കാഗോയിലും അറ്റ്ലാന്റയിലുമുള്ള ക്നാനായ സമൂഹത്തോടും കെസിഎസ് ഷിക്കാഗോ അഗാധമായ അനുശോചനം അറിയിക്കുന്നു എന്ന് കെസിഎസ് പ്രസിഡന്റ് ജോസ് ആനമല അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ടെക്സസിൽ മിന്നൽ പ്രളയം; 24 മരണം, നിരവധി പേരെ കാണാതായി
ടെക്സസ്: കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ടെക്സസിൽ 24 പേർ മരിച്ചു. സമ്മർ ക്യാമ്പിനെത്തിയ 25 പെൺകുട്ടികൾ ഉൾപ്പടെ നിരവധി പേരെ കാണാതായി.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ പെയ്ത കനത്ത മഴയിൽ ടെക്സസിലെ കെർ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഗ്വാഡൽപെ നദി കരകവിഞ്ഞൊഴുകിയതാണ് ദുരന്തത്തിന് കാരണമായത്.
ടെക്സസിലെ സാൻ അന്റോണിയോയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് കനത്ത പ്രളയം ഉണ്ടായത്. ഇതുവരെ 24 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
പലരുടെയും മൃതദേഹങ്ങൾ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങികിടക്കുന്ന നിലയിലായിരുന്നു. നിരവധി വീടുകളും മരങ്ങളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
237 പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഏകദേശം 500 രക്ഷാപ്രവർത്തകരെയും 14 ഹെലികോപ്റ്ററുകളും നീന്തൽ വിദഗ്ധരും അടക്കമുള്ളവരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.