നിശാ ക്ലബിൽ തീപിടിത്തം; 59 പേർ മരിച്ചു
Monday, March 17, 2025 10:39 AM IST
സ്കോപ്യെ: തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ നോർത്ത് മാസിഡോണിയയിൽ നിശാ ക്ലബിലുണ്ടായ തീപിടിത്തത്തിൽ 59 പേർ മരിച്ചു. 118 പേർക്കു പരിക്കേറ്റു.
തലസ്ഥാനമായ സ്കോപ്യെയിൽനിന്ന് 100 കിലോമീറ്റർ കിഴക്കുള്ള കൊഷാനി പട്ടണത്തിൽ ശനിയാഴ്ച അർധരാത്രി രണ്ടരയ്ക്കായിരുന്നു സംഭവം. ക്ലബിൽ നടന്ന സംഗീതപരിപാടി ആസ്വദിക്കാനായി 1,500 പേർ തടിച്ചുകൂടിയിരുന്നു.
പരിപാടിക്കിടെ കെട്ടിടത്തിന്റെ മച്ചിൽ തീപിടിക്കുകയായിരുന്നു. അതേസമയം, തീപിടിത്തമുണ്ടായിട്ടും ക്ലബിലുണ്ടായിരുന്നവർ പുറത്തിറങ്ങാൻ കൂട്ടാക്കാതിരുന്നതാണു വൻ ദുരന്തത്തിനിടയാക്കിയത്.
പരിക്കേറ്റവരിൽ 18 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.