വിമാന കന്പനികളുടെ കൊള്ള അവസാനിപ്പിക്കണം: കേരള പ്രവാസി സംഘം
Monday, March 17, 2025 12:06 PM IST
മലപ്പുറം: വിമാന കന്പനികളുടെ ആകാശ കൊള്ള അവസാനിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. വിമാന ടിക്കറ്റ് ചാർജ് നാലും അഞ്ചും ഇരട്ടിയാക്കി വർധിപ്പിച്ചത് പെരുന്നാൾ, വിഷു ആഘോഷങ്ങളുടെ ഭാഗമായി അവധിക്ക് വരുന്ന പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുകയാണ്.
കടുത്ത സാന്പത്തിക പ്രയാസമാണ് ഇതുമൂലം ഉണ്ടാകുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് 90 ശതമാനവും പ്രവാസികളും വരുന്നത്. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവരെയും തിരിച്ചുപോകുന്നവരെയും ലക്ഷ്യമിട്ടാണ് എയർഇന്ത്യ എക്സ്പ്രസും മറ്റു വിമാന കന്പനികളും ആകാശകൊള്ള നടത്തുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
അശാസ്ത്രീയമായി വർധിപ്പിച്ച ടിക്കറ്റ് ചാർജ് പിൻവലിക്കണമെന്ന് കേരള പ്രവാസി സംഘം ജില്ലാ എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി.പി. റസാഖ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.കെ. റഹൂഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.പി. ദിലീപ്, ഉസ്മാൻ പൂളക്കോട്ട്, ഡോ.മുബാറക്ക് സാനി, കെ.കെ. പ്രീതി എന്നിവർ പ്രസംഗിച്ചു.