മാധ്യമ പ്രവർത്തകർ നേര് പറഞ്ഞു കൊണ്ടേയിരിക്കണം: തോമസ് കെ. തോമസ്
അബ്ദുല്ല നാലുപുരയിൽ
Thursday, March 27, 2025 3:44 PM IST
കുവൈറ്റ് സിറ്റി: മാധ്യമ പ്രവർത്തകർ നേര് പറഞ്ഞു കൊണ്ടേയിരിക്കണമെന്നും ഇക്കാര്യത്തിൽ ആരുടേയും ഇഷ്ടവും ഇഷ്ടക്കേടും പരിഗണിക്കേണ്ടതില്ലെന്നും കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ്.
കുവൈറ്റിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ "മലയാളി മീഡിയ ഫോറം കുവൈറ്റ്' മെട്രോ മെഡിക്കൽ ഗ്രൂപ് കോർപറേറ്റ് ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത-ജാതി ഭേദമില്ലാതെ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നത് കുവൈറ്റിലെ മലയാളി സമൂഹത്തിന്റെ വലിയ പ്രത്യേകതയാണ്. ഈ സൗഹൃദബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മാധ്യമ പ്രവർത്തകരുടെ ഇടയിൽ സഹകരണം വർധിപ്പിക്കുന്നതിനും ഇത്തരത്തിലുള്ള സംഗമങ്ങൾ സഹായകമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മീഡിയ ഫോറം ജനറൽ കൺവീനർ നിക്സൺ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്റഫ് ഏകരൂൽ റംസാൻ സന്ദേശം നൽകി. വിശ്വാസത്തോടൊപ്പം മാനവികതക്കും മഹത്തായ സ്ഥാനമുണ്ടെന്ന് അദ്ദേഹം റംസാൻ സന്ദേശത്തിൽ വിശദീകരിച്ചു. കൺവീനർമാരായ ജലിൻ തൃപ്രയാർ സ്വാഗതവും ഹബീബുള്ള മുറ്റിച്ചൂർ നന്ദിയും രേഖപ്പെടുത്തി.
തോമസ് മാത്യു കടവിൽ, ഹംസ പയ്യന്നൂർ, അമീറുദ്ദീൻ ലബ്ബ, ഹിദായത്തുള്ള എന്നിവർ ആശംസകൾ നേർന്നു. ഫാറൂഖ് ഹമദാനി, നൗഫൽ മൂടാടി, ഷാഹുൽ ബേപ്പൂർ, ഷഹീദ് ലബ്ബ, റസാഖ് ചെറുതുരുത്തി, അബ്ദുള്ള വടകര എന്നിവർ ഏകോപനം നിർവഹിച്ചു.

മലയാളി സമൂഹത്തിന്റെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ ഇഫ്താർ സംഗമത്തിൽ അതിഥികളായി പങ്കെടുത്തു.