ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ച് കൈരളി ഫുജൈറ
Friday, March 28, 2025 11:59 AM IST
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റുകളുടെ നേതൃത്വത്തിൽ ജനകീയ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു. കൈരളി ഫുജൈറ യൂണിറ്റിന്റെ നേതൃത്വത്തിൽ ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ വച്ച് നടത്തിയ ഇഫ്താർ സംഗമം പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.
സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സ്നേഹ സന്ദേശമാണ് ഇഫ്താർ സംഗമം നമ്മൾക്ക് പകർന്ന് നൽകുന്നതെന്ന് കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി.പി. പറഞ്ഞു.
കൈരളി ദിബ്ബ യൂണിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം ദിബ്ബ ഇന്ത്യൻ സോഷ്യൽ ക്ലബിൽ വച്ചും കൈരളി ഖോർഫക്കാൻ യൂണിറ്റ് ഒരുക്കിയ ഇഫ്താർ വിരുന്ന് ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബിലും നടന്നു.
വിവിധ സംഘടനാ ഭാരവാഹികളും വ്യവസായ സംരംഭകരും വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രവാസികളും കുടുംബങ്ങളും ഇഫ്താർ സംഗമങ്ങളിൽ പങ്കെടുത്തു.
കൈരളി കൽബ യൂണിറ്റ് ഇഫ്താർ സംഗമം കൽബ ഇന്ത്യൻ സോഷ്യൽ കൾച്ചറൽ ക്ലബിൽ വച്ച് നടക്കുമെന്ന് കൈരളി കൽബ യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.