റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ വാർഷിക സമാപന സമ്മേളനം ഏപ്രിൽ 11ന്
Monday, March 31, 2025 4:26 PM IST
റിയാദ്: മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅവ ആൻഡ് അവൈർനസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഏപ്രിൽ 11ന് റിയാദിൽ സംഘടിപ്പിക്കുന്ന ഇസ്ലാഹി സെന്റർ നാല്പതാം വാർഷിക സമാപന സമ്മേളനത്തിന്റെ പ്രചാരണ ഉദ്ഘാടനം നടന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം, കെഎൻഎം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ, ദഅ്വ & അവൈർനസ് സൊസൈറ്റി പ്രബോധക വിഭാഗം മേധാവി മാഹിർ ബിൻ മുഹമ്മദ് അൽഹമാമി എന്നിവർ നിർവഹിച്ചു.
ബത്ഹയിലെ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിലെ ഇഫ്താർ വേദിയിൽ നടന്ന പരിപാടിയിൽ സംഘാടക സമിതി കൺവീനർ മുഹമ്മദ് സുൽഫിക്കർ അധ്യക്ഷത വഹിച്ചു.
തുടർച്ചയായി 40 വർഷം സജീവമായി പ്രവർത്തനരംഗത്ത് നിൽക്കുവാൻ ഇസ്ലാഹി സെന്ററിന് സാധിച്ചത് ആദർശ രംഗത്തെ പ്രതിബദ്ധതയും പ്രവർത്തനരംഗത്തെ മികവുകൊണ്ടുമാണെന്ന് നൂർ മുഹമ്മദ് നൂർഷ പറഞ്ഞു.
ഏപ്രിൽ 11ന് റിയാദിലെ ക്ലാസ് ഓഡിറ്റോറിയം & ഇസ്തിറാഹകളിലെ നാല് വേദികളിലായി സമാപന സമ്മേളനം നടക്കും. മുക്തി - ലഹരി വിരുദ്ധ എക്സിബിഷൻ, ഡോം ലെെവ്ഷോ - പ്രപഞ്ചം വിരാമമില്ലാത്ത അത്ഭുതം, പാനൽഡിസ്കഷൻ, സമ്മാനദാനം, സമാപനസമ്മേളനം എന്നിങ്ങനെ വ്യത്യസ്ത പ്രോഗ്രാമുകൾ അരങ്ങേറും
കേരളത്തിലെയും സൗദി അറേബ്യയിലെയും മത- സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ- ബിസിനസ്- മീഡിയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംഗമത്തിലെ വിവിധ സെഷനുകളിൽ സംവദിക്കും. പ്രചാരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം എന്ന നിലയിൽ സമ്മേളന ബ്രൗഷർ പുറത്തിറക്കി.
ഇസ്ലാഹി സെന്റർ യൂണിറ്റുകളിലും ആറ് മദ്റസകളിലും രജിസ്ട്രേഷൻ ആരംഭിച്ചു. വരും ദിനങ്ങളിൽ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് പബ്ലിസിറ്റി കമ്മിറ്റി നേതൃത്വം നൽകും.
റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അബ്ദുറസാഖ് സ്വലാഹി സ്വാഗതവും അഡ്വ. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു. അബ്ദുൽ വഹാബ് പാലത്തിങ്ങൽ, മൂസ തലപ്പാടി, അബ്ദുസലാം ബുസ്താനി എന്നിവർ പങ്കെടുത്തു.