ഇന്റർനാഷണൽ പ്രയർലെെൻ സമ്മേളനം: അനുഭവങ്ങൾ പങ്കുവച്ച് ഡോ. ബാബു കെ. വർഗീസ്
പി.പി. ചെറിയാൻ
Saturday, March 15, 2025 7:28 AM IST
ഹൂസ്റ്റൺ: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർനാഷണൽ പ്രയർലെെൻ ചൊവാഴ്ച സംഘടിപ്പിച്ച 565-ാമത് സമ്മേളനത്തില്‍ ബൈബിൾ അധ്യാപകൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, ചരിത്രകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ഡോ. ബാബു കെ. വർഗീസ്, ബോംബെ മുഖ്യ സന്ദേശം നല്കി.
ഇന്ത്യയിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെ കുറിച്ച് നേരിട്ടുള്ള തന്റെ ഹൃദയ സ്പർശിയായ അനുഭവങ്ങൾ അദ്ദേഹം സമ്മേളനത്തില്‍ പങ്കുവച്ചു. ജോസഫ് പി. രാജു, പ്രസിഡന്റ് ഗോസ്പൽ മിഷൻ ഓഫ് ഇന്ത്യ, ഡിട്രോയിറ്റ്, മിഷിഗൺ പ്രാരംഭ പ്രാര്‍ഥനയോടെ യോഗം ആരംഭിച്ചു.
എല്ലാവരുടെയും പ്രാർഥനാപൂർവമായ പിന്തുണ ഇന്ത്യയിലും ലോകമെമ്പാടും വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുവർക്ക് നൽകണമെന്നും നമ്മുടെ ഐക്യം, ഐക്യദാർഢ്യം, പ്രതിബദ്ധത എന്നിവ പ്രകടമാക്കുന്നതിനുള്ള അവസരമാണിതെന്നും സ്വാഗതമാശംസിച്ചുകൊണ്ടു ഐപിഎല്‍ കോഓര്‍ഡിനേറ്റര്‍ സി.വി. സാമുവേല്‍ പറഞ്ഞു.
തുടർന്ന് മുഖ്യതിഥി ഡോ. ബാബു വർഗീസിനെ പരിചയപ്പെടുത്തുകയും മുഖ്യസന്ദേശം നല്കുന്നതിനു ക്ഷണിക്കുകയും ചെയ്തു. ഫിലിപ്പ് മാത്യു (ഷാജി), ഡാളസ്, മധ്യസ്ഥ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്കി.
ഐപിഎൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർഥനാ യോഗങ്ങളിൽ നാനൂറിലധികം പേര് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോഓര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു.
സമാപന പ്രാർഥനയും ആശീർവാദവും പാസ്റ്റർ ഡോ. എം.എസ്. സാമുവൽ ന്യൂയോർക്ക് നിർവഹിച്ചു. ഷിബു ജോർജ് ഹൂസ്റ്റൺ, ജോസഫ് ടി. ജോർജ്ജ് (രാജു) ഹൂസ്റ്റൺ എന്നിവർ ടെക്നിക്കൽ കോഓർഡിനേറ്ററായിരുന്നു.