യുഎസ് ദേശീയ രഹസ്യാന്വേഷണ ഏജൻസി മേധാവി തുളസി ഗബ്ബാർഡ് ഇന്ത്യ സന്ദർശിക്കും
പി.പി ചെറിയാൻ
Saturday, March 15, 2025 6:00 AM IST
ന്യൂയോർക്ക്: യുഎസ് ദേശീയ രഹസ്യാന്വേഷണ ഏജൻസിയുടെ മേധാവിയായ തുളസി ഗബ്ബാർഡ് ഇന്ത്യ സന്ദർശിക്കും. ഹൊണോലുലുവിലെത്തിയ തുളസി ഗബ്ബാർഡ് അടുത്തയാഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന സുരക്ഷാ സമ്മേളനത്തിൽ പങ്കെടുക്കും.
ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥ എന്ന നിലയിൽ ഗബ്ബാർഡിന്റെ രണ്ടാമത്തെ രാജ്യാന്തര യാത്രയാണിത്. ഇത്തവണ ഇന്ത്യയ്ക്ക് പുറമെ ജപ്പാൻ, തായ്ലൻഡ് എന്നീ രാജ്യങ്ങളും തുളസി സന്ദർശിക്കും.
മാർച്ച് 18ന് ന്യൂഡൽഹിയിൽ നടക്കുന്ന റായ്സിന സമ്മേളനത്തോടെ തുളസിയുടെ ഏഷ്യൻ സന്ദർശനം അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുളസിയെ ക്ഷണിച്ചത്. അവിടെ ഇന്ത്യൻ ഉദ്യോഗസ്ഥരുമായും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായും ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
തീവ്രവാദ വിരുദ്ധത, സൈബർ സുരക്ഷ, നിർമിത ബുദ്ധി, ഇന്റലിജൻസ് പങ്കിടൽ എന്നിവയിൽ തന്ത്രപരമായ വിഷയങ്ങളിൽ ഇന്ത്യയുടെ സഹകരണവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യും.