റാഫിൾ ഡ്രോ തട്ടിപ്പ്; രാജ്യം വിടാനൊരുങ്ങിയ യുവതിയും ഭർത്താവും അറസ്റ്റിൽ
അബ്ദുല്ല നാലുപുരയിൽ
Tuesday, March 25, 2025 3:53 PM IST
കുവൈറ്റ് സിറ്റി: 2023 മുതൽ വിവിധ റാഫിളുകളിലായി ഏഴ് വാഹനങ്ങൾ നേടിയ റാഫിൾ ഡ്രോ അഴിമതിക്ക് പിന്നിലെ ശൃംഖലയിലെ പ്രധാന കണ്ണികൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ഈജിപ്ത്യൻ സ്ത്രീയും ഭർത്താവുമാണ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ റാഫിൾ വകുപ്പ് മേധാവിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, 2023ൽ തട്ടിപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇന്ത്യക്കാർ, ഈജിപ്തുകാർ, തദ്ദേശീയ പൗരന്മാർ എന്നിവരുൾപ്പെടെ കൂടുതൽ വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ, രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കൽ എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങൾ പ്രതികൾക്കെതിരേ ചുമത്തി. പബ്ലിക് പ്രോസിക്യൂഷനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.