മാപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ചെസ് ആൻഡ് കാരംസ് ടൂർണമെന്റ് വിജയമായി
റോജീഷ് സാം സാമൂവൽ
Saturday, March 15, 2025 3:20 PM IST
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയയുടെ(മാപ്പ്) ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം ആറ് വരെ മാപ്പ് ഐസിസി ബിൽഡിംഗിൽ വച്ച് നടത്തപ്പെട്ട ചെസ് ആൻഡ് കാരംസ് ടൂർണമെന്റ് വൻ വിജയമായി.
സ്പോർട്ട്സ് ചെയർമാൻ സന്തോഷ് ഫിലിപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ ചെസ് ജൂണിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം: ഋത്വിക് (പെൻസിൽവേനിയ), രണ്ടാം സമ്മാനം: ഗബ്രിയേൽ (ന്യൂജഴ്സി) എന്നിവരും സീനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം: ജൂലിയസ് മാളിയേക്കൽ (ഫിലാഡൽഫിയ), രണ്ടാം സമ്മാനം: ജോയൽ വർഗീസ് (ന്യൂജഴ്സി) എന്നിവരും നേടി.

കാരംസ് ടൂർണമെന്റിൽ ഒന്നാം സ്ഥാനം ഫിലഡൽഫിയായിൽ നിന്നുള്ളവരായ ആശിഷ് & സിബി ടീമും രണ്ടാം സ്ഥാനം ഡാൻ & ലിബു ടീമും മൂന്നാം സ്ഥാനം പെൻസിൽവേനിയയിൽനിന്നുള്ള സുനിൽ & രഞ്ജിത് ടീമും കരസ്ഥമാക്കി.
മത്സരത്തിൽ ഒൻപത് ടീമുകൾ പങ്കടുത്തു. മത്സരത്തിന് ശേഷം മാപ്പ് ബിൽഡിംഗിൽ ചേർന്ന അനുമോദന യോഗത്തിൽ വിജയികൾക്കുള്ള കാഷ് പ്രൈസും ട്രോഫികളും സമ്മാനിച്ചു.
രണ്ടു മത്സരങ്ങളും വൻ വിജയമായത് സ്പോർട്ട്സ് ചെയർമാൻ സന്തോഷ് ഫിലിപ്പിന്റെ നേതൃത്വപാടവത്തിന്റെ അംഗീകാരമായി മാപ്പ് പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ വിലയിരുത്തി.

പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ, ജനറൽ സെക്രട്ടറി ലിജോ ജോർജ്, ട്രഷറർ ജോസഫ് കുരുവിള(സാജൻ) എന്നിവരെ കൂടാതെ മുഴുവൻ കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യം പരിപാടിയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു.
പരിപാടി വിജയമാക്കിത്തീർക്കുവാൻ തന്നോടൊപ്പം പ്രവർത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും സ്പോണ്സർമാർക്കും സ്പോർട്സ് ചെയർമാൻ സന്തോഷ് ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.