മാർത്തോമ്മാ സൗത്ത് സെന്ററിലെ വൈദികരുടെ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു
പി.പി. ചെറിയാൻ
Tuesday, March 18, 2025 5:20 PM IST
ഡാളസ്: മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം, സുവിശേഷ സേവികാ സംഘം വാർഷിക പൊതുയോഗവും വൈദികരുടെ യാത്രയയപ്പ് സമ്മേളനവും കാരോൾട്ടൺ മാർത്തോമ്മാ പള്ളിയിൽ നടന്നു.
ഗാനശുശ്രൂഷയ്ക്ക് ശേഷം പ്രാരംഭ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ സൗത്ത് സെന്റർ എ അസോസിയേഷൻ സെക്രട്ടറി അലക്സ് കോശി സ്വാഗതം പറഞ്ഞു. അനു മാത്യു നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.
തുടർന്ന് ഓക്ലഹോമ മാർത്തോമ്മാ പള്ളി വികാരി റവ. ജോൺ കെ മുഖ്യ സന്ദേശം നൽകി. ഫിലിപ്പ് മാത്യുവിന്റെ പ്രാർഥനയ്ക്കു ശേഷം മാർത്തോമ്മാ സെന്റർ എ സേവിക സംഘം വാർഷിക ജനറൽ ബോഡി റവ. ജോബി ജോണിന്റെയും എംടിവിഇഎയുടെ ജനറൽ ബോഡി റവ. വൈ. അലക്സിന്റെയും അധ്യക്ഷതയിൽ ചേർന്നു.

ഇരുസംഘടനകളുടെയും സെക്രട്ടറി അലക്സ് കോശി, എലിസബത്ത് മാത്യു, സുമ ഏബ്രഹാം, മറിയാമ്മ ജോൺ എന്നിവർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
ഡാളസ്, ഓക്ലഹോമ എന്നീ ഇടവകകളിലെ മൂന്ന് വർഷത്തെ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന വൈദികരുടെയും കുടുംബാംഗങ്ങളുടെയും യാത്രയയപ്പ് സമ്മേളനം കാരോൾട്ടൺ മാർത്തോമ്മാ പള്ളി വികാരി റവ. ഷിബി ഏബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്നു.

ഭദ്രാസന കൗൺസിൽ അംഗം ഷാജി രാമപുരം, എസ്എസ് സെക്രട്ടറി എലിസബത്ത് മാത്യു, എംടിവിഇഎ സാം അലക്സ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് സംഘടനകളുടെ ഉപഹാരം എസ്എസ് ട്രഷറർ മറിയാമ്മ ജോൺ, എംടിവിഇഎ ട്രഷറർ സുമ ഏബ്രഹാം എന്നിവർ വൈദികർക്ക് കൈമാറി.
ഓക്ലഹോമ മാർത്തോമ്മാ പള്ളി വികാരി റവ. ജോൺ കെ, സെഹിയോൻ മാർത്തോമ്മാ പള്ളി വികാരി റവ. ജോബി ജോൺ, സെന്റ് പോൾസ് മാർത്തോമ്മാ പള്ളി വികാരി റവ. ഷൈജു സി ജോയ്, ഫാർമേഴ്സ് മാർത്തോമ്മാ പള്ളി വികാരിമാരായ റവ. അലക്സ് യോഹന്നാൻ, റവ. ഏബ്രഹാം തോമസ് എന്നിവർ മറുപടി നൽകി.

ഷുജ ഡേവിഡിന്റെ ഗാനത്തിനു ശേഷം മോളി സജി നന്ദി പറഞ്ഞു. സമാപന പ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം സമ്മേളനം അവസാനിച്ചു. പങ്കെടുത്ത എല്ലാവർക്കും ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു.