ഷുമേറിനെതിരെ രൂക്ഷവിമർശനവുമായി ഡെമോക്രാറ്റുകൾ
ഏബ്രഹാം തോമസ്
Tuesday, March 18, 2025 11:20 PM IST
വാഷിംഗ്ടൺ ഡിസി: ഷോർട് ടെം ഫണ്ടിംഗ് (സിആർ) ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് ആദ്യം പ്രഖ്യാപിക്കുകയും പിന്നീട് അത് പാസാക്കാൻ വോട്ട് ചെയ്യുകയും ചെയ്ത സെനറ്റിലെ ന്യൂനപക്ഷ നേതാവ് ചക് ഷുമേറിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് ഡെമോക്രാറ്റുകൾ. ഇത്രയും തീവ്ര നിലപാട് ഡെമോക്രാറ്റുകൾ പ്രകടിപ്പിക്കുന്നത് താൻ ആദ്യമായാണ് കാണുന്നതെന്ന് സിഎൻഎൻ രാഷ്ട്രീയ കാര്യ ലേഖകൻ വാൻ ജോൺസ് അഭിപ്രായപ്പെട്ടു.
സിആർ മോശം ബില്ലാണ്, പക്ഷേ അതിനെ പിന്തുണക്കാതെ ബിൽ പരാജയപ്പെടുകയാണെങ്കിൽ അത് വലിയ വിനാശത്തിന് കാരണമാകും. അതിനാൽ താൻ ബില്ലിനെ പിന്തുണക്കാൻ പ്രതിജ്ഞാബദ്ധനാണ് എന്നാണ് ഷുമേർ പറഞ്ഞത്.
ബിൽ പാസായില്ലെങ്കിൽ ഫെഡറൽ ഷട്ട് ഡൗണിന് വഴിയൊരുക്കും. ഇത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിജയമായി ആഘോഷിക്കും. ട്രംപിന് ഗുണകരമാകുന്ന നടപടിയിലേക്ക് നീങ്ങാതിരിക്കാനാണ് താൻ ബില്ലിനെ പിന്തുണയ്ക്കുന്നതെന്ന് ഷുമേർ വിശദീകരിച്ചു. എന്നാൽ ഈ വിശദീകരണം പാർട്ടി നേതാക്കൾക്ക് സ്വീകാര്യമായില്ല.
ഷുമേറുടെ അനുകൂല പ്രസ്താവനയ്ക്ക് ശേഷം അദ്ദേഹത്തെ നിശിതമായി വിമർശിച്ച് പല ഡെമോക്രാറ്റിക് പ്രതിനിധികളും രംഗത്തെത്തി. അവരിൽ പ്രമുഖ അലക്സാൻഡ്രിയ ഒകാസിയോകോർട്ടസ് (ന്യൂയോർക്ക്) ആയിരുന്നു. ഇത് വളരെ മോശമായ തീരുമാനമാണെന്ന് അവർ പ്രതികരിച്ചു.
സാമൂഹിക സുരക്ഷയും മെഡിക്കെയറും സംരക്ഷിക്കാനാണ് നമ്മളെ അയാളെ (ഷുമേർ) അങ്ങോട്ട് അയച്ചിരിക്കുന്നത്.ടെക്സസിൽ നിന്നുള്ള പ്രതിനിധി ജാസ്മിൻ ക്രോക്കറ്റ് (ഡെമോക്രാറ്റ്) താൻ എതിർത്ത് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പാർട്ടിയിലെ പുരോഗമനവാദികൾ ബില്ലിന് എതിരാണെന്ന് പറഞ്ഞു. ഇത് വലിയ തെറ്റായിപ്പോയി എന്ന് ഡെമോക്രാറ്റ് നേതാവ് റോബർട്ട് ഗാർസിയ പറഞ്ഞു.