താലയിൽ 17ന് സെന്റ് പാട്രിക്സ് ഡേ പരേഡ്
ജെയ്സൺ കിഴക്കയിൽ
Tuesday, March 11, 2025 10:32 AM IST
ഡബ്ലിൻ: താലയിൽ മാർച്ച് 17ന് വിപുലമായ സെന്റ് പാട്രിക് ഡേ പരേഡ് നടക്കും. 2018 മാർച്ചിലാണ് താലയിൽ അവസാനമായി സെന്റ് പാട്രിക്സ് ഡേ പരേഡ് നടന്നത്. പിന്നീടുള്ള വർഷങ്ങളിൽ പലവിധ കാരണങ്ങളാൽ ഈ പരേഡ് മുടങ്ങിക്കിടക്കുകയായിരുന്നു.
എന്നാൽ ഈ വർഷം മുതൽ മുടങ്ങിക്കിടന്ന പരേഡ് പൂർവാധികം ഭംഗിയോടെ തിരിച്ചുവരികയാണ്. താലയിലും പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങൾ വളരെ ആവേശത്തോടും ഉത്സാഹത്തോടും കൂടി ഈ പരേഡിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ മേയർ ബേബി പെരേപാടന്റെ ശ്രമഫലമായാണ് മുടങ്ങി കിടന്ന പരേഡിന് ഇപ്പോൾ ജീവൻ വയ്ക്കുന്നത്. സെന്റ് പാട്രിക് ഡേ ദിനത്തിൽ രാവിലെ 11.30ന് മേയർ ബേബി പെരേപാടൻ ഔദ്യോഗികമായി ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും.
തുടർന്ന് വിവിധതരം സ്ട്രീറ്റ് ഗെയിംസ്, ഫേസ് പെയിന്റിംഗ് എന്നിവ ഉണ്ടാകും.12ന് 5K മാരത്തൻ ഓട്ടം ഓൾഡ് ബ്ലെസിംഗ്ടൺ റോഡിൽ നിന്ന് ആരംഭിച്ച് താലാ സ്റ്റേഡിയത്തിൽ അവസാനിക്കും.1.30ന് ടിയുഡിൽ നിന്നും ആരംഭിക്കുന്ന പരേഡ് താല വില്ലേജ് വഴി സഞ്ചരിച്ച് 2.30ന് ടിയുഡിയിൽ തന്നെ അവസാനിക്കും.
സാംസ്കാരിക സംഘടനയായ മലയാളം, മലയാളീസ് ഇൻ സിറ്റിവെസ്റ്റ്(എംഐസി), വേൾഡ് മലയാളീ ഫെഡറേഷൻ(ഡബ്ല്യുഎംഎഫ്) തുടങ്ങിയ വിവിധ സാംസ്കാരിക സംഘടനകളും താലയിൽ ഈ വർഷം നടക്കുന്ന പരേഡിന്റെ ഭാഗമാകും.
കേരളത്തിന്റെ തനതായ ചെണ്ടമേളവും മുത്തു കുടകളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്തമായ കലാരൂപങ്ങളും പരേഡിനെ വർണാഭമാക്കും.
അയർലൻഡിലെ ഈ ദേശീയ ദിനത്തിൽ ഇന്ത്യൻ കമ്യൂണിറ്റിയുടെ വൻജന പങ്കാളിത്തത്തോടെ ഈ വർഷം താലയിൽ നടക്കുന്ന പരേഡിലേക്ക് എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.