അയർലൻഡിൽ സെന്റ് പാട്രിക് ദിനാഘോഷപരിപാടി വർണാഭമായി
ജെയ്സൺ കിഴക്കയിൽ
Tuesday, March 18, 2025 11:15 AM IST
ഡബ്ലിൻ: അയർലൻഡിൽ വിവിധയിടങ്ങളിൽ നടന്ന സെന്റ് പാട്രിക് ദിനാഘോഷ പരിപാടി വർണാഭമായി. തലസ്ഥാന നഗരമായ ഡബ്ലിനിൽ നടന്ന പരേഡ് വീക്ഷിക്കാൻ അഞ്ചു ലക്ഷത്തിലേറെ പേരെത്തി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള അയായിരത്തോളം പേർ പരേഡിൽ അണിനിരന്നു. ഇന്ത്യൻ സംഘവും പരേഡിൽ പങ്കെടുത്തു. ഏറെ പ്രസന്നമായ കാലാവസ്ഥായിലായിരുന്നു പരേഡ്.

ഡബ്ലിൻ കണ്ടതിൽ വച്ചേറ്റവും വലിയ ജനസാന്നിധ്യമായിരുന്നു ഇത്തവണത്തേത്. ഡബ്ലിൻ പാർനൽ സ്ട്രീറ്റ് നോർത്തിൽ നിന്നും ആരംഭിച്ച പരേഡ് കെവിൻ സ്ട്രീറ്റ് ലോവറിൽ സമാപിച്ചു.
അയർലൻഡിന്റെ മധ്യസ്ഥനായ സെന്റ് പാട്രിക് എഡി 461 മാർച്ച് 17നാണു മരണമടഞ്ഞത്. എല്ലാ വർഷവും അന്നേ ദിവസമാണ് അയർലൻഡിലും ലോകത്തിന്റെ മറ്റിടങ്ങളിലും സെന്റ് പാട്രിക് പരേഡുകൾ നടന്നുവരുന്നത്

രാജ്യത്തിന് പുറത്തു ന്യൂയോർക്ക്, ലണ്ടൻ, ബെൽഫാസ്റ്റ്, മാഞ്ചസ്റ്റർ, ബെർമിംഗ്ഹാം, ഹൂസ്റ്റൺ, ഷിക്കാഗോ, കാനഡ, കാലിഫോർണിയ, ജപ്പാൻ, ബ്രസിൽ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, അർജന്റീന, ദക്ഷിണാഫ്രിക്ക തുടങ്ങിയ ഇടങ്ങളിലും സെന്റ് പാട്രിക് ഡേ പരേഡുകൾ നടന്നുവരുന്നു.
അയർലൻഡിൽ ഡബ്ലിന് പുറമെ കോർക്ക്, ലിംറിക്, ഗാൽവേ, വാട്ടർഫോർഡ്, കിൽക്കെന്നി, ഡെറി, വെക്സ്ഫോർഡ്, സ്ലൈഗോ തുടങ്ങിയ ഇടങ്ങളിലും ആഘോഷപരിപാടികൾ നടന്നു.

ഇതിന്റെ ഭാഗമായി കാർണിവലുകൾ, സംഗീതനിശ, നൃത്തം, നാടകം തുടങ്ങിയവയും അരങ്ങേറി.