യുഎഇയുടെ ഇയർ ഓഫ് കമ്യൂണിറ്റി ക്യാന്പയിന് തുടക്കം
അനിൽ സി. ഇടിക്കുള
Wednesday, April 23, 2025 7:21 AM IST
അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടക്കമിട്ട ഇയർ ഓഫ് കമ്യൂണിറ്റി ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ (ഐഎസ്സി) മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പോസ്റ്റർ അനാച്ഛാദനം ചെയ്തു. ഐഎസ്സി ചെയർമാൻ എം.എ. യൂസഫലി സന്നിഹിതനായിരുന്നു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ഏറ്റവും മികച്ചതാണെന്നും വാണിജ്യ വ്യവസായ രംഗങ്ങളിലുള്ള മികച്ച സൗഹൃദം ഭാവിതലമുറയ്ക്കും കരുത്തേകുന്നതാണ്. ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറിയെന്നും രാജ്യത്തിന്റെ വികസനത്തിന് പ്രവാസ സമൂഹം നൽകുന്ന പിന്തുണ ശ്രദ്ധേയമാണെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.
യുഎഇ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ഐഎസ്സി പ്രസിഡന്റ് ജയ്റാം റായ്, ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.