കേളി കലാ സാംസ്കാരിക വേദിക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരവ്
Wednesday, April 23, 2025 6:52 AM IST
ദവാദ്മി: കേളി കലാ സാംസ്കാരിക വേദി ദവാദ്മി യൂണിറ്റും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗമായ ദവാദ്മി ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഡിപ്പാർട്ടുമെന്റും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പിന് ദവാദ്മി ജനറൽ ഹോസ്പിറ്റൽ ഡയറക്ടർ മർസൂഖ് ഇബ്നു അബ്ദുള്ള അൽ ഒത്തൈബിയിൽ നിന്ന് ആദരം.
കേളി കലാ സാംസ്കാരിക വേദിയും സൗദി ആരോഗ്യമന്ത്രാലയവും ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായി 2025 ഏപ്രിൽ 11ന് സംഘടിപ്പിച്ച കേളിമെഗാ രക്തദാന ക്യാമ്പ് ജീവസ്പന്ദനം 2025ന്റെ ഭാഗമായി ദവാദ്മി ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഡിപ്പാർട്ടുമെന്റും കേളി മുസാഹ്മിയ ഏരിയായിലെ ദവാദ്മി യൂണിറ്റുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. സമ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നൂറിൽപരം പേർ രക്തദാനത്തിന് സന്നദ്ധരായി.
മലാസിലെ ലുലുവിൽ വച്ച് നടന്ന സൗദിയിലെ ഏറ്റവും വലിയ രക്ത ദാന ക്യാമ്പിന് (1428 ദാതാക്കൾ) അന്നേ ദിവസത്തെ സമാപന ചടങ്ങിൽ വച്ച് റിയാദ് ബ്ലഡ് ബാങ്ക് റീജിയണൽ ഡയറക്ടർ ഖാലിദ് സൗബി മെമന്റോയും സർട്ടിഫിക്കറ്റും കേളി സെക്രട്ടറി സുരേഷ് കണ്ണപുരത്തിനും പ്രസിഡന്റ് സെബിൻ ഇക്ബാലിനുംകൈമാറി ക്കൊണ്ട് കേളിയെ ആദരിച്ചിരുന്നു.
കേളി ദവാദ്മി ജീവകാരുണ്യ വിഭാഗം കൺവീനർ രാജേഷ്, ചെയർമാൻ മുഹമ്മദ് റാഫി, കേളി ദവാദ്മി രക്ഷാധികാരി സമിതി അംഗം ഉമ്മർ, മുജീബ് എന്നിവർ ചേർന്ന് ദവാദ്മി ജനറൽ ഹോസ്പിറ്റൽ ഡയറക്ടറിൽ നിന്നും ദവാദ്മി യൂണിറ്റിന് വേണ്ടി ആദരം ഏറ്റുവാങ്ങി.