മുസിരിസ് ഇഫ്താരി 2025 സംഘടിപ്പിച്ചു
കെ .ടി. മുസ്തഫ പെരുവള്ളൂർ
Wednesday, March 26, 2025 7:27 AM IST
ജിദ്ദ: കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറം അസീസിയ വില്ലേജ് റസ്റ്റോറന്റില്‍ വച്ച് മുസിരിസ് ഇഫ്താരി 2025 ഉം ലോക വനിതാ ദിനത്തിന്റെ ഭാഗമായുള്ള വനിതാ ആദരവും സംഘടിപ്പിച്ചു.
മുസിരിസ് കുടുംബാംഗങ്ങളും അതിഥികളും പങ്കെടുത്ത വിഭവ സമൃദ്ധമായ ഇഫ്ത്താറിന് ശേഷം പ്രസിഡന്റ് അബ്ദുസ്സലാം എമ്മാടിന്റെ അധ്യക്ഷതയില്‍ കൂടിയ സൗഹൃദ സംഗമത്തില്‍ ജനറല്‍ സെക്രട്ടറി അനീസ് എറമംഗലത്ത് സ്വാഗത പ്രസംഗം നടത്തി.

മുഖ്യ രക്ഷാധികാരി മുഹമ്മദ് സഗീര്‍ മാടവന, രക്ഷാധികാരികളായ താഹ മരിക്കാര്‍, ഹനീഫ് ചളിങ്ങാട് എന്നിവര്‍ റമളാന്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. പരസ്പര സ്നേഹവും, സൗഹൃദവും ഊട്ടിയുറപ്പിച്ച് ഈ പുണ്യമാസത്തെ ധന്യമാക്കണമെന്നും, ജിദ്ദയിലെ കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ള നാട്ടുകാരെ ഒരു കുടക്കീഴില് ഒരുമിച്ചു കൂട്ടിയതും, പരസ്പരം അറിയാത്ത നാട്ടുകാരെ പരിചയപ്പെടുത്തുന്നതിലും, പ്രവാസ ലോകത്ത് വന്നതിനുശേഷം പഴയ സൗഹൃദം പുതുക്കുന്നതിനും, അവര്‍ക്കിടയിലെ സൗഹൃദം വര്‍ധിപ്പിക്കുന്നതിനും പതിമൂന്ന് വര്‍ഷത്തിലധികമായി ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മാണ് നിമിത്തമായതെന്ന് സംസാരിച്ചവര്‍ സദസിനെ ഉണര്‍ത്തി.
വനിതാ വിഭാഗം രക്ഷാധികാരി തുഷാര ഷിഹാബ് വനിതാ ദിന സന്ദേശം നല്കി. മുസിരിസ് തുടക്കം മുതല്‍ വനിതള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുകയും, അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന കൂട്ടായ്മ ആണെന്നും, അതിന്റെ ഭാഗമായി മുസിരിസ് കൂട്ടായ്മയില്‍ പത്ത് വര്‍ഷം അംഗത്വം പൂര്‍ത്തിയാകുന്ന വനിതകളെ പ്രത്യേകം ആദരിച്ചു വരുന്നതായും അവര്‍ പറഞ്ഞുത്തി.
ജോ. സെക്രട്ടറി സഗീര്‍ പുതിയകാവ് വനിതാ ആദരവിന് അര്‍ഹരായവരെ സദസില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും, അവരുടെ സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു. ആദരവിന് അര്‍ഹരായ അനിത താഹിറിനെ മുഖ്യ രക്ഷാധികാരി മുഹമ്മദ് സഗീര്‍ മാടവന, ജസീന സാബുവിന് രക്ഷാധികാരി താഹ മരിക്കാര്‍ എന്നിവര്‍ കൂട്ടായ്മയുടെ ഉപഹാരം നല്കി ആദരിച്ചു. ആദരവിന് അര്‍ഹയായ സബീന സഫറുള്ളയ്ക്കുള്ള ഉപഹാരം രക്ഷാധികാരി ഹനിഫ് ചളിങ്ങാട്, വനിതാ വിഭാഗം രക്ഷാധികാരി തുഷാര ഷിഹാബിനും കൈമാറി.
വൈസ് പ്രസിഡന്റ് ഷിഹാബ് അയ്യാരില്‍, ജോ. സെക്രട്ടറി ശറഫുദ്ധീന്‍ ചളിങ്ങാട് എക്സിക്യൂട്ടീവ് അംഗങ്ങളായ ജമാല്‍ വടമ, അബ്ദുള്‍ ജലീല്‍, നവാസ് കുട്ടമംഗലം, സാബു ഹനീഫ്, അന്‍വര്‍ സാദത്ത്, എന്നിവര്‍ നേതൃത്വം നല്കി. സേവ പ്രധിനിധി മുഹമ്മദ് ഫൈസല്‍ എടനവക്കാട്, സംവിധായകന് മുഹ്സിൻ കാളികാവ് എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു ട്രഷറര്‍ മുഹമ്മദ് സാബിര്‍ സദസിന് നന്ദി പറഞ്ഞു.