വനിതാദിനാഘോഷം സംഘടിപ്പിച്ച് ഫൊക്കാന ഇന്റർനാഷണൽ വിമൻസ് ഫോറം
Tuesday, March 18, 2025 1:17 PM IST
വാഷിംഗ്ടൺ ഡിസി: ഫൊക്കാന ഇന്റർനാഷനൽ വിമൻസ് ഫോറം അന്തർദേശീയ വനിതാദിനാഘോഷം സംഘടിപ്പിച്ചു. വാഷിംഗ്ടൺ ഡിസിയിലുള്ള സിൽവർ സ്പ്രിംഗ് സൗത്ത് ഏഷ്യൻ സെവൻത്ഡേ അഡ്വന്റിസ്റ്റ് പള്ളിയോട് ചേർന്ന ധീരജ് ഹാളിൽ നടന്ന ചടങ്ങിൽ നിഷ ജോസ് കെ. മാണി മുഖ്യപ്രഭാഷകയും മേരിലാൻഡ് കൗൺസിൽ അംഗം ക്രിസ്റ്റിൻ മിൻകി മുഖ്യാതിഥിയുമായിരുന്നു.
വിമൻസ് ഫോറം ചെയർപഴസൻ ഡോ. നീന ഈപ്പൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സണ്ണി മറ്റമന അധ്യക്ഷനായിരുന്നു. തുടർന്ന് കലാപരിപാടികൾ നടന്നു. ആതിര കലാ ഷാഹി ആയിരുന്നു മാസ്റ്റർ ഓഫ് സെറിമണീസ്. യോഗത്തിൽ അഞ്ജലി പണിക്കർ അമേരിക്കൻ ദേശീയഗാനവും കുട്ടി മേനോനും സംഘവും ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു.

ക്രിസ്റ്റിൻ മിൻകി തന്റെ പ്രസംഗത്തിൽ കുടിയേറ്റ കുടുംബങ്ങളിലെ സ്ത്രീകൾ മുഖ്യധാരയിലേക്കും നേതൃനിരയിലേക്കും വരേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചു. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ ശ്രമിക്കുകയും മറ്റുള്ളവരെ ചേർത്തു പിടിക്കാൻ തയാറാവുകയും വേണമെന്ന് നിഷ ജോസ് പറഞ്ഞു.
നേതൃമികവിനും സാമൂഹ്യ പ്രതിബദ്ധതയ്ക്കുമുള്ള പ്രശംസാഫലകം ഡോ. റീത്താ കല്യാണിക്ക് ഡോ. നീനാ ഈപ്പൻ സമ്മാനിച്ചു.

സ്ത്രീ ശാക്തീകരണം മുഖ്യ വിഷയമായിരുന്ന പാനൽ ചർച്ചയിൽ ഡോളി മാത്യു (മോഡറേറ്റർ), ഏഞ്ചല ജേക്കബ്, ഡോ. ഹലീന ദാനിയേൽ, ബീന പള്ളിവേല, ഡോ. ദയ പ്രസാദ്, സ്റ്റെല്ല വർഗീസ്, പ്രേമ പിള്ള (ലണ്ടൻ), ലിസി വർഗീസ് (ബംഗളൂരു), ഡോ. സുജാത എബ്രഹാം (കേരളം), ദിനി ദാനിയേൽ (കേരളം), ഷൈനി തോമസ് (ന്യൂസിലൻഡ്) എന്നിവർ പങ്കെടുത്തു.
സൂം പ്ലാറ്റ്ഫോമും വിഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങളും ഷാജി ജോൺ ഏകോപിപ്പിച്ചു. യുകെ, ഇന്ത്യ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വനിതകൾ പങ്കെടുത്തു.

ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സണ്ണി മറ്റമന, ജനറൽ സെക്രട്ടറി ഏബ്രഹാം ഈപ്പൻ, വൈസ് പ്രസിഡന്റ് ഷാജി ആലപ്പാട്ട്, അസോസിയേറ്റ് സെക്രട്ടറി റോബർട്ട് അരിച്ചിറ, ഇന്റർനാഷനൽ കോഓർഡിനേറ്റർ ഡോ. കലാ ഷാഹി, അസോസിയേറ്റ് ട്രഷറർ ഷാജി ജോൺ എന്നിവർ പങ്കെടുത്തു.