ബഹറിൻ കേരള സമാജം; വ്യക്തിഗത മത്സരങ്ങൾ പുരോഗമിക്കുന്നു
Wednesday, April 23, 2025 2:11 AM IST
മനാമ: ബഹറിൻ കേരളീയ സമാജം കുട്ടികൾക്കായി നടത്തിവരുന്ന കലോത്സവത്തിലെ വ്യക്തിഗത ഇനങ്ങളിലുള്ള മത്സരങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായും സ്റ്റേജ് ഇനങ്ങളിലെ ഗ്രൂപ്പ് മത്സരങ്ങൾ അടുത്ത ദിവസങ്ങളിൽ ആരംഭിക്കുന്നതായും ബഹറിൻ കേരള സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, എക്സ്കോം മെമ്പർ നൗഷാദ് മേലാടി, കലോത്സവം കമ്മിറ്റി കൺവീനർ ബിറ്റോ പാലമാറ്റത്തിൽ എന്നിവർ അറിയിച്ചു.
കഴിഞ്ഞമാസം മാർച്ച് 27നു ആരംഭിച്ച മത്സരങ്ങളിൽ വയസിന്റെ അടിസ്ഥാനത്തിൽ അഞ്ചു ഗ്രൂപ്പുകളായി തിരിച്ച് നുറ്റി എഴുപതോളം മത്സര ഇനങ്ങളിൽ രണ്ടായിരത്തോളം മത്സരാർഥികളാണ് പങ്കെടുക്കുന്നത്.
കേരളത്തിൽ സ്കൂൾതലത്തിൽ നടക്കുന്ന ബാലകലോത്സവത്തിന്റെ മാതൃകയിൽ സംഘടിപ്പിക്കുന്ന ദേവ്ജി ബി കെ എസ് കലോത്സവം കേരളത്തിന് വെളിയിൽ നടക്കുന്ന മലയാളി കുട്ടികൾ ഏറ്റവും കൂടുതൽ പങ്കെടുക്കുന്ന കലോത്സവമാണ്.
കലാ സാഹിത്യ മത്സരങ്ങളിലൂടെ മികച്ച പ്രതിഭകളെ കണ്ടെത്തുകയാണെന്നും വിദേശത്ത് ജീവിക്കുന്നത് കൊണ്ട് മാത്രം കേരളത്തിൽ നഷ്ടപ്പെടുന്ന അവസരങ്ങളെ പുനർ സൃഷ്ടിക്കുകയും കലാസാഹിത്യ പ്രതിഭകളെ കണ്ടെത്തുകയും ചെയ്യുന്ന വലിയ ദൗത്യമാണ് എല്ലാ വർഷവും സമാജം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പ്രസിഡന്റ് പി .വി. രാധാകൃഷ്ണപിള്ള അറിയിച്ചു.
ജിസിസിയിലെ തന്നെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ ഏറ്റവും വലിയ കലാമാമാങ്കമായ ദേവ്ജി ബി കെ എസ് കലോത്സവത്തിൽ കണ്ടെടുത്ത നിരവധി കലാ പ്രതിഭകൾ ഇന്ന് കേരളത്തിന്റെ സംഗീത നൃത്ത സിനിമ മേഖലകളിൽ സജീവ സാന്നിധ്യമായി മാറുന്നതിനും ബഹറിൻ കേരളീയ സമാജം വലിയ പങ്കുവഹിക്കുന്നതിൽ അഭിമാനമുണ്ടെന്നും പി.വി. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.
ഇനിയുള്ള ദിവസങ്ങളിൽ നടക്കുന്ന വെസ്റ്റേൺ ഡാൻസ്, നാടോടി നൃത്തം,സിനിമാറ്റിക് ഡാൻസുകൾ, മിമിക്രി മോണോക്ടുകൾ, അറബിക് ഡാൻസ്, ഒപ്പന, കവിതാലാപനം തുടങ്ങി നിരവധി മത്സരങ്ങൾ കാണാനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനും പൊതുജനങ്ങൾക്കും അവസരം ഒരുക്കിയതായി അറിയിച്ചു.
കലോത്സവം ജനറൽ കമ്മിറ്റി കൺവീനർ ബിറ്റോ പാലമറ്റത്തിൽ, ജോയിന്റ് കൺവീനർ മാരായ രേണു ഉണ്ണി കൃഷ്ണൻ, കെ.സി. സോണി എന്നിവരുടെ നേതൃത്വത്തിലുള്ള നൂറ്റൊന്ന് അംഗ കമ്മിറ്റിയാണ് ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ളത്.