അമേരിക്കൻ യാത്രാ വിമാനത്തിൽ തീപിടിത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്
പി.പി. ചെറിയാൻ
Saturday, March 15, 2025 4:02 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ 178 പേരുമായി പറന്ന യാത്രാവിമാനത്തിന് തീപിടിച്ചു. എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കാൻ കഴിഞ്ഞു. 12 പേർക്കു നിസാര പരിക്കേറ്റു. അമേരിക്കൻ എയർലൈനിന്റെ 1006 വിമാനത്തിന്റെ എൻജിനിലാണ് തീ പിടിച്ചത്.
കൊളറാഡോ സ്പ്രിംഗ്സിൽനിന്നു ഡാളസിലേക്കു പുറപ്പെട്ട വിമാനത്തിന്റെ എൻജിനു തകാറുള്ളതായി ജീവനക്കാർ കണ്ടെത്തിയിരുന്നു. തുടർന്ന് അടിയന്തരമായി ഡെൻവർ വിമാനത്താവളത്തിൽ ഇറക്കി.
ഈ സമയത്താണു തീപിടിത്തമുണ്ടായത്. യാത്രക്കാർ വിമാനത്തിന്റെ ചിറകിൽ കയറിനിന്നാണു രക്ഷപ്പെട്ടത്. വിമാനത്താവള ജീവനക്കാർ ഉടൻതന്നെ ഏണിയും മറ്റു സംവിധാനങ്ങളുമെത്തിച്ച് ഇവരെ താഴെയിറക്കി.
വിമാനത്തിന്റെ വലത്തെ എൻജിനു തീപിടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇന്ധന ചോര്‍ച്ചയുണ്ടാകുകയും ഇതിലേക്ക് തീ പടര്‍ന്നതുമാണ് അപകടത്തിന് കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു.