തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Monday, March 17, 2025 11:48 AM IST
റിയാദ്: റിയാദ് പ്രവിശ്യയിലെ വാദി ദവാസിറിൽ മരിച്ച തമിഴ്നാട് സ്വദേശി അപ്പാവു മോഹന്റെ(59) മൃതദേഹം ഞായറാഴ്ച രാത്രി 10.30നുള്ള ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലെത്തിച്ചു. തുടർന്ന് മൃതദേഹം ഡൽഹി വഴി കോയമ്പത്തൂരിൽ എത്തിക്കും.
എട്ട് വർഷമായി വാദി ദവാസിറിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അപ്പാവു മോഹൻ. കഴിഞ്ഞമാസം 28ന് വാഹനം ഓടിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വണ്ടിയിൽ ഉണ്ടായിരുന്ന യാത്രക്കാരനെ അദ്ദേഹത്തിന്റെ ജോലിസ്ഥലത്തെത്തിച്ച് വാഹനത്തിൽ തന്നെ വിശ്രമിക്കുകയായിരുന്നു.
ജോലി കഴിഞ്ഞ് തിരിച്ചെത്തിയ യാത്രക്കാരൻ കാണുന്നത് താൻ വന്ന വാഹനത്തിന് ചുറ്റും പോലീസ് കൂടി നിൽക്കുന്നതാണ്. കാര്യം തിരക്കിയപ്പോഴാണ് ഡ്രൈവർ മരണപ്പെട്ടതായി അറിയുന്നത്.
മോഹനെ അറിയാവുന്ന സൗദി പൗരൻ വിവരം കേളി പ്രവർത്തകനായ സുഹൃത്ത് സുരേഷിനെ അറിയിച്ചതിനെ തുടർന്ന് മോഹന്റെ സഹോദരൻ തങ്കരാജിനെയും കൂട്ടി സൗദി പൗരൻ പറഞ്ഞ സ്ഥലത്ത് ഇവരെത്തി.
സഹോദരന്റെ സാന്നിധ്യത്തിൽ പോലീസ്, ആംബുലൻസ് വരുത്തി മോഹനെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ നിന്നുമാണ് മരണം സ്ഥിരീകരിക്കുന്നത്. അപ്പാവു മോഹന് ഭാര്യയും രണ്ട് കുട്ടികളുമാണുള്ളത്. ഈ റംസാൻ കഴിഞ്ഞ് നാട്ടിൽ പോകാനിരിക്കുകയായിരുന്നു.
മൃതദേഹം നാട്ടിൽ എത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം അംഗം സുരേഷ് നേതൃത്വം നൽകി. അനുജൻ തങ്കരാജ് വെങ്കിടാജലത്തിന്റെ പേരിൽ നാട്ടിൽ നിന്നുള്ള രേഖകൾ വരുത്തിച്ച് സുരേഷിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി.