അബ്ദുൾ റഹീമിന്റെ മോചനം വൈകും; കേസ് പത്താം തവണയും മാറ്റിവച്ചു
Tuesday, March 18, 2025 3:28 PM IST
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിച്ചെങ്കിലും ഇന്നും വിധിയുണ്ടായില്ല. റിയാദ് കോടതി കേസ് വീണ്ടും മാറ്റിയതായി നിയമ സഹായ സമിതിക്ക് വിവരം കിട്ടി. പത്താം തവണയാണ് റിയാദ് കോടതി കേസ് മാറ്റുന്നത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേസ് ഫയലിന്റെ ഹാർഡ് കോപ്പി കോടതി ആവശ്യപ്പെട്ടിരുന്നു. വിശദമായ പരിശോധനകൾക്ക് വേണ്ടിയായിരുന്നു പലതവണ കോടതി കേസ് മാറ്റിയത്. കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമിന്റെ അഭിഭാഷകൻ നേരത്തെ ഗവർണറെ കണ്ടിരുന്നു.
ജൂലൈ രണ്ടിന് അബ്ദുൾ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചനം വൈകുകയാണ്. ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു.
തുടർന്നാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയത്. എന്നാൽ, പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
സൗദി പൗരന്റെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു അബ്ദുൾ റഹീം. രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ സ്ഥാപിച്ച ജീവന്‍രക്ഷ ഉപകരണം അബ്ദുൾ റഹീമിന്റെ കൈതട്ടി പോകുകയും കുട്ടി മരിക്കുകയുമായിരുന്നു.
തുടര്‍ന്ന് സൗദി കോടതിയാണ് അബ്ദുൾ റഹീമിന് വധശിക്ഷ വിധിച്ചത്.