ജോൺ എഫ്. കെന്നഡി വധം: അന്വേഷണ റിപ്പോർട്ടുകളുടെ പൂർണരൂപം പുറത്തുവിട്ടു
ഏബ്രഹാം തോമസ്
Wednesday, March 19, 2025 4:35 PM IST
വാഷിംഗ്ടൺ ഡിസി: യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ വധത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകളുടെ പൂർണരൂപം പുറത്തുവിട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പേജുകളുള്ള രഹസ്യ രേഖകളാണ് നാഷണൽ ആർക്കൈവ്സ് പുറത്ത് വിട്ടിരിക്കുന്നത്.
പ്രസിഡന്റ് ഡൊണൾഡ് ട്രംപ് തന്റെ ഭരണത്തിന്റെ ആദ്യ ദിവസം നൽകിയ വാഗ്ദാനം അനുസരിച്ചാണ് നടപടി. ജനുവരിയിൽ ജോൺ എഫ്. കെന്നഡി, സഹോദരൻ റോബർട്ട് എഫ്. കെന്നഡി, മാർട്ടിൻ ലൂതർ കിംഗ് ജൂണിയർ എന്നിവരുടെ വധാന്വേഷണ റിപ്പോർട്ടുകളുടെ പൂർണരൂപം പുറത്തുവിടാനുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് ഒപ്പുവച്ചിരുന്നു.
യുഎസ് പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡിയുടെ വധം അന്ന് രാജ്യത്തേറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 1963 നവംബർ 22നാണ് ഡാളസ് ഡൗൺടൗണിൽ പ്രചാരണ വേളയിൽ ജോൺ എഫ്. കെന്നഡിക്ക് വെടിയേറ്റത്.
അമേരിക്കയുടെ മികച്ച പ്രസിഡന്റുമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന കെന്നഡിയുടെ വധം അത് നടന്നനാൾ മുതൽ ദുരൂഹതകൾ നിറഞ്ഞതായിരുന്നു. പലരും പല വിധത്തിലുള്ള നിഗമനങ്ങളുമായി മുന്നോട്ടു വന്നു.
ധാരാളം പുസ്തകങ്ങൾ കെന്നഡിയോടൊപ്പം പ്രവർത്തിച്ചവരും കെന്നഡിയെ അടുത്തറിഞ്ഞവരും കെന്നഡിയുടെ ഘാതകനായ ലീ ഹാർവീ ഒസ്വാൾഡിനെ അടുത്തറിഞ്ഞവരും മാധ്യമപ്രവർത്തകരും പുറത്തിറക്കിയിട്ടുണ്ട്.
പക്ഷെ യഥാർഥത്തിൽ എന്തിനാണ് ഓസ്വാൾഡ് ഇതിനു തുനിഞ്ഞത്, പിന്നീട് ഒസ്വാൾഡിനെ വെടിവച്ചു വീഴ്ത്താൻ ജാക്ക് റൂബിയെ പ്രേരിപ്പിച്ചത് എന്താണ് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഇതുവരെ വ്യക്ത വന്നിട്ടില്ല.
ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന ഫയലുകളിൽ എന്തെങ്കിലും പുതിയ വിവരങ്ങൾ ഉണ്ടോ എന്നറിയാൻ റിപ്പോർട്ടുകൾ സൂക്ഷ്മമായി പരിശോധിക്കേണ്ടി വരും.
ഇപ്പോൾ ഈ രേഖകളുടെ സൂക്ഷിപ്പുകാരായ നാഷണൽ ആർക്കൈവ്സ് പറയുന്നത് പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഓർഡർ അനുസരിച്ചു തങ്ങൾ ഈ രേഖകൾ പുറത്തുവിടുകയാണ് എന്നാണ്. എന്നാൽ ഈ രേഖകൾ പൂർണമല്ല എന്ന് ആരോപണങ്ങൾ ഉയർന്നു.
ഇതേ കുറിച്ച് സിഐഎയും എഫ്ബി ഐയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞമാസം എഫ്ബിഐ പറഞ്ഞിരുന്നു ഡിപ്പാർട്മെന്റ് പുതിയതായി 2,400 രേഖകൾ കണ്ടെത്തി എന്ന്. ഇവ നാഷണൽ ആർക്കൈവ്സിനും മറ്റു അധികാരികൾക്കും കൈമാറ്റം ചെയ്യാൻ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു എന്നും ഏജൻസി പറഞ്ഞിരുന്നു.
അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ പുതിയ നടപടി ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും നിഗൂഢമായ കൊലപാതകത്തിന്റെ കാരണങ്ങളിലേക്ക് വെളിച്ചം വീശുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.