വയനാട് പുനഃരധിവാസം; കേളി ഒരു കോടി കൈമാറി
Thursday, March 20, 2025 1:35 PM IST
റിയാദ്: വയനാട് ജില്ലയിലെ ചൂരൽമലയിലും മുണ്ടക്കൈയിലും അട്ടമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ തകർന്ന പ്രദേശങ്ങളിലെ ജനങ്ങളെ പുനഃരധിവസിപ്പിക്കുന്നതിനായി കേരളസർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി കേളി കലാസാംസ്കാരിക വേദി പ്രഖ്യാപിച്ച ഒരു കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി.
നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഫണ്ട് കൈമാറി. രക്ഷാധികാരി മുൻ സെക്രട്ടറി കെ.ആർ. ഉണ്ണികൃഷ്ണൻ, മുൻ സെക്രട്ടറിമാരായ എം. നസീർ, റഷീദ് മേലേതിൽ, ഷൗക്കത്ത് നിലമ്പൂർ, ടി.ആർ. സുബ്രഹ്മണ്യൻ,
കേന്ദ്ര കമ്മിറ്റി മുൻ അംഗങ്ങളായ ദസ്തക്കീർ, നിസാർ അമ്പലംകുന്ന്, സതീഷ് കുമാർ, ഹുസൈൻ മണക്കാട്, രാജൻ പള്ളിതടം, ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ, ഉമ്മുൽ ഹമാം രക്ഷാധികാരി മുൻ സെക്രട്ടറി ചന്ദു ചൂഡൻ, സൈബർ വിംഗ് മുൻ കൺവീനർ മഹേഷ് കോടിയത്ത്, മാധ്യമ വിഭാഗം മുൻ കൺവീനർ സുരേഷ് കൂവോട് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
2024 ജൂലൈ 30ന് അപകടമുണ്ടായതിന്റെ അടുത്ത ദിവസം തന്നെ പ്രവാസ ലോകത്ത് നിന്നും ആദ്യമായി 10 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിക്കുകയും കൈമാറുകയും ചെയ്തിരുന്നു.
ദുരന്തത്തിന്റെ വ്യാപ്തിയും മരണ സംഖ്യയും ഒന്നും വ്യക്തമാകാതിരുന്ന സമയത്താണ് അടിയന്തിര സഹായമായാണ് ആദ്യ ഗഡുവായ പത്ത് ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
പിന്നീട് ദുരന്തത്തിന്റെ വ്യാപ്തി സർക്കാർ വിലയിരുത്തുകയും ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ ലോക മലയാളികളോട് സർക്കാർ അഭ്യർഥിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ കേളിയിലെയും കേളി കുടുംബ വേദിയിലെയും മുഴുവൻ അംഗങ്ങളെയും പങ്കാളികളാക്കികൊണ്ട് ഒരു കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു.
രണ്ടാം ഘട്ടമായി കേളി സെക്രട്ടറി സുരേഷ് കണ്ണപുരത്തിന്റെ നേതൃത്വത്തിലുള്ള സംഘം സെപ്റ്റംബർ 25ന് 40 ലക്ഷം രൂപയുടെ ചെക്ക് സെക്രട്ടറിയേറ്റിൽ വച്ച് മുഖ്യമന്ത്രിക്ക് കൈമാറി.
ഒരുകോടി രൂപ കണ്ടെത്തുന്നതിനായി കേളി ഉമ്മുൽ ഹമ്മം ഏരിയ ബിരിയാണി ചലഞ്ച് നടത്തിയിരുന്നു. കുടുംബവേദിയിലെ കൊച്ചുകുട്ടികൾ തങ്ങളുടെ സമ്പാദ്യ കുടുക്കകൾ കൈമാറിയും ഇന്ത്യൻ എംബസി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി ആരാധ്യ മജീഷ് തന്റെ കമ്മൽ കൈമാറിയും ഫണ്ടുമായി സഹകരിച്ച് കേളി അംഗങ്ങൾ തങ്ങളുടെ ഒരു ദിവസത്തെ വേതനത്തിൽ കുറയാത്ത സംഖ്യ സമർപ്പിച്ചു.
അടുത്ത കാലത്ത് രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷ്യം വഹിച്ച കേരളത്തിന് സമാനതകളില്ലാത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് ഗ്രാമങ്ങൾ ഒറ്റ രാത്രികൊണ്ട് അപ്രത്യക്ഷമായി.
500ൽ പരം മനുഷ്യ ജീവനുകൾ ഇല്ലാതാവുകയോ കാണാതാവുകയോ ചെയ്തു. നൂറുകണക്കിന് വീടുകൾ നഷ്ട്ടപ്പെട്ടു. ലോകത്തിന്റെ സകല കോണുകളിൽ നിന്നും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ജനത വയനാടിന്റെ പുനഃരധിവാസത്തിനായ് കൈ കോർത്തു.
കേരള സർക്കാർ ഒരു പരാതിക്കും ഇട നൽകാത്ത വിധം 28 ദിവസത്തിനുള്ളിൽ ദുരന്തത്തെ അതിജീവിച്ചവരെ താത്കാലികമായി പുനഃരധിവസിപ്പിച്ചു. പ്രധാനമന്ത്രിയും ദേശീയ തലത്തിലുള്ള ഏജൻസികളും ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് മനസിലാക്കുന്നതിനായി കേരളത്തിലെത്തി.
കേന്ദ്ര ഏജൻസികളും പ്രധാനമന്ത്രി നേരിട്ടും ദുരന്തങ്ങൾ കാണുക മാത്രമാണുണ്ടായത്. എന്തെങ്കിലും സഹായം പ്രഖ്യപ്പിക്കുന്നതിനുള്ള നാശനഷ്ടം കാണാൻ കഴിഞ്ഞില്ല എന്നതാണ് പിന്നീട് വന്ന ബജറ്റിൽ പോലും ഈ ദുരന്തത്തെ പരാമർശിക്കാതെ പോയതിൽ നിന്നും വ്യക്തമാകുന്നത്.
ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന പുനഃരധിവാസത്തിന്റെ ഭാഗമായ ടൗൺഷിപ്പ് പ്രവർത്തനങ്ങൾക്ക് കേളിയുടെ എല്ലാവിധ ആശംസകളും നേരുന്നതായും തുടർന്നും നാടിന്റെ പൊതുവായ ആവശ്യങ്ങൾക്ക് കേളിയുടെ സഹായങ്ങൾ ഉണ്ടാകുമെന്നും സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.