ആതുര സേവന രംഗത്തെ മികവ്; ആൻസിക്കും മകൾ സ്റ്റേസിക്കും ഡെയ്സി അവാർഡ്
പോൾ ഡി. പനയ്ക്കൽ
Tuesday, March 18, 2025 4:09 PM IST
ന്യൂയോർക്ക്: മികച്ച നഴ്സുമാർക്കുള്ള "ഡെയ്സി' അവാർഡ് കരസ്ഥമാക്കി മലയാളികളായ ആൻസി തോമസും മകൾ സ്റ്റേസി തോമസും. വ്യത്യസ്ത ആശുപത്രികളിൽ ജോലി ചെയ്യുന്ന അമ്മയെയും മകളെയും തേടി ഒരേ ദിവസം അവാർഡ് എത്തിയത് അപൂർവതയായി.
അമ്മ ആൻസി ലോംഗ് ഐലൻഡിലെ പ്ലെയിൻവ്യൂ ആശുപത്രിയിലെ ഓപ്പറേറ്റിംഗ് റൂമിലും മകൾ സയോസെറ്റ് ആശുപത്രിയിലെ ടെലിമെട്രിയിലാണ് ജോലി ചെയ്യുന്നത്. തനിക്ക് അവാർഡ് ലഭിച്ച കാര്യം അറിയിക്കാൻ ഫോൺ ചെയ്തപ്പോഴാണ് മകൾക്കും അവാർഡ് കിട്ടിയ വിവരം ആൻസി അറിയുന്നത്.
രോഗികളിൽ നിന്നും അവരുടെ കുടുംബങ്ങളിൽ നിന്നുമുള്ള നോമിനേഷനുകൾ സ്വീകരിച്ച് അവയിൽ നിന്നാണ് ഡെയ്സി ഫൗണ്ടേഷൻ നൽകുന്ന ഈ അവാർഡിന് നഴ്സുമാരെ തെരഞ്ഞെടുക്കുന്നത്.
സിയാറ്റിലിലെ ഒരു കാൻസർ കെയർ ആശുപത്രിയിൽ തുടങ്ങിയ അവാർഡ് ദാനം ഇപ്പോൾ അമേരിക്കയിലെ നൂറു കണക്കിനു ആശുപത്രികളും നിരവധി രാജ്യങ്ങളിലെ ആശുപത്രികളും തങ്ങളുടെ നഴ്സുമാർക്കും നൽകുന്നുണ്ട്.
രോഗികളുടെ വിഷമാവസ്ഥയിൽ അവർക്ക് സഹായം നൽകുകയും അവരോട് സഹാനുഭൂതിയോടെയുള്ള പെരുമാറുകയും ചെയ്യണം. ഇതെല്ലാം അവരുടെ ആരോഗ്യാവസ്ഥയിൽ വലിയ മാറ്റംവരുത്തുമെന്നും ആൻസിയും സ്റ്റേസിയും ഒരേ സ്വരത്തിൽ പറഞ്ഞു.
സ്റ്റേസി നഴ്സായി ജോലി തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. നഴ്സ് ഇൻഫോർമാറ്റിസിസ്റ്റ് ആകണമെന്നാണ് ലക്ഷ്യം. നോർത്ത്വെൽ ഹെൽത്തിന്റെ "ട്രൂലി അവാർഡ്', "ഫ്ലോറൻസ് നൈറ്റിങ്കേൽ' അവാർഡ് എന്നിവ ആൻസിക്ക് നേരത്തെ ലഭിച്ചിട്ടുണ്ട്.