ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി കേളി
Tuesday, March 25, 2025 3:33 PM IST
റിയാദ്: ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി കേളി കലാ സാംസ്കാരിക വേദി. കേളി കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ മലാസ് ലുലു ഹൈപ്പർ റൂഫ് അരീനയിൽ 3,500ലധികം പേർക്കായി ഒരുക്കിയ ഇഫ്താർ വിരുന്ന് സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി.
രാവിലെ ഒന്പതിന് ആരംഭിച്ച ഒരുക്കങ്ങൾക്കിടയിൽ രണ്ടു തവണ ചെറുതായി മഴ പെയ്തെങ്കിലും പ്രവർത്തകർ കൃത്യമായി പ്രവർത്തനങ്ങളിൽ മുഴുകി. മൂന്നിന് തെളിഞ്ഞ കാലാവസ്ഥയിൽ പരവതാനി വിരിച്ചും വിരുന്നിനാവശ്യമായ വിഭവങ്ങൾ നിരത്തിയും ഇഫ്താറിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു.
ഒരുക്കങ്ങൾ പൂർത്തിയാക്കി 5.30ന് സംഘാടകരെ ആശങ്കയിലാക്കികൊണ്ട് ചാറ്റൽ മഴ വന്നെങ്കിലും പത്ത് മിനിറ്റിനകം മാനവും വിരുന്നിനെത്തിയവരുടേയും സംഘാടകരുടെയും മനസും തെളിയിച്ചുകൊണ്ട് കാർമേഘങ്ങൾ വഴിമാറി. പിന്നീടുള്ള 10 മിനിറ്റിനകം ഒരുക്കിയ 3,400 ഇരിപ്പിടവും നിറഞ്ഞുകവിഞ്ഞു.
ഓഫർ സെയിൽ നടക്കുന്ന ലുലുവിൽ യാതൊരു വിധ തടസങ്ങളും സൃഷ്ടിക്കാതെ ഒരു മണിക്കൂറിനകം പരിപാടി നടന്ന ഇടം കേളിയുടെ നൂറുകണക്കിന് വോളണ്ടിയർരുടെ കഠിന പരിശ്രമത്തിലൂടെ വൃത്തിയാക്കി നൽകിയത് ലുലു മാനേജ്മെന്റിനെ അത്ഭുതപ്പെടുത്തി.
കേളി രക്ഷാധികാരി സമിതി ആക്ടിംഗ് സെക്രട്ടറി ഫിറോസ് തയ്യിൽ, ഇഫ്താർ സംഘാടക സമിതി കൺവീനർ പ്രഭാകരൻ കണ്ടൊന്താർ, ചെയർമാൻ സുരേന്ദ്രൻ കൂട്ടായ്, ട്രഷറർ സുനിൽ സുകുമാരൻ, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കേളി രക്ഷാധികാരി സമിതി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, കുടുംബവേദി പ്രവർത്തകർ, വിവിധ ഏരിയായിലെ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പ്രവർത്തനം ഇഫ്താർ വൻ വിജയമാക്കി.
റിയാദിലെ സാമൂഹിക, രാഷ്ട്രീയ, വ്യാപാര, മാധ്യമ രംഗത്തെ പ്രമുഖരും എംബസി ഉദ്യോഗസ്ഥന്മാരും സ്വദേശികളും വിവിധ രാജ്യക്കാരായ പ്രവാസികളും വിരുന്നിൽ പങ്കാളികളായി.